സെർബിയൻ പരിശീലകൻ ഇവാൻ വുക്കോമാനോവിച്ച് വരുന്നു; പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്
Mail This Article
കൊച്ചി∙ സെർബിയയിൽ നിന്നുള്ള ഇവാൻ വുക്കോമാനോവിച്ചിനെ പുതിയ പരിശീലകനായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇവാൻ പരിശീലകനാകുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും വ്യാഴാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. പതിവു പോലെ സമൂഹമാധ്യമത്തിലെ വിഡിയോ വഴിയാണ് സെർബിയൻ പരിശീലകനെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കു മുന്നിലേക്ക് അവതരിപ്പിച്ചത്. ടീമിന്റെ പ്രൊഫഷനൽ സമീപനവും ആരാധകരെയും കണ്ടാണ് ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നതെന്ന് ഇവാൻ പ്രതികരിച്ചു.
കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നതിൽ സന്തോഷം. ക്ലബിനെ സ്നേഹിക്കുന്നവർക്ക് സന്തോഷവും അഭിമാനവും നൽകാൻ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഇവാൻ വ്യക്തമാക്കി. അടുത്ത ആഴ്ചകളിൽ തന്നെ ഇവാൻ ഇന്ത്യയിലെത്തും. പുതിയ കോച്ചിന് കീഴിലാകും ടീമിന്റെ പരിശീലന ക്യാംപ് ആരംഭിക്കുക. പുതിയ വിദേശ താരങ്ങളുടെ സൈനിങ്ങും ഉടനുണ്ടാകും. ബെൽജിയം, സ്ലൊവാക്യ, സൈപ്രസ് എന്നീ രാജ്യങ്ങളിലെ മുൻനിര ക്ലബുകളെ പരിശീലിപ്പിച്ച ശേഷമാണ് ഇവാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്.
15 വര്‍ഷം പ്രൊഫഷനല്‍ ഫുട്‌ബോള്‍ താരമായിരുന്നു ഇവാന്‍ വുക്കോമാനോവിച്ച്. ഫ്രാൻസിലെ എഫ്‌സി ബാര്‍ഡോ, ജര്‍മന്‍ ക്ലബ്ബായ എഫ്‌സി കൊളോണ്‍, ബെല്‍ജിയന്‍ ക്ലബ്ബ് റോയല്‍ ആന്റ്‌വെര്‍പ്, റഷ്യയിലെ ഡൈനാമോ മോസ്‌കോ, സെര്‍ബിയന്‍ ക്ലബ്ബായ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ് എന്നീ ടീമുകള്‍ക്കായി പ്രതിരോധത്തിന് പുറമെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും താരം കളിച്ചു.
കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ ചേര്‍ന്നതിന് ഇവാനെ അഭിനന്ദിക്കുന്നതായി കെബിഎഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് അറിയിച്ചു . മുഖ്യപരിശീലക സ്ഥാനത്തേക്ക് ശരിയായ ഒരാളെ തിരഞ്ഞെടുക്കുന്നത് ഒരു നീണ്ട പ്രക്രിയയായിരുന്നു. ഇവിടെയുള്ള സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ കഴിയുന്ന, വലിയ വെല്ലുവിളിക്കും ഉത്തരവാദിത്തത്തിനും അനുയോജ്യനായ ആളാണ് ഇവാന്‍ എന്ന് കരുതുന്നതായി കരോലിസ് അറിയിച്ചു.
English Summary: Ivan Vukomanovic joins Kerala Blasters FC as the new head coach