തോറ്റിട്ടും വെയ്ൽസ് പ്രീക്വാർട്ടറിൽ; ജയിച്ചിട്ടും സ്വിറ്റ്സർലൻഡ് വെയ്റ്റിങ് !
Mail This Article
റോം ∙ തോറ്റിട്ടും വെയ്ൽസ് പ്രീക്വാർട്ടറിൽ; ജയിച്ചെങ്കിലും സ്വിറ്റ്സർലൻഡ് കാത്തിരിക്കണം. യൂറോ കപ്പ് ഫുട്ബോളിൽ എ ഗ്രൂപ്പിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ അവസ്ഥയിങ്ങനെ. റോമിലെ ഒളിംപിക് സ്റ്റേഡിയത്തിൽ ഇറ്റലിയാണു വെയ്ൽസിനെ 1-0നു തോൽപിച്ചത്. എന്നാൽ, ബകുവിൽ തുർക്കിയെ 3-1നു തോൽപിച്ചിട്ടും സ്വിറ്റ്സർലൻഡിന് ഗോൾ ശരാശരിയിൽ വെയ്ൽസിനെ മറികടക്കാനായില്ല. ഇരുടീമിനും 4 പോയിന്റാണെങ്കിലും വെയ്ൽസിന്റെ ഗോൾ വ്യത്യാസം +1. സ്വിറ്റ്സർലൻഡിന്റേത് -1. ഗ്രൂപ്പിൽ നിന്ന് ഇറ്റലി നേരത്തേ യോഗ്യത നേടിയിരുന്നു. എല്ലാ ഗ്രൂപ്പിലെയും മികച്ച 4 മൂന്നാം സ്ഥാനക്കാർക്കു കൂടി പ്രീക്വാർട്ടറിലെത്താം എന്നതിനാൽ സ്വിറ്റ്സർലൻഡിന് ഇനിയും സാധ്യത ശേഷിക്കുന്നുണ്ട്.
റോമിൽ 39-ാം മിനിറ്റിൽ മാറ്റിയോ പെസിന നേടിയ ഗോളിലാണ് ഇറ്റലി തുടരെ മൂന്നാം ജയം കുറിച്ചത്. 3 കളികളിലായി 7 ഗോളുകൾ അടിച്ച അവർ ഒരു ഗോൾ പോലും വഴങ്ങിയില്ല. 55-ാം മിനിറ്റിൽ ചുവപ്പു കാർഡ് കണ്ട് ഡിഫൻഡർ ഏതൻ അംപാഡു പുറത്തു പോവുകയും ചെയ്തതോടെ 10 പേരായി ചുരുങ്ങിയ വെയ്ൽസ് വലിയ തോൽവിയിൽ നിന്ന് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച അന്തരിച്ച യുവന്റസ് ക്ലബ്ബിന്റെ ഇതിഹാസതാരം ഗിയാംപിയെറോ ബോണിപെർട്ടിയോടുള്ള ആദരസൂചകമായി കറുത്ത ബാൻഡ് അണിഞ്ഞാണ് ഇറ്റാലിയൻ കളിക്കാർ ഇറങ്ങിയത്.
ബകുവിൽ ഹാരിസ് സെഫറോവിച്ച് (6), ജെർദാൻ ഷക്കീരി (26,68) എന്നിവരുടെ ഗോളിലാണ് സ്വിറ്റ്സർലൻഡിന്റെ ജയം. 62-ാം മിനിറ്റിൽ ഇർഫാൻ കാഹ്‌വെസി തുർക്കിക്കായി ഒരു ഗോൾ മടക്കി. തുർക്കി നേരത്തേ തന്നെ പുറത്തായിരുന്നു.
∙ പരാജയമറിയാതെ ഇറ്റലി
രാജ്യാന്തര ഫുട്ബോളിൽ പരാജയമറിയാതെ ഇറ്റലി 30 മത്സരങ്ങൾ പൂർത്തിയാക്കി. 1935-39 കാലഘട്ടത്തിലെ ഇറ്റാലിയൻ ടീം കുറിച്ച റെക്കോർഡിനൊപ്പമെത്തി. ഒരു ഗോൾ പോലും വഴങ്ങാതെ 1000 മിനിറ്റുകൾ എന്ന നേട്ടവും വെയ്ൽസിനെതിരായ കളിയിലൂടെ ഇറ്റലി സ്വന്തമാക്കി.
English Summary: EURO 2020: Wales vs Italy