വെയ്ൽസിനെ നോക്കൗട്ടിൽ എത്തിച്ചത് ഇറ്റലി ‘അടിക്കാതെ പോയ’ ഗോളുകൾ!
Mail This Article
റോം ∙ യൂറോ കപ്പ് ഗ്രൂപ്പ് എയിൽനിന്ന് വെയ്ൽസ് പ്രീ ക്വാർട്ടറിലെത്താൻ കാരണം അവർ അടിച്ച ഗോളുകളല്ല അത്. ഇറ്റലി അടിക്കാതെ പോയ ഗോളുകളാണ്! തുർക്കിക്കും സ്വിറ്റ്സർലൻഡിനും 3 ഗോളുകൾ വീതം കൊടുത്ത ഇറ്റലി വെയ്ൽസിനോട് കുറച്ചു കാരുണ്യം കാണിച്ചു. ഒരു ഗോൾ മാത്രം അടിച്ച് അവരെ തോൽപിച്ചു. ഫലം- തുർക്കിയോടു 3-1നു ജയിച്ചെങ്കിലും സ്വിറ്റ്സർലൻഡിന് ഗോൾ ശരാശരിയിൽ വെയ്ൽസിനെ മറികടക്കാനായില്ല.
ഇരുടീമിനും 4 പോയിന്റാണെങ്കിലും വെയ്ൽസിന്റെ ഗോൾ വ്യത്യാസം +1. സ്വിറ്റ്സർലൻഡിന്റേത് -1. ഗ്രൂപ്പിൽ നിന്ന് ഇറ്റലി നേരത്തേ യോഗ്യത നേടിയിരുന്നു. എല്ലാ ഗ്രൂപ്പിലെയും മികച്ച 4 മൂന്നാം സ്ഥാനക്കാർക്കു കൂടി പ്രീ ക്വാർട്ടറിലെത്താം എന്നതിനാൽ സ്വിറ്റ്സർലൻഡിന് ഇനിയും സാധ്യത ശേഷിക്കുന്നുണ്ടെന്നു മാത്രം.
റോമിലെ ഒളിംപിക് സ്റ്റേഡിയത്തിൽ 39-ാം മിനിറ്റിൽ മാറ്റിയോ പെസിന നേടിയ ഗോളിലാണ് ഇറ്റലി തുടർച്ചയായ മൂന്നാം ജയം കുറിച്ചത്. 55-ാം മിനിറ്റിൽ ചുവപ്പു കാർഡ് കണ്ട് ഡിഫൻഡർ ഏതൻ അംപാഡു പുറത്തു പോവുകയും ചെയ്തതോടെ 10 പേരായി ചുരുങ്ങിയ വെയ്ൽസ് വലിയ തോൽവിയിൽനിന്നു ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. 76-ാം മിനിറ്റിൽ സമനില ഗോൾ നേടാൻ വെയ്ൽസിന് അവസരം കിട്ടിയെങ്കിലും ഗാരെത് ബെയ്‌ലിന്റെ വോളി ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ഗോളായിരുന്നെങ്കിൽ ഇറ്റലിയുടെ 10 മത്സരങ്ങളും 1000 മിനിറ്റുകളും നീണ്ട ക്ലീൻഷീറ്റ് റെക്കോർഡും അതോടെ അവസാനിച്ചേനെ.
അസർബൈജാനിലെ ബകുവിൽ ഹാരിസ് സെഫറോവിച്ച് (6), ജെർദാൻ ഷക്കീരി (26,68) എന്നിവരുടെ ഗോളുകളിലാണ് സ്വിറ്റ്സർലൻഡിന്റെ ജയം. 62-ാം മിനിറ്റിൽ ഇർഫാൻ കാഹ്‌വെസി തുർക്കിക്കായി ഒരു ഗോൾ മടക്കിയതോടെ ഗോൾശരാശരിയിൽ വെയ്ൽസിനെ മറികടക്കുകയെന്നത് അവർക്കു ദുഷ്ക്കരമായി. എങ്കിലും 4 പോയിന്റുള്ളതിനാൽ വ്ലാദിമിർ പെറ്റ്കോവിച്ചിന്റെ ടീം നോക്കൗട്ടിലെത്താൻ സാധ്യത സജീവമാണ്. തുർക്കി നേരത്തേ തന്നെ പുറത്തായിരുന്നു. 3 കളികളിലായി 8 ഗോളുകൾ വഴങ്ങിയ അവർ അടിച്ചത് ഒരേയൊരു ഗോൾ മാത്രം!
English Summary: Wales enters Euro Cup pre quarter