മൂന്നാം വിജയവുമായി ബൽജിയം കുതിപ്പ്; ‘എറിക്സന്റെ’ ഡെന്മാർക്കും പ്രീക്വാർട്ടറിൽ
Mail This Article
കോപ്പൻഹേഗൻ ∙ പ്രീക്വാർട്ടർ പ്രതീക്ഷയുടെ കയ്യാലപ്പുറത്തായിരുന്നു കളി തുടങ്ങുമ്പോൾ ഡെന്മാർക്ക്. പക്ഷേ, റഷ്യയെ 4–1ന് ആധികാരികമായി കീഴടക്കി ഡാനിഷ് ടീം യൂറോ കപ്പ് പ്രീക്വാർട്ടറിലെത്തി. ഗ്രൂപ്പ് ബിയിലെ ആദ്യ 2 കളിയും തോറ്റ ഡെന്മാർക്കിനെ രക്ഷപ്പെടുത്തിയതു റഷ്യയ്ക്കെതിരായ 4 ഗോൾ ജയം മാത്രമല്ല, ഒരേ സമയത്തു നടന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബൽജിയത്തിന്റെ വിജയം കൂടിയാണ്.
ബൽജിയം 2–0ന് ഫിൻലൻഡിനെ തോൽപിച്ച് മൂന്നിൽ മൂന്നു വിജയവുമായി ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറിലെത്തി. ഗ്രൂപ്പിലെ ശേഷിച്ച ടീമുകളായ റഷ്യ, ഫിൻലൻഡ്, ഡെന്മാർക്ക് ടീമുകൾക്കു 3 പോയിന്റ് വീതം. മികച്ച ഗോൾവ്യത്യാസത്തിൽ 2–ാം സ്ഥാനക്കാരായി ഡെന്മാർക്കും നോക്കൗട്ടിലെത്തി. 26ന് ആംസ്റ്റർഡാമിൽ നടക്കുന്ന പ്രീക്വാർട്ടറിൽ ഡെന്മാർക്ക് വെയ്ൽസിനെ നേരിടും.
മുഴുവൻ സമയത്തും ഫിൻലൻഡിന്റെ ഗോൾമുഖത്തായിരുന്ന കളിയിൽ ആദ്യപകുതിയിൽ നേടാൻ കഴിയാതെ അരഡസൻ ഗോളവസരങ്ങളുടെ കേടുതീർത്താണ് ബൽജിയം രണ്ടാം പകുതിയിൽ 2 ഗോളുകൾ നേടിയത്. 74–ാം മിനിറ്റിൽ ഫിൻലൻഡ് ഗോളി ലൂക്കാസ് ഹ്രാഡെക്കിയുടെ കയ്യിൽ തട്ടി അകത്തുകയറിയ സെൽഫ് ഗോളിലായിരുന്നു തുടക്കം.
ഏഴു മിനിറ്റിനകം റൊമേലു ലുക്കാകുവിലൂടെ ബൽജിയം 2–ാം ഗോളും നേടി. മികച്ച 3–ാം സ്ഥാനക്കാരുടെ കൂട്ടത്തിൽ നോക്കൗട്ടിലെത്തുമോ എന്നറിയാൻ ഫിൻലൻഡ് ശേഷിക്കുന്ന മത്സരങ്ങൾ കൂടി കഴിയാൻ കാത്തിരിക്കണം.
English Summary: Euro cup football - Belgium vs Finland match