ആ‘ഗോളം’ കീഴടക്കാൻ ക്രിസ്റ്റ്യാനോ; ബൽജിയത്തിനെതിരെ ഗോളടിച്ചാൽ റെക്കോർഡ്!
Mail This Article
പോർച്ചുഗീസ് പര്യവേക്ഷകനായ ഫെർഡിനാൻഡ് മഗല്ലൻ 1519ൽ തന്റെ പായ്‌വഞ്ചിയിൽ സമുദ്രപര്യടനം തുടങ്ങിയതു സ്പെയിനിലെ സെവിയ്യ തുറമുഖത്തു നിന്നാണ്. അഞ്ഞൂറു വർഷങ്ങൾക്കു ശേഷമിതാ മറ്റൊരു പോർച്ചുഗീസുകാരൻ, ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകഫുട്ബോളിലെ ഏറ്റവും ഉജ്വലമായ റെക്കോർഡുകളിലൊന്ന് സ്വന്തം പേരിലെഴുതാൻ ഇന്നു സെവിയ്യയിലെ ലാ കാർറ്റുഹ സ്റ്റേഡിയത്തിലിറങ്ങുന്നു. മഗല്ലന്റെ സമുദ്രസഞ്ചാരം ഭൂമി ഒരു ഗോളമാണെന്നു തെളിയിച്ചെങ്കിൽ യൂറോ കപ്പിൽ ഇന്നു ബൽജിയത്തിനെതിരെ ഗോളടിച്ചാൽ ക്രിസ്റ്റ്യാനോ ഭൂമിയിലെ ഏറ്റവും സുന്ദരമായ ഗോളസൃഷ്ടിയായ ഫുട്ബോളിന്റെ രാജാവാകും!
രാജ്യാന്തര പുരുഷ ഫുട്ബോളിൽ 109 ഗോളുകളുമായി ഇറാൻ താരം അലി ദേയിക്ക് ഒപ്പം നിൽക്കുകയാണ് ക്രിസ്റ്റ്യാനോ ഇപ്പോൾ. റെക്കോർഡ് ഒറ്റയ്ക്കു സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോയ്ക്ക് ഇതിലും മികച്ചൊരു അവസരമില്ല. കാരണം, യൂറോ കപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ എതിരാളികൾ ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ബൽജിയമാണ്. ഇന്നു ക്രിസ്റ്റ്യാനോ ഗോളടിക്കുകയും പോർച്ചുഗൽ ജയിക്കുകയും ചെയ്താൽ കിരീടത്തിലേക്ക് അതിൽപരം ഇന്ധനം വേറെയില്ല. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.
∙ ബൽജിയം എന്നാ സുമ്മാവാ...
ലോകമെങ്ങുമുള്ള ആരാധകർ ക്രിസ്റ്റ്യാനോയുടെ ചരിത്രനിമിഷത്തിനു വേണ്ടി കാത്തിരിക്കുമ്പോൾ ബൽജിയം ആരാധകർ ഒന്നടങ്കം തങ്ങളുടെ സുവർണതലമുറയുടെ വിജയത്തിനു വേണ്ടി പ്രാർഥിക്കുകയാവും. ഒരു മേജർ കിരീടത്തിനായുള്ള അവരുടെ കാത്തിരിപ്പിന് എത്ര കാലമാകുന്നു! നന്നായി തുടങ്ങി വഴിമധ്യേ വീണു പോകുന്നതാണ് ഇതുവരെയുള്ള പതിവ്. ബി ഗ്രൂപ്പിൽ മൂന്നിൽ 3 മത്സരങ്ങളും ജയിച്ചാണ് ബൽജിയം നോക്കൗട്ടിലേക്കു മുന്നേറിയത്.
ക്രിസ്റ്റ്യാനോയുടെ അത്ര പ്രഭാവമുള്ള സൂപ്പർ താരമില്ലെങ്കിലും ടീം ഒന്നാകെയെടുത്താൽ ബൽജിയം പോർച്ചുഗലിനു മുകളിൽ നിൽക്കും. യൂറോയിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ-സ്ട്രൈക്കർ കൂട്ടുകെട്ട്, കെവിൻ ഡിബ്രൂയ്നെ- റൊമേലു ലുക്കാകു അവർക്കു സ്വന്തം. കോച്ച് റോബർട്ടോ മാർട്ടിനെസിനു കീഴിൽ കഴിഞ്ഞ 58 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ബൽജിയം ഗോളടിക്കാതെ പോയത്. ഒന്ന് 2018 ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസിനെതിരെ. അതിനു മുൻപ് ഒരു സൗഹൃദ മത്സരത്തിൽ പോർച്ചുഗലിനെതിരെ തന്നെ!
∙ ‘ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ റൊണാൾഡോയ്ക്കെതിരെ കളിക്കാൻ കഴിഞ്ഞത് എന്റെ കളി മെച്ചപ്പെടാൻ സഹായിച്ചിട്ടുണ്ട്. റൊണാൾഡോയുടെ ഡ്രിബ്‌ളിങ് ശൈലി ഇഷ്ടമാണ്. റൊണാൾഡോയുടെ പ്രകടനം ലീഗിലെ എല്ലാവർക്കും പ്രചോദനം നൽകുന്നതാണ്.’ – റൊമേലു ലുക്കാകു (ബൽജിയൻ സ്ട്രൈക്കർ)
∙ മുന്നിൽ ആളുണ്ട്...!
പുരുഷ ഫുട്ബോളിലെ ടോപ് സ്കോറർമാർ ക്രിസ്റ്റ്യാനോ റൊണാൾഡോയും അലി ദേയിയുമാണെങ്കിൽ (109 ഗോളുകൾ) വനിതാ ഫുട്ബോൾ കൂടി കണക്കിലെടുത്താൽ ഒന്നാം സ്ഥാനത്തു കനേഡിയൻ താരം ക്രിസ്റ്റീൻ സിൻക്ലെയർ ആണ്. 186 ഗോളുകളാണ് ഇപ്പോഴും ഫുട്ബോളിൽ സജീവമായ മുപ്പത്തിയെട്ടുകാരി സിൻക്ലെയർ നേടിയത്. രാജ്യാന്തര ഫുട്ബോളിൽ കൂടുതൽ മത്സരങ്ങൾ കളിച്ച താരവും സിൻക്ലെയർ തന്നെ- 299.
ആബി വാംബാച്ച് (യുഎസ്-184), മിയ ഹാം (യുഎസ്-158), ക്രിസ്റ്റീൻ ലില്ലി (യുഎസ്-130), ബ്രിജിറ്റ് പ്രിൻസ് (ജർമനി-128), കാർലി ലോയ്ഡ് (യുഎസ്-125), ജൂലി ഫ്ലീറ്റിങ് (സ്കോട്ട്‌ലൻഡ്-116), അലക്സ് മോർഗൻ (യുഎസ്-110) എന്നീ വനിതാ ഫുട്ബോളർമാരും ക്രിസ്റ്റ്യാനോയ്ക്കും അലി ദേയിക്കും മുന്നിലുണ്ട്.
Content Highlights: UEFA EURO 2020, Cristiano Ronaldo, Portugal, Belgium