ADVERTISEMENT

ആംസ്റ്റർഡാം/ലണ്ടൻ ∙ കിക്കോഫിനു മുൻപ്, ക്രിസ്റ്റ്യൻ എറിക്സന്റെ പേരെഴുതിയ ജഴ്സി സമ്മാനിച്ച് വെയ്ൽസ് ഡെൻമാർക്കിനോടു സാഹോദര്യം കാണിച്ചെങ്കിലും കളിയിൽ ഡെൻമാർക്ക് ആ സ്നേഹം തരിമ്പും തിരിച്ചു കൊടുത്തില്ല. യുറോ കപ്പ് ഫുട്ബോൾ പ്രീ ക്വാർട്ടർ ഫൈനലിൽ വെയ്ൽസിനെ അവർ‌ തകർത്തത് 4-0ന്. ഫ്രഞ്ച് ക്ലബ് നീസിന്റെ താരം കാസ്പർ ഡോൾബെർഗ് (27,48) ഡെൻമാർക്കിനായി ഇരട്ടഗോൾ നേടി. ഇറ്റാലിയൻ ക്ലബ് അറ്റലാന്റയുടെ ജോവാകിം മെയ്‌ലെ (88), സ്പാനിഷ് ക്ലബ് ബാർസിലോനയുടെ മാർട്ടിൻ ബ്രാത്‌വെയ്റ്റ് (90+4) എന്നിവരും ലക്ഷ്യം കണ്ടു.

∙ നാലടിച്ച് ഡെൻമാർക്ക്

കളിയിൽ ആദ്യ അവസരം കിട്ടിയതു വെയ്ൽസ് സൂപ്പർ താരം ഗാരെത് ബെയ്‌ലിനാണെങ്കിലും ആദ്യം ഗോളടിച്ചത് ഡെൻമാർക്ക്. 10-ാം മിനിറ്റിൽ ബെയ്‌ലിന്റെ ഷോട്ട് ക്രോസ് ബാറിനു പുറത്തേക്കു പോയി. 27-ാം മിനിറ്റിൽ ഡോൾബെർഗിന്റെ ബോക്സിനു പുറത്തു നിന്നുള്ള ഷോട്ട് ഗോളിലേക്കു വളഞ്ഞു കയറി. ലീഡ് നേടിയ ശേഷം ആവേശം കൂടിയ ഡെൻമാർക്കിനു മുന്നിൽ വെയ്ൽസ് കാഴ്ചക്കാരായി.

ആദ്യപകുതിയിൽ അവർ ചെറുത്തു നിന്നെങ്കിലും 2-ാം പകുതിയുടെ തുടക്കത്തിൽത്തന്നെ തകർന്നു. 48-ാം മിനിറ്റിൽ നെകോ വില്യംസിന്റെ മോശം ക്ലിയറൻസ് മുതലെടുത്ത് ഡോൾബെർഗ് വീണ്ടും ഗോളിലേക്കു നിറയൊഴിച്ചു. കളിയുടെ അവസാന നിമിഷങ്ങൾ വെയ്‌‌ൽസിനു വീണ്ടും നഷ്ടങ്ങളുടേതായി.

88-ാം മിനിറ്റിൽ മെയ്‌ലെ‌യുടെ ഗോൾ, 90-ാം മിനിറ്റിൽ ചുവപ്പു കാർഡ് കണ്ട് ഹാരി വിൽസൺ പുറത്ത്, ഇൻജറി ടൈമിൽ അവസാനത്തെ അടിയായി ബ്രാത്‌വെയ്റ്റിന്റെ ഗോളും! വെയ്‌ൽസിനൊപ്പം ഗാരെത് ബെയ്‌ലും യൂറോയ്ക്കു പുറത്ത്. 

English Summary: Euro cup football - Denmark vs Wales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com