കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ മുതൽ; ബ്രസീൽ X ചിലെ
Mail This Article
റിയോ ഡി ജനീറോ ∙ യൂറോയുടെ ആവേശത്തിൽ മുങ്ങിപ്പോയ കോപ്പയെ വീണ്ടെടുക്കാൻ ഇനി ഒരു മത്സരത്തിനു മാത്രമേ കഴിയൂ. ബ്രസീൽ-അർജന്റീന ഫൈനലിന്. രണ്ടിലൊരു ടീം അതിനു മുൻപേ മടങ്ങിയാൽ അതു സംഘാടകർക്കും ആരാധകർക്കും ഒരുപോലെ സങ്കടമാകും. ഫൈനലിലേക്കുള്ള യാത്രയിൽ ബ്രസീലും അർജന്റീനയും ആദ്യ നോക്കൗട്ട് മത്സരത്തിനിറങ്ങുന്നു.
ക്വാർട്ടർ ഫൈനലിൽ നാളെ പുലർച്ചെ ബ്രസീലിന്റെ എതിരാളികൾ ചിലെ. ഞായറാഴ്ച പുലർച്ചെ അർജന്റീന ഇക്വഡോറിനെ നേരിടുന്നു. പെറു-പാരഗ്വായ്, യുറഗ്വായ്-കൊളംബിയ എന്നിവയാണ് മറ്റു ക്വാർട്ടർ ഫൈനലുകൾ. നിശ്ചിത സമയത്ത് കളി സമനിലയായാൽ എക്സ്ട്രാ ടൈം ഇല്ല. കളി നേരേ പെനൽറ്റി ഷൂട്ടൗട്ടിലേക്ക്.
പെറു X പാരഗ്വായ്
ആദ്യ കളിയിൽ ബ്രസീലിനോട് 0-4നു തോറ്റ പെറു പിന്നീടു 2 ജയവും ഒരു സമനിലയും നേടിയാണ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. പാരഗ്വായ് പക്ഷേ ചിലെയെ വരെ തോൽപിച്ചു. അർജന്റീനയോടും യുറഗ്വായോടും കീഴടങ്ങിയത് ഒറ്റഗോളിന്. ഇറ്റലിയിൽ ജനിച്ച സ്ട്രൈക്കർ ജിയാൻലൂക്ക ലപാദുലയും അപകടകാരിയായ ആന്ദ്രെ കാരില്ലോയും ചേർന്ന കൂട്ടുകെട്ടിൽ പെറു പ്രതീക്ഷയർപ്പിക്കുന്നു. പരുക്കേറ്റ മിഗ്വേൽ അൽമിറോണിന്റെ അസാന്നിധ്യം പാരഗ്വായ്ക്കു തിരിച്ചടിയാണ്.
ബ്രസീൽ X ചിലെ
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ എല്ലാ കളിയും ജയിച്ചു മുന്നേറുന്ന ബ്രസീൽ കോപ്പയിലും ആ റെക്കോർഡ് കാത്തു സൂക്ഷിക്കേണ്ടതായിരുന്നു. പക്ഷേ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നെയ്മറിനും തിയാഗോ സിൽവയ്ക്കും ഗബ്രിയേൽ ജിസ്യൂസിനുമെല്ലാം വിശ്രമം നൽകിയപ്പോൾ ഇക്വഡോറിനെതിരെ സമനില വഴങ്ങേണ്ടി വന്നു. 3 പേരും ചിലെയ്ക്കെതിരെ തിരിച്ചെത്തും. ചിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു കളി മാത്രമാണു ജയിച്ചത്. പക്ഷേ, സൂപ്പർ താരം അലക്സിസ് സാഞ്ചെസ് തിരിച്ചെത്തുന്നത് അവരുടെയും കരുത്തു കൂട്ടും.
നാളെ
പുലർച്ചെ 2.30:
പെറു – പാരഗ്വായ്
പുലർച്ചെ 5.30:
ബ്രസീൽ – ചിലെ
ജൂലൈ 4
പുലർച്ചെ 3.30:
യുറഗ്വായ് – കൊളംബിയ
രാവിലെ 6.30:
അർജന്റീന – ഇക്വഡോർ
English Summary: Copa America quarter finals schedule