2–ാം പകുതിയിൽ 10 പേരുമായി പൊരുതി ചിലെയെ വീഴ്ത്തി; ബ്രസീൽ സെമിയിൽ- വിഡിയോ
Mail This Article
റിയോ ഡി ജനീറോ∙ രണ്ടാം പകുതി ഏറെക്കുറെ പൂർണമായും പത്തു പേരുമായി കളിച്ചിട്ടും ചിലെയെ വീഴ്ത്തി ആതിഥേയരായ ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബോളിന്റെ സെമിഫൈനലിൽ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ ചിലെയെ വീഴ്ത്തിയത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് പക്വേറ്റയാണ് 46–ാം മിനിറ്റിൽ ബ്രസീലിന്റെ വിജയഗോൾ നേടിയത്. ഇതിനു തൊട്ടുപിന്നാലെ 48–ാം മിനിറ്റിൽ ഗബ്രിയേൽ ജെസ്യൂസ് ചിലെ താരം യൂജീനിയോ മേനയ്‌ക്കെതിരായ കാടൻ ഫൗളിന് ഡയറക്ട് ചുവപ്പുകാർഡ് കണ്ടതോടെയാണ് ബ്രസീൽ 10 പേരിലേക്കു ചുരുങ്ങിയത്.
ഇന്നു പുലർച്ചെ നടന്ന ആദ്യ മത്സരത്തിൽ പാരഗ്വായെ തോൽപ്പിച്ചെത്തുന്ന പെറുവാണ് സെമിയിൽ ബ്രസീലിന്റെ എതിരാളികൾ. ആവേശം വാനോളമുയർന്ന മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് പെറു പാരഗ്വായെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. ഷൂട്ടൗട്ടിൽ 4–3നാണ് പെറു പാരഗ്വായെ മറികടന്നത്. ഇരു ടീമുകളിലെയും ഓരോ താരങ്ങൾ ചുവപ്പുകാർഡ് പുറത്തുപോയതിനാൽ 10 പേരുമായാണ് ഇവർ മത്സരം പൂർത്തിയാക്കിയത്.
ആദ്യപകുതിയിൽ ലക്ഷ്യം കാണുന്നതിൽ പിഴച്ച ബ്രസീലിന്, രണ്ടാം പകുതിയിൽ പരിശീലകൻ ടിറ്റെ വരുത്തിയ മാറ്റമാണ് വിജയത്തിലേക്ക് വാതിൽ തുറന്നത്. ആദ്യ പകുതിയിൽ മങ്ങിക്കളിച്ച റോബർട്ടോ ഫിർമിനോയെ മാറ്റി രണ്ടാം പകുതിയിൽ ടിറ്റെ ലൂക്കാസ് പക്വേറ്റയെ കളത്തിലിറക്കി. ആദ്യ മിനിറ്റിൽത്തന്നെ മത്സരഫലം നിർണയിച്ച ഗോളുമായി പക്വേറ്റ കരുത്തു കാട്ടുകയും ചെയ്തു.
ഫ്രെഡ് – കാസമീറോ വഴി ചിലെ ബോക്സിനുള്ളിൽ ലഭിച്ച പന്ത് നെയ്മറിന് കൈമാറി മുന്നോട്ടു കയറാൻ പക്വേറ്റയുടെ ശ്രമം. പക്വേറ്റയിൽനിന്ന് ലഭിച്ച പന്ത് പിൻകാലു കൊണ്ട് പക്വേറ്റയ്ക്ക് തന്നെ നെയ്മർ തിരികെ നൽകിയെങ്കിലും പന്ത് ക്ലിയർ ചെയ്യാൻ ചിലെ താരം സെബാസ്റ്റ്യൻ ഇഗ്നാസിയോ വേഗാസിന്റെ വിഫല ശ്രമം. ചിലെ ഗോൾകീപ്പർ ക്ലോഡിയോ ബ്രാവോയുടെ മുന്നിലായി വീണ പന്തിലേക്ക് തക്കം പാർത്തുനിന്ന പക്വേറ്റ ചാടിവീണു. ചിലെ പ്രതിരോധം തടയാനെത്തുമ്പോഴേയ്ക്കും പക്വേറ്റയുടെ ഹാഫ് വോളി വലയിൽ. സ്കോർ 1–0.
ബ്രസീലിന്റെ ഗോളാഘോഷത്തിന്റെ സകല ആഹ്ലാദവും തല്ലിക്കെടുത്തി രണ്ടു മിനിറ്റിനുള്ളിൽ ഗബ്രിയേൽ ജെസ്യൂസ് ചുവപ്പുകാർഡ് കണ്ടു. മധ്യവരയ്ക്കു സമീപം ആളൊഴിഞ്ഞുനിന്ന് പന്ത് സ്വീകരിക്കാനുള്ള ചിലെ താരം യൂജീനിയോ മേനയുടെ ശ്രമത്തിനിടെ, പന്തിൽ മാത്രം ശ്രദ്ധിച്ച് ഓടിയെത്തിയ ജെസ്യൂസിന്റെ ‘കടന്നുകയറ്റം’. മേനയുടെ മുഖത്തിനു നേരെ ബൂട്ടുമായി ചാടിവീണ ജെസ്യൂസിന്റെ അപകടകരമായ നീക്കം അവസാനിച്ചത് റഫറി പുറത്തെടുത്ത ഡയറക്ട് ചുവപ്പുകാർഡിൽ.
ഇതോടെ രണ്ടാം പകുതി പൂർണമായും 10 പേരുമായി പൊരുതി നിൽക്കേണ്ട ഗതികേടിലായി ബ്രസീൽ. ആളു കുറഞ്ഞതോടെ ബ്രസീൽ പരിശീലകൻ ടിറ്റെ നെയ്മറിനെ ഏക സ്ട്രൈക്കറാക്കി 4–4–1 ശൈലിയിലേക്ക് കളി മാറ്റി. ഇതോടെ ബ്രസീൽ താരങ്ങൾ ഏറെക്കുറെ പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞപ്പോൾ ചിലെ ഒന്നിനു പിറകെ ഒന്നായി ആക്രമണങ്ങൾ സംഘടിപ്പിച്ചു. എന്നാൽ ബ്രസീലിന്റെ പ്രതിരോധം പിളർത്തുന്നതിൽ പരാജയപ്പെട്ടത് അവർക്ക് തിരിച്ചടിയായി. പോസ്റ്റിനു മുന്നിൽ ഗോൾകീപ്പർ എഡേഴ്സന്റെ തകർപ്പൻ ഫോമും ബ്രസീലിന് തുണയായി. അലക്സിസ് സാഞ്ചസിനു പകരമെത്തിയ ബ്രറട്ടന്റെ ഒരു ഹെഡർ ക്രോസ് ബാറിൽത്തട്ടി തെറിച്ചത് ചിലെയ്ക്ക് നിർഭാഗ്യമായി.
English Summary: Brazil vs Chile Updates COPA AMERICA 2021, Live