ADVERTISEMENT

റിയോ ഡി ജനീറോ∙ രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച് പെറു ഉയർത്തിയ വെല്ലുവിളി മറികടന്ന് ആതിഥേയരും നിലവിലെ ചാംപ്യൻമാരുമായ ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ. ആദ്യ പകുതിയിൽ ലൂക്കാസ് പക്വേറ്റ നേടിയ ഏക ഗോളിലാണ് ബ്രസീൽ പെറുവിനെ വീഴ്ത്തിയത്. സൂപ്പർതാരം നെയ്മറിന്റെ പാസിൽനിന്ന് 35–ാം മിനിറ്റിലാണ് പക്വേറ്റ ഗോൾ നേടിയത്. ക്വാർട്ടർ ഫൈനലിലും പക്വേറ്റ നേടിയ ഏക ഗോളിലാണ് ബ്രസീൽ ചിലെയെ മറികടന്നത്.

ഞായറാഴ്ച പുലർച്ചെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ അർജന്റീന–കൊളംബിയ രണ്ടാം സെമി ഫൈനൽ വിജയികളാണ് ബ്രസീലിന്റെ എതിരാളികൾ. നാളെ രാവിലെ 6.30നാണ് അർജന്റീന – കൊളംബിയ സെമി പോരാട്ടം. പത്താം കോപ്പ അമേരിക്ക കിരീടം തേടിയാകും ബ്രസീൽ ഞായറാഴ്ച കളത്തിലിറങ്ങുക.

ആദ്യ പകുതിയിൽ അമിതമായി പ്രതിരോധത്തിലേക്കു വലിഞ്ഞു കളിച്ച പെറുവിനെതിരെ പലതവണ ബ്രസീൽ ഗോളിനടുത്തെത്തിയതാണ്. എന്നാൽ, പെറു ഗോൾകീപ്പർ പെഡ്രോ ഗാലസിന്റെ തകർപ്പൻ ഫോമും സേവുകളും അവർക്ക് രക്ഷയായി. നെയ്മർ, റിച്ചാർലിസൻ എന്നിവരുടെ ഗോൾശ്രമങ്ങൾ ഗാലസ് നിർവീര്യമാക്കി. ഉറച്ച പ്രതിരോധവുമായി കളംപിടിച്ച പെറുവിനെ ഞെട്ടിച്ച് 35–ാം മിനിറ്റിലാണ് ബ്രസീൽ ഗോൾ നേടിയത്. മധ്യവരയ്ക്കു സമീപത്തുനിന്ന് റിച്ചാർലിസൻ ഇടതുവിങ്ങിൽ നെയ്മറിനു നീട്ടി നൽകിയ പന്തിൽനിന്നാണ് ഗോളിലേക്കുള്ള മുന്നേറ്റം ചൂടുപിടിച്ചത്.

പന്തുമായി കുതിച്ചോടിയ നെയ്മർ പെറു ബോക്സിൽ കടക്കുമ്പോൾ മൂന്ന് പെറു ഡിഫൻഡർമാരാണ് കൂട്ടത്തോടെ പ്രതിരോധിക്കാനെത്തിയത്. മൂവർ സംഘത്തെ വിദഗ്ധമായി വെട്ടിയൊഴിഞ്ഞ് നെയ്മർ നൽകിയ പാസ് പെറു ബോക്സിന്റെ മധ്യത്തിൽ ലൂക്കാസ് പക്വേറ്റയിലേക്ക്. ഒരു നിമിഷം പോലും പാഴാക്കാതെ പക്വേറ്റയുടെ ഇടംകാലൻ ഷോട്ട് പെറു ഗോൾകീപ്പറിനെ കബളിപ്പിച്ച് വലയിൽ കയറി. ബ്രസീൽ മുന്നിൽ.

ആദ്യ പകുതിയിൽ പ്രതിരോധത്തിലൂന്നിക്കളിച്ച പെറു രണ്ടാം പകുതിയിൽ കളിയുടെ ഗിയർ മാറ്റിയതോടെ മത്സരം കൂടുതൽ ആവേശകരമായി. പെറു പരിശീലകൻ ടീമിൽ വരുത്തിയ രണ്ടു മാറ്റങ്ങളാണ് അവരുടെ കളിയിലും പ്രതിഫലിച്ചത്. ബ്രസീൽ താരങ്ങളുടെ ഭാഗത്തുനിന്ന് മിസ് പാസുകൾ കൂടിയതോടെ പെറു പിടിമുറുക്കി. കൂട്ടത്തോടെ ആക്രമിക്കുന്ന പെറുവിനെ പ്രതിരോധിച്ചും കിട്ടുന്ന അവസരങ്ങളിൽ കൗണ്ടർ അറ്റാക്ക് നടത്തിയും ബ്രസീലും കരുത്തുകാട്ടി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഉൾപ്പെടെ പെറു താരങ്ങളുടെ മികച്ച ചില ഷോട്ടുകൾ ബ്രസീൽ ഗോൾകീപ്പർ എഡേഴ്സൻ രക്ഷപ്പെടുത്തിയതും നിർണായകമായി. ലീഡ് വർധിപ്പിക്കാനുള്ള ബ്രസീലിന്റെ ശ്രമങ്ങളെ പെറുവും സമനില ഗോളിനായുള്ള പെറുവിന്റെ ശ്രമങ്ങളെ ബ്രസീലും വിജയകരമായി പ്രതിരോധിച്ചതോടെ ആദ്യ പകുതിയിൽ നേടിയ ഏക ഗോളിൽ ബ്രസീലിന് ജയം, ഫൈനൽ ബർത്ത്!

English Summary: Brazil Vs Peru, Copa America 2021 Semi Final, Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com