പന്തു നൽകാതെ സ്പെയിൻ ഇറ്റലിയെ ‘പറ്റിക്കുമോ’? അതോ ഇറ്റലി ഗോളടിച്ചുകൂട്ടുമോ?
Mail This Article
ലണ്ടൻ ∙ ഇറ്റലിയും സ്പെയിനും തമ്മിൽ ഇന്നു രാത്രി യൂറോ കപ്പ് ഫുട്ബോൾ സെമി ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ മൈതാനമധ്യത്തിലേക്കു നോക്കിയിരിക്കാം! കാരണം, ഈ കളിയിൽ പോരാട്ടം ഇരുടീമുകളുടെയും മധ്യനിരകൾ തമ്മിലായിരിക്കും. ബോൾ പൊസഷൻ (പന്തവകാശം) കുത്തകയാക്കിയ സ്പെയിൻ. കൗണ്ടർ അറ്റാക്കുകളിൽ മിടുമിടുക്കരായ ഇറ്റലി. കൂടുതൽ നേരം പന്തു സ്പെയിൻ കളിക്കാരുടെ കാലുകളിലായിരിക്കും.
പക്ഷേ, പൊടിനേരം കൊണ്ട് ഒരുക്കിയെടുക്കുന്ന കൗണ്ടർ അറ്റാക്കുകളിൽ ഇറ്റലി ലക്ഷ്യം കണ്ടെന്നിരിക്കാം – ഇന്നത്തെ കളി ഇങ്ങനെയാകുമെന്ന് അനായാസം പ്രവചിക്കാവുന്നതേയുള്ളൂ. പക്ഷേ, ഈ 2 ടീമുകളുടെയും മധ്യനിരകൾ തമ്മിലുള്ള പോരാട്ടത്തിൽ ആരു ജയിക്കുന്നുവോ അവർ ഇതേ ന്യൂവെംബ്ലി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ഫൈനലിനു യോഗ്യത നേടും
∙ മധ്യനിരപ്പോര്
ആക്രമണത്തിലും പ്രതിരോധത്തിലും കടലാസിലെ കണക്കിൽ സ്പെയിനെക്കാൾ മുന്നിലാണ് ഇറ്റലി. പക്ഷേ, മധ്യനിരയുടെ കാര്യമെടുത്താൽ ഇറ്റലി 2–ാം സ്ഥാനത്താകും. സെർജിയോ ബുസ്കെറ്റ്സ്, പെദ്രി ഗോൺസാലെസ്, കോക്കെ എന്നിവർ അണിനിരക്കുന്ന മധ്യനിരയാണു സ്പാനിഷ് കരുത്ത്.
എതിരാളിയുടെ കാലിലേക്കു പന്തു കൊടുക്കാതെ പിടിച്ചുവയ്ക്കാനും ആക്രമണങ്ങൾക്കു പന്തെത്തിച്ചു കൊടുക്കാനും കഴിവുള്ളവരാണു സ്പാനിഷ് മധ്യനിര. മറുവശത്ത് ജോർജിഞ്ഞോ, നിക്കോള ബാരെല്ല, പിന്നെ മാർക്കോ വെരാറ്റി.. ഇവർ മൂവരുമാകും ഇറ്റലിയുടെ മിഡ്ഫീൽഡ് ഭരിക്കുക.
∙ തോൽവി അറിയാത്തവർ
യൂറോയിൽ ഇതുവരെ ഇറ്റലിയും സ്പെയിനും തോൽവിയറിഞ്ഞിട്ടില്ല. ഇറ്റലി എല്ലാ മത്സരങ്ങളും ജയിച്ചാണു സെമിക്കു വരുന്നത്. സ്പെയിൻ ഗ്രൂപ്പ് റൗണ്ടിൽ സ്വീഡനോടും പോളണ്ടിനോടും സമനില വഴങ്ങിയിരുന്നു. പക്ഷേ, അതു കഴിഞ്ഞുള്ള 3 കളികളിലായി നേടിയതു 11 ഗോളാണ്. സ്വിറ്റ്സർലൻഡിനെതിരെ ക്വാർട്ടർ ഫൈനലിൽ സ്പെയിനിന്റെ പ്രതിരോധത്തിലെ പാളിച്ചകൾ വ്യക്തമായിരുന്നു.
ആക്രമണ നിരയ്ക്കു മൂർച്ചയില്ലാത്തതും സ്പെയിൻ കോച്ച് ലൂയി എൻറിക്വെയ്ക്കു തലവേദനയാണ്. പ്രതിരോധം ശക്തമാക്കി ആക്രമിക്കുകയെന്നതാണ് ഇറ്റാലിയൻ കോച്ച് റോബർട്ടോ മാൻചീനിയുടെ തന്ത്രം. ഈ യൂറോയിൽ ഇതുവരെ സകലരെയും അതിശയിപ്പിച്ചു കുതിക്കുന്ന ഇറ്റലിക്കൊപ്പമാണു പ്രവചനങ്ങളേറെയും.
∙ ടീം വിശേഷം
ഇറ്റലി: ബൽജിയത്തിനെതിരായ കളിക്കിടെ പരുക്കേറ്റു പുറത്തായ ലിയനാർഡോ സ്പിനസ്സോള ഇന്നു കളിക്കാത്തത് ഇറ്റലിക്കു തിരിച്ചടിയാണ്. അലിസാന്ദ്രോ ഫ്ലോറൻസിക്കു പകരം ജിയോവാനി ഡി ലോറൻസോയാവും കളിക്കുക.
സ്പെയിൻ: പാബ്ലോ സരാബിയയ്ക്കു പേശിക്കു പരുക്കുണ്ട്. പകരം ഡാനി ഓൽമോ കളിച്ചേക്കും.
∙ നേർക്കുനേർ
ഇറ്റലിയും സ്പെയിനും യൂറോ കപ്പിന്റെ നോക്കൗട്ട്
ഘട്ടത്തിൽ നേർക്കുനേർ വരുന്നത് ഇതു 4–ാം തവണ.
2016 പ്രീ ക്വാർട്ടർ
ഇറ്റലി – 2, സ്പെയിൻ – 0
2012 ഫൈനൽ
സ്പെയിൻ – 4, ഇറ്റലി – 0
2008 ക്വാർട്ടർ ഫൈനൽ
സ്പെയിൻ – 4, ഇറ്റലി – 2 (ഷൂട്ടൗട്ട്)
∙ ചരിത്രം ഇതുവരെ
ഇതുവരെ 34 മത്സരങ്ങളിൽ ഇറ്റലിയും സ്പെയിനും നേർക്കുനേർ കളിച്ചു. 12 കളികൾ സ്പെയിനും 9 എണ്ണം ഇറ്റലിയും ജയിച്ചു. 13 സമനില. 2016 യൂറോയിലാണ് ഇരുടീമും അവസാനമായി കണ്ടുമുട്ടിയത്. അന്നു സ്പെയിൻ 3–0നു ജയിച്ചു. യൂറോ 2012 ഫൈനലിൽ ഇറ്റലിയെ കീഴടക്കിയാണു സ്പെയിന്റെ സുവർണ തലമുറ കിരീടജേതാക്കളായത്.
English Summary: Euro cup semi final, Italy vs Spain match