ഇംഗ്ലിഷ് കരുത്തോ ഡാനിഷ് വീര്യമോ? യൂറോയിൽ ഇന്ന് ഇംഗ്ലണ്ട് x ഡെന്മാർക്ക് 2–ാം സെമി!
Mail This Article
ലണ്ടൻ ∙ ഓണം പോലെയാണ് ഇംഗ്ലണ്ടിന് ഈ യൂറോ. വീട്ടുമുറ്റമായ വെംബ്ലി സ്റ്റേഡിയത്തിൽ ഡെൻമാർക്കിനെതിരെ ഇന്നത്തെ സെമിഫൈനൽ ഇംഗ്ലിഷുകാർക്ക് ‘ഉത്രാടപ്പാച്ചിലാണ്.’ 12നു നടക്കുന്ന ‘തിരുവോണമാണ്’ മനസ്സിൽ. ഇന്നു ജയിച്ചില്ലെങ്കിൽ മറ്റാരെങ്കിലും സ്വന്തം വീട്ടുമുറ്റത്ത് പൂക്കളമിടുന്നത് കണ്ടു നിൽക്കേണ്ടി വരും! ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.
∙ ഗോൾ, ഗോളില്ലായ്മ!
ആക്രമണം കളി ജയിക്കുന്നു എന്ന തിയറി കഴിഞ്ഞ മത്സരത്തിൽ യുക്രെയ്നെതിരെ 4–0 ജയത്തോടെ ഇംഗ്ലണ്ട് കാണിച്ചു തന്നു. പക്ഷേ, പ്രതിരോധം ടൂർണമെന്റ് ജയിക്കുന്നു എന്നു തെളിയിക്കാൻ 2 മത്സരങ്ങൾ കൂടി ജയിക്കണം. ടൂർണമെന്റിൽ ഇംഗ്ലിഷ് പ്രതിരോധനിര ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. കഴിഞ്ഞ 3 കളികളിൽ 10 ഗോളുകൾ അടിച്ചു കൂട്ടിയ ഡെൻമാർക്കിനെ അവരെങ്ങനെ ചെറുക്കുമെന്ന് ഇന്നു കാണാം.
ഡെൻമാർക്ക് മുൻനിരയിൽ മാർട്ടിൻ ബ്രാത്‌വെയ്റ്റ് നിർമിച്ചെടുക്കുന്ന സ്പേസ് മൈക്കൽ ഡാംസ്ഗാർഡും കാസ്പർ ഡോൾബർഗും സമർഥമായി ഉപയോഗപ്പെടുത്തുന്നു. വിങ് ബാക്കുകളായ ജൊവാക്വിം മെയ്‌ലെയും സ്ട്രൈഗർ ലാർസനും കുതിച്ചു കയറി ക്രോസുകൾ നൽകുന്നു.
ആദ്യ മത്സരങ്ങളിലെല്ലാം പ്രതിരോധമായിരുന്നു കരുത്തെങ്കിൽ ഇംഗ്ലണ്ട് ഇപ്പോൾ മുന്നേറ്റത്തിലും പെർഫക്ട് ആയിക്കഴിഞ്ഞു. റഹീം സ്റ്റെർലിങ്ങിന്റെ കുതിപ്പുകളും ഹാരി കെയ്ന്റെ സ്കോറിങ് മികവും ചെറുക്കാൻ ഡാനിഷ് പ്രതിരോധം നന്നായി അധ്വാനിക്കേണ്ടി വരും. ഒപ്പം മറ്റൊന്നു കൂടി– ഇംഗ്ലിഷുകാരുടെ ഒന്നാന്തരം ഹെഡറുകൾ! സെമിയിൽ യുക്രെയ്നെതിരെയുള്ള 4 ഗോളുകളിൽ മൂന്നും ഹെഡറായിരുന്നു!
∙ ഫൈനലാണ് ലക്ഷ്യം
55 വർഷത്തിനു ശേഷമുള്ള ഒരു മേജർ ഫൈനലാണ് ഇംഗ്ലണ്ട് ഇന്നു ലക്ഷ്യമിടുന്നത്. 1966 ലോകകപ്പിൽ വെംബ്ലിയിൽ കിരീടം നേടിയ ശേഷം ഇതുവരെ യൂറോയിലും ലോകകപ്പുകളിലും അവർ ഫൈനൽ കളിച്ചിട്ടില്ല. 4 വട്ടം സെമിഫൈനലുകളിൽ തോറ്റു പോയി
∙ ഡെൻമാർക്കിന് എവേ
ഇംഗ്ലണ്ട് സ്വന്തം ആരാധകരുടെ പിന്തുണയോടെയാണ് ഈ യൂറോ കളിച്ചതെങ്കിൽ ഡെൻമാർക്കിന് ഓരോ മത്സരത്തിലും ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരുടെ കയ്യടികളുണ്ടായിരുന്നു. ടീമിന്റെ പ്രധാനതാരം ക്രിസ്റ്റ്യൻ എറിക്സൻ വീണു പോയിട്ടും പോരാട്ടവീര്യത്തോടെ മുന്നേറിയതിനുള്ള അഭിനന്ദനം. പക്ഷേ ഇന്നു വെംബ്ലിയിൽ അതുണ്ടാവില്ലെന്ന് അവർക്കു നന്നായിട്ടറിയാം.
അറുപതിനായിരത്തോളം ഗാലറി ശേഷിയുള്ള വെംബ്ലിയിൽ 5800 ടിക്കറ്റുകൾ മാത്രമാണ് ഡെൻമാർക്ക് ആരാധകർക്കായി മാറ്റി വച്ചിരിക്കുന്നത്. കടുത്ത യാത്രാനിയന്ത്രണം കാരണം അതിലെത്ര പേർ വരുമെന്നതും കണ്ടറിയണം. കഴിഞ്ഞ ഒക്ടോബറിൽ ഇരുടീമും യുവേഫ നേഷൻസ് ലീഗിൽ ഇതേ വേദിയിൽ കണ്ടുമുട്ടിയപ്പോൾ 1–0ന് ഡെൻമാർക്കിനായിരുന്നു ജയം. അന്ന് പെനൽറ്റിയിൽനിന്നു വിജയഗോൾ നേടിയത് സാക്ഷാൽ ക്രിസ്റ്റ്യൻ എറിക്സനാണ്.
English Summary: Euro cup football - England vs Denmark semi final