പെനൽറ്റി നേരിടാൻ നിൽക്കുന്ന സ്മൈക്കലിന്റെ മുഖത്തേക്ക് ലേസർ ലൈറ്റ് – വിഡിയോ
Mail This Article
ലണ്ടൻ∙ യൂറോ കപ്പ് ഫുട്ബോളിന്റെ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിന് അനുവദിച്ച പെനൽറ്റിയെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെ, പെനൽറ്റി നേരിടാന്‍ തയാറെടുക്കുകയായിരുന്ന ഡെൻമാർക്ക് ഗോൾകീപ്പർ കാസ്പർ സ്മൈക്കലിന്റെ മുഖത്തേക്ക് ലേസർ ലൈറ്റ് അടിച്ചതായി ആക്ഷേപം. ഹാരി കെയ്നിന്റെ പെനൽറ്റി നേരിടാൻ തയാറെടുക്കുമ്പോഴാണ് സ്മൈക്കലിന്റെ മുഖത്തേക്ക് ലേസർ ലൈറ്റ് അടിച്ച് പ്രകോപനം സൃഷ്ടിച്ചത്. സ്മൈക്കലിന്റെ ശ്രദ്ധ മാറ്റാൻ ഇംഗ്ലിഷ് ആരാധകരിലാരോ ഒപ്പിച്ച പണിയാണിതെന്ന് വ്യക്തം.
മത്സരത്തിൽ എക്സ്ട്രാ ടൈമിൽ നേടിയ ഗോളിൽ ഡെൻമാർക്കിനെ വീഴ്ത്തി ഇംഗ്ലണ്ട് ചരിത്രത്തിലാദ്യമായി യൂറോ കപ്പ് ഫൈനലിൽ കടന്നിരുന്നു. മുഴുവൻ സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.
എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപാണ് റഹിം സ്റ്റെർലിങ്ങിനെ ഡെൻമാർക്ക് താരം സ്വന്തം ബോക്സിൽ വീഴ്ത്തിയതിന് റഫറി ഇംഗ്ലണ്ടിന് പെനൽറ്റി അനുവദിച്ചത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ കിക്കെടുക്കാൻ ഒരുങ്ങുമ്പോഴാണ് ഗാലറിയിൽനിന്ന് ആരോ സ്മൈക്കലിന്റെ മുഖത്തേക്ക് ലേസർ ലൈറ്റ് അടിച്ചത്.
അതേസമയം, ലേസർ ലൈറ്റ് അടിച്ച വിവരം സ്മൈക്കൽ അറിഞ്ഞിരുന്നോ എന്ന് വ്യക്തമല്ല. കെയ്നിന്റെ പെനൽറ്റി സ്മൈക്കൽ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ടിൽനിന്ന് ലക്ഷ്യം കണ്ട താരം ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് നയിക്കുകയായിരുന്നു.
∙ പെനൽറ്റിയിൽ ‘ഇരട്ട’ വിവാദം
മത്സരത്തിൽ ഇംഗ്ലണ്ടിന് റഫറി അനുവദിച്ച പെനൽറ്റിയെച്ചൊല്ലി ഇരട്ട വിവാദവം ഉടലെടുത്തിട്ടുണ്ട്. ഇംഗ്ലിഷ് താരം റഹിം സ്റ്റെർലിങ്ങിനെ ഡെൻമാർക്ക് താരം ജൊവാക്വിം മെയ്‍ലെ സ്വന്തം ബോക്സിൽ വീഴ്ത്തിയതിനാണ് റഫറി ഇംഗ്ലണ്ടിന് പെനൽറ്റി അനുവദിച്ചത്. എന്നാൽ, സ്റ്റെർലിങ്ങിനെ മെയ്‌ലെ വീഴ്ത്തിയിട്ടില്ലെന്നും എല്ലാം സ്റ്റെർലിങ്ങിന്റെ അഭിനയമാണെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം.
ഇതിനു പുറമെ, സ്റ്റെർലിങ് പന്തുമായി മുന്നേറുമ്പോൾ ഗ്രൗണ്ടിലേക്ക് മറ്റൊരു പന്ത് കൂടി എത്തിയത് ഡെൻമാർക്ക് താരങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന ആക്ഷേപവുമുണ്ട്. മത്സരം നടക്കുമ്പോൾ രണ്ടാമതൊരു പന്ത് ഗ്രൗണ്ടിലെത്തിയാൽ റഫറിമാർ മത്സരം നിർത്തിവയ്ക്കുകയാണ് പതിവ്. അല്ലെങ്കിൽ മത്സരത്തിനിടയ്ക്ക് പന്ത് ബുദ്ധിമുട്ട് സൃഷ്ടിക്കരുത്.
എന്നാൽ, റഹിം സ്റ്റെർലിങ് ഡെൻമാർക്ക് ബോക്സിന് തൊട്ടരികെ പന്ത് സ്വീകരിച്ച് മുന്നേറുമ്പോഴാണ് മറ്റൊരു പന്തുകൂടി സമീപത്തേക്ക് വന്നത്. എന്നാൽ ഇതു ഗൗനിക്കാതിരുന്ന റഫറി മത്സരം തുടരാൻ അനുവദിച്ചു. ആ മുന്നേറ്റത്തിൽ സ്റ്റെർലിങ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച പെനൽറ്റിയും നേടിയെടുത്തു.
English Summary: Laser light on goalkeeper, second ball on pitch add to penalty controversy