ADVERTISEMENT

ലണ്ടൻ ∙ കപ്പ് വീട്ടിലേക്കു വരുന്നു (ഇറ്റ്സ് കമിങ് ഹോം) എന്നാണ് ഇംഗ്ലിഷുകാർ പാടി നടക്കുന്നത്. ഫുട്ബോളിന്റെ ജന്മസ്ഥലമാണ് ഇംഗ്ലണ്ട് എന്ന അർഥത്തിലാണത്. ഇറ്റലിക്കാർ പറയുന്നത് മറിച്ചാണ്– കപ്പ് ഞങ്ങൾ സ്വന്തം വീട്ടിലേക്കു കൊണ്ടു പോകും! വെംബ്ലി സ്റ്റേഡിയത്തിൽ യൂറോ കപ്പ് ഫുട്ബോളിനു ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഒന്നുകിൽ ലണ്ടനിലെ ബിഗ് ബെൻ ടവറിൽ വിജയമണി മുഴങ്ങും. അല്ലെങ്കിൽ റോമിലെ വിജയാരവം കൊളോസിയത്തിന്റെ ചുവരുകളിൽ പ്രതിധ്വനിക്കും! ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്. സോണി ചാനലുകളിൽ തൽസമയം കാണാം.

∙ ഇംഗ്ലിഷ് ഹോം

വെംബ്ലിയിൽ ഇന്നു കളി കാണാനെത്തുന്ന ഇംഗ്ലിഷുകാരിൽ പലർക്കും ഇംഗ്ലണ്ട് ഒരു ഫൈനൽ കളിച്ച ഓർമ പോലുമില്ല– കാരണം 55 വർഷം മുൻപായിരുന്നു അത്! 1966 ജൂലൈ 30ന് ഇതേ സ്റ്റേഡിയത്തിൽ ബോബി മൂറിന്റെ നായകത്വത്തിൽ ലോകകിരീടം ചൂടിയതിനു ശേഷം ലോകകപ്പിലോ യൂറോകപ്പിലോ ഒരു ഫൈനൽ കളിക്കാൻ പോലും ഇംഗ്ലണ്ടിനു കഴിഞ്ഞിട്ടില്ല.

പക്ഷേ, ഈ വികാരാവേശം കൊണ്ടു മാത്രമല്ല ഇംഗ്ലിഷ് ആരാധകർ ഗാരെത് സൗത്ത്ഗേറ്റിന്റെ ടീമിൽ അതിരറ്റു വിശ്വസിക്കുന്നത്. ഈ ടൂർണമെന്റിൽ ഏറ്റവും ഉറച്ച പ്രതിരോധമുള്ള ടീമാണ് ഇംഗ്ലണ്ട്. കൈൽ വോക്കറും ജോൺ സ്റ്റോൺസും ഹാരി മഗ്വയറും ഉൾപ്പെടുന്ന ഡിഫൻസ് ആകെ വഴങ്ങിയത് ഒരേയൊരു ഗോൾ.

ഗ്രൂപ്പ് മത്സരങ്ങളിൽ ഗോളടിച്ചില്ല എന്ന പരാതി കേട്ടെങ്കിലും നോക്കൗട്ടിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ ഫോമിലായതോടെ ആ പരാതി തീർ‌ന്നു. 4 ഗോളുകളോടെ ടോപ് സ്കോറർ പോരാട്ടത്തിൽ രണ്ടാമതാണ് കെയ്ൻ. 3 ഗോൾ നേടിയ റഹിം സ്റ്റെർലിങ് തന്റെ അതിവേഗപ്പാച്ചിലിലൂടെയും എതിർ പ്രതിരോധത്തിനു ഭീഷണിയാണ്. ലൂക്ക് ഷായുടെ ഉജ്വലമായ ക്രോസുകളും ജാക്ക് ഗ്രീലിഷിന്റെ സൂപ്പർ സബ് അവതാരവുമെല്ലാം ഇംഗ്ലണ്ടിന്റെ പ്ലസ് പോയിന്റ്.

∙ ഇറ്റാലിയൻ ഹോം

ഗോൾ വഴങ്ങാത്ത ഇറ്റാലിയൻ പാരമ്പര്യത്തിലേക്കു മറ്റൊന്നു കൂടി റോബർട്ടോ മാൻചീനിയുടെ ടീം ഇത്തവണ എഴുതിച്ചേർത്തു– ഗോളടിക്കാനും അവർക്കൊട്ടും മടിയില്ല! ടൂർണമെന്റിൽ 12 ഗോളുകൾ നേടിയ ഇറ്റലി വഴങ്ങിയത് 3 ഗോൾ മാത്രം. ഗോൾകീപ്പർ ജിയാൻല്യൂജി ‍ഡൊന്നാരുമയ്ക്കു മുന്നിൽ ഉറച്ചു നിൽക്കുന്ന ലിയനാർഡോ ബൊന്നൂച്ചി– ജോർജിയോ കില്ലെനി വെറ്ററൻ കൂട്ടുകെട്ട് അത്രയെളുപ്പം ഇളകില്ല.

ജോർജീഞ്ഞോ–ബാരെല്ല–വെരാറ്റി ത്രയം മധ്യനിരയിൽ കളി നിയന്ത്രിക്കുന്നു. സിറെ ഇമ്മൊബിലെ– ലോറൻ‌സോ ഇൻസിന്യെ സഖ്യത്തിനൊപ്പം മുന്നേറ്റത്തിൽ അപ്രതീക്ഷിത താരമായത് ഫെഡറിക്കോ കിയേസയാണ്. ഫൈനലിൽ ഇറ്റലി മിസ് ചെയ്യാൻ പോകുന്നത് വിങ് ബാക്ക് ലിയനാർഡോ സ്പിനസോളയെയാണ്.

പരുക്കേറ്റു പുറത്തായ സ്പിനസോളയുടെ അഭാവത്തിൽ സെമിയിൽ ഇറ്റലിയുടെ വേഗം കുറയുകയും ചെയ്തു. തോൽവിയറിയാതെ 33 മത്സരങ്ങൾ കടന്നാണ് ഇറ്റലി ഫൈനലിനിറങ്ങുന്നത്.

∙ ഇറ്റലി

ഫിഫ റാങ്കിങ്: 7

ലോകകപ്പ്: 4

യൂറോ കപ്പ്: 1 (1968)

ഒളിംപിക് സ്വർണം: 1 (1936)

∙ ഇംഗ്ലണ്ട്

ഫിഫ റാങ്കിങ്: 4

ലോകകപ്പ്: 1 (1966)

യൂറോ കപ്പ്: 0

ഒളിംപിക് സ്വർണം: 0

∙ നേർക്കുനേർ

മത്സരം: 27

ഇറ്റലി ജയം: 11

ഇംഗ്ലണ്ട് ജയം: 8

സമനില: 8

English Summary: Euro cup football final England vs Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com