ഇംഗ്ലണ്ടിന്റെ ഹൃദയം മിടിക്കുന്നു; ഇംഗ്ലിഷ് മണ്ണിൽനിന്ന് യൂറോ ആവേശം പങ്കുവച്ച് മലയാളി
Mail This Article
ഹൃദയത്തിന്റെ സ്ഥാനത്തു മിടിക്കുന്നൊരു ഫുട്ബോൾ പ്രതിഷ്ഠിച്ചു നടക്കുകയാണ് ഇംഗ്ലിഷുകാർ. ആ നെഞ്ചോടു ചേർത്തു വയ്ക്കാൻ മനോഹരമായൊരു ട്രോഫിയും അവർ കിനാവു കാണുന്നു! യൂറോ കപ്പ് ഫുട്ബോൾ ഫൈനലിൽ ഇംഗ്ലണ്ട് വിജയചരിത്രം കുറിക്കുന്ന നിമിഷമാണ് അവരുടെ സ്വപ്നം. രാജ്യാന്തര ഫുട്ബോളിലെ വൻകിരീടങ്ങളിലൊന്നിനു വേണ്ടി 55 വർഷം നീണ്ട കാത്തിരിപ്പിന് ഒരു അറുതിയുണ്ടായാൽ, വെംബ്ലി മൈതാനവും ലണ്ടൻ മഹാനഗരവും മാത്രമല്ല, രാജ്യം ഒന്നടങ്കം ആനന്ദലബ്ധിയുടെ നിറവിലമരും.
യൂറോ കപ്പ് ടൂർണമെന്റിന്റെ തുടക്കം മുതൽ ഇംഗ്ലണ്ട് ഫുട്ബോൾ ലഹരിയിലാണ്. ഇക്കുറി കിരീടം ഉറപ്പിച്ചെന്ന മട്ടിൽ എങ്ങും അരങ്ങൊരുങ്ങി. വീടുകളുടെ വാതിലുകളിലും ജനലുകളിലും വാഹനങ്ങളിലുമെല്ലാം ദേശീയ പതാക പാറിക്കളിക്കുന്നു. ട്രെയിനുകളിലും ബസുകളിലുമെല്ലാം ഇംഗ്ലണ്ടിന്റെ ദേശീയ ജഴ്സി ധരിച്ചവരാണേറെ. ഷോപ്പിങ്ങിനു പോകുന്നവർക്കു പോലും ഇതാണു വേഷം. വീടുകളിലും ഓഫിസുകളിലും ബസുകളിലും മെട്രോ ട്രെയിനുകളിലുമെല്ലാം സംസാര വിഷയം ഫുട്ബോൾ മാത്രം. ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ഥിതി ഇതു തന്നെ. ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ, ഇടവേള കിട്ടിയാൽ ഗോളുകളെക്കുറിച്ചും മുന്നേറ്റങ്ങളെക്കുറിച്ചും അടുത്ത കളിയിലെ ഇലവനെക്കുറിച്ചുമൊക്കെ വിശേഷം പറഞ്ഞു തീരുന്നില്ല ആർക്കും.
ഈ ആവേശത്തിന്റെ പാരമ്യമായിരുന്നു സെമിയിൽ ഡെൻമാർക്കിനെതിരെ ഇംഗ്ലണ്ട് വിജയിച്ച നിമിഷത്തിൽ. ആഘോഷം പുലർച്ചെ വരെ നീണ്ടതോടെ പിറ്റേന്നു ബസുകളും മെട്രോ ട്രെയിനുകളും പോലും വൈകി. ഇവയൊക്കെ ഓടിക്കേണ്ട ഡ്രൈവർമാരും ജീവനക്കാരും ആഘോഷത്തളർച്ചയിലായതാണു കാരണം. ഇംഗ്ലണ്ട് പ്രീക്വാർട്ടറിലെത്തിയതിനു പിന്നാലെ അവരുടെ കളികളുടെ ടിക്കറ്റുകളെല്ലാം വിറ്റുപോയി. ഫൈനലിന്റെ ടിക്കറ്റ് കിട്ടാനുണ്ടോ എന്നു തിരക്കി പരക്കം പായുകയായിരുന്നു പലരും ഇന്നലെ വരെ.
ഇടുക്കി വണ്ണപ്പുറത്തിനു സമീപമുള്ള മുള്ളരിങ്ങാട്ട് ജീവിച്ച് അൽപം ക്ലബ് ഫുട്ബോളൊക്കെ കളിച്ചതിന്റെ ബലത്തിൽ കടുത്ത ഫുട്ബോൾ ആരാധകനായി ഇംഗ്ലണ്ടിൽ ജോലിക്കെത്തിയതാണു ഞാൻ. ഇതെല്ലാം കാണുമ്പോൾ എനിക്കു വിസ്മയം തോന്നുന്നു. ബസുകളും ട്രെയിനുകളുമെല്ലാം വെംബ്ലിയിലേക്കാണെന്നു തോന്നിപ്പോകും.
ഇറ്റലി മികച്ച ടീമാണെങ്കിലും സ്വന്തം നാട്ടുകാരുടെ മുന്നിൽ ഇംഗ്ലണ്ടിനു കിരീടം നേടാൻ മികച്ച സാധ്യതയുണ്ട്. ടീമംഗങ്ങൾ നല്ല ഫോമിലാണ്. ഫൈനലിന്റെ അമിത സമ്മർദം വിനയായില്ലെങ്കിൽ വെംബ്ലിയിലെ വീട്ടുമുറ്റത്ത് ഈ രാജ്യത്തിന്റെ സ്വപ്നം സഫലമാകും.
(ലണ്ടനിലെ ഹാർലോയിൽ നഴ്സ് ആണ് സിജോ ബേബി)
Content Highlight: UEFA EURO 2020