ADVERTISEMENT

ലണ്ടൻ∙ കന്നി യൂറോ കിരീടമെന്ന ഇംഗ്ലിഷ് ആരാധകരുടെ മോഹം ഇത്തവണ വെംബ്ലിയിൽ പൂവണിഞ്ഞില്ല. യൂറോ കിരീടം ‘വീട്ടിലേക്ക് തന്നെ എത്തുമെന്ന്’ ഉറപ്പിച്ച് കാത്തിരുന്ന അവർക്ക് വീണ്ടും നിരാശ. പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശ ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇറ്റലിക്ക് യൂറോ കപ്പ് കിരീടം. ചരിത്ര നേട്ടത്തിന്റെ വക്കിൽ സമ്മർദ്ദത്തിന് അടിപ്പെട്ടുപോയ ഇംഗ്ലണ്ടിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 3–2ന് കീഴടക്കിയാണ് ഇറ്റലി രണ്ടാമത്തെ യൂറോ കപ്പ് കിരീടം സ്വന്തമാക്കിയത്. മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.

ഷൂട്ടൗട്ടിൽ ജെയ്ഡൻ സാഞ്ചോ, ബുകായോ സാക എന്നിവരുടെ ഷോട്ടുകൾ തടുത്തിട്ട ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ‍ഡൊന്നാരുമയാണ് ടീമിന് വിജയവും കിരീടവും സമ്മാനിച്ചത്. മാർക്കസ് റാഷ്ഫോഡിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തുപോയി. മറുവശത്ത് ഇറ്റാലിയൻ താരങ്ങളായ ആൻഡ്രിയ ബെലോട്ടി, ജോർജീഞ്ഞോ എന്നിവരുടെ ഷോട്ടുകൾ ഇംഗ്ലിഷ് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് തടുത്തെങ്കിലും ഡൊമിനിക്കോ ബെറാർഡി, ലിയനാർഡോ ബൊനൂച്ചി, ബെർണാദേഷി എന്നിവർ ലക്ഷ്യം കണ്ടതോടെയാണ് അസൂറിപ്പട കിരീടം ഉറപ്പാക്കിയത്. ഇംഗ്ലിഷ് നിരയിൽ ഹാരി കെയ്ൻ, ഹാരി മഗ്വയർ എന്നിവർ മാത്രമാണ് ഷോട്ടുകൾ ലക്ഷ്യത്തിലെത്തിച്ചത്.

italy-celebration
പെനൽറ്റി ഷൂട്ടൗട്ടിൽ ടീമിന്റെ വിജയശിൽപിയായ ഗോൾകീപ്പർ ജിയാൻല്യൂജി ‍ഡൊന്നാരുമയുടെ തോളിലേറി ഇറ്റലി താരങ്ങളുടെ വിജയാഹ്ലാദം (യുവേഫ ട്വീറ്റ് ചെയ്ത ചിത്രം)

നേരത്തെ, കളമുണരും മുൻപേ നേടിയ ഗോളിൽ ആദ്യപകുതിയിൽ ലീഡെടുത്ത ആതിഥേയരായ ഇംഗ്ലണ്ടിനെ രണ്ടാം പകുതിയിൽ നേടിയ ഗോളിൽ ഇറ്റലി സമനിലയിൽ തളയ്ക്കുകയായിരുന്നു. യൂറോ കപ്പ് ഫൈനലിലെ വേഗമേറിയ ഗോളെന്ന റെക്കോർഡുമായി മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ വിങ്ങർ ലൂക്ക് ഷാ നേടിയ ഗോളിലാണ് മത്സരത്തിൽ ഇംഗ്ലണ്ട് മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ 67–ാം മിനിറ്റിൽ വെറ്ററൻ താരം ലിയനാർഡോ ബൊന്നൂച്ചിയാണ് ഇറ്റലിക്ക് സമനില ഗോൾ സമ്മാനിച്ചത്. മുഴുവൻ സമയത്തും മത്സരം സമനിലയിൽ അവസാനിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നെങ്കിലും ഇരു ടീമുകൾക്കും സമനിലപ്പൂട്ടു പൊളിക്കാനായില്ല.

∙ അതിവേഗം ഇംഗ്ലിഷ് ഗോൾ

വെംബ്ലി സ്റ്റേഡിയത്തിൽ കാണികൾ ഇരിപ്പുറപ്പിക്കും മുൻപേ ആതിഥേയർ ഗോൾ നേടുന്ന കാഴ്ചയോടെയാണ് മത്സരത്തിന് തുടക്കമായത്. ആദ്യ മിനിറ്റുകളിൽത്തന്നെ ഇറ്റലിക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്ക് നിർവീര്യമാക്കി നടത്തിയ പ്രത്യാക്രമണത്തിൽനിന്നാണ് ഇംഗ്ലണ്ട് ഗോൾ നേടിയത്. ഇംഗ്ലണ്ട് പ്രതിരോധത്തിലെ ഹാരി മഗ്വയറിന്റെ പിഴവിലാണ് ഇറ്റലിക്ക് അനുകൂലമായി കോർണർ ലഭിച്ചത്.

കോർണർ ഇറ്റലിക്ക് അനുകൂലമെങ്കിലും ഗോളടിച്ചത് ഇംഗ്ലണ്ട്. ഇറ്റലിയുടെ കോർണർ കിക്ക് ക്ലിയർ ചെയ്ത ശേഷം ഇംഗ്ലിഷ് താരങ്ങളുടെ പ്രത്യാക്രമണം. ഇതിനിടെ ഹാരി കെയ്ൻ വഴി പന്ത് വലതു വിങ്ങിൽ കീറൻ ട്രിപ്പിയറിന്. ഇറ്റാലിയൻ ബോക്സിനു സമീപത്തേക്ക് ഓടിക്കയറിയ ട്രിപ്പിയർ ഒരുനിമിഷം കാത്തശേഷം പന്ത് കോരി ബോക്സിലേക്ക് വിട്ടു. ഓടിയെത്തിയ ലൂക്ക് ഷായുടെ കണ്ണുംപൂട്ടിയുള്ള ഹാഫ് വോളി ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ‍ഡൊന്നാരുമയ്ക്ക് യാതൊരു അവസരവും നൽകാതെ വലയിൽ. ലൂക്ക് ഷായിൽ തുടങ്ങി ലൂക്ക് ഷായിലൂടെ ഗോളിലെത്തി അവസാനിച്ച മുന്നേറ്റം. സ്കോർ 1–0.

england-goal-celebration
ഗോൾനേട്ടം ആഘോഷിക്കുന്ന ഇംഗ്ലണ്ട് താരങ്ങൾ (യുവേഫ ട്വീറ്റ് ചെയ്ത ചിത്രം)

മത്സരത്തിന് ഒരു മിനിറ്റും 50 സെക്കൻഡും മാത്രം പ്രായമുള്ളപ്പോൾ ലൂക്ക് ഷാ നേടിയ ഈ ഗോൾ, യൂറോ കപ്പ് ഫൈനലുകളിലെ വേഗമേറിയ ഗോളാണ്. മാത്രമല്ല, ഇംഗ്ലിഷ് ജഴ്സിയിൽ ലൂക്ക് ഷായുടെ ആദ്യ ഗോൾ കൂടിയാണിത്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ലൂക്ക് ഷാ വക സ്വന്തം ടീമിന് അമൂല്യമായൊരു സമ്മാനം.

ഗോൾ വീണതോടെ സ്തബ്ധരായിപ്പോയ ഇറ്റാലിയൻ താരങ്ങൾ സമയമെടുത്താണ് കളിയിലേക്ക് തിരിച്ചുവന്നത്. എന്നാൽ, പിന്നീടങ്ങോട്ട് കളം നിറഞ്ഞത് ഇറ്റാലിയൻ താരങ്ങളായിരുന്നെങ്കിലും പാറപോലെ ഉറച്ചുനിന്ന ഇംഗ്ലണ്ട് പ്രതിരോധം പിളർത്താൻ അവർക്കായില്ല. ഇതോടെ കളിക്കണക്കുകളിൽ മുന്നിലെങ്കിലും സ്കോർ കാർഡിൽ പിന്നിലെന്ന വൈരുധ്യവുമായി ആദ്യപകുതിക്ക് അവസാനം.

∙ ‘സമനില തെറ്റാത്ത’ രണ്ടാം പകുതി

രണ്ടാം പകുതിക്ക് 10 മിനിറ്റ് പ്രായമാകുമ്പോഴേയ്ക്കും ഇറ്റാലിയൻ പരിശീലകൻ റോബർട്ട് മാൻചിനി ടീമിൽ ഇരട്ടമാറ്റം വരുത്തി. ബാരെല്ലയ്ക്കു പകരം ബ്രയാൻ ക്രിസ്റ്റന്റയും സിറെ ഇമ്മൊബിലെയ്ക്കു പകരം ഡൊമിനിക്കോ ബെറാർഡിയുമെത്തി. ഇതോടെ ഇറ്റാലിയൻ ആക്രമണങ്ങൾക്കു പുത്തൻ ഊർജം കൈവന്നു. മുന്നേറ്റങ്ങൾക്കു വേഗം കൂടി.

italy-goal-celebration
ഗോൾനേട്ടം ആഘോഷിക്കുന്ന ഇറ്റാലിയൻ താരങ്ങൾ (യുവേഫ ട്വീറ്റ് ചെയ്ത ചിത്രം)

ഇതിന്റെ ബാക്കിപത്രമായിരുന്നു മത്സരത്തിൽ ഇറ്റലിയുടെ സമനില ഗോൾ. അപ്പോൾ മത്സരത്തിനു പ്രായം 67 മിനിറ്റ്. ഇറ്റലിക്ക് അനുകൂലമായി ലഭിച്ച കോർണറാണ് ഗോളിലേക്ക് വഴി തുറന്നത്. ലോറൻസോ ഇൻസിന്യെ എടുത്ത കോർണർ ഇംഗ്ലണ്ട് ബോക്സിനുള്ളിൽ ക്രിസ്റ്റന്റെയുടെ ഹെഡറിലൂടെ മാർക്കോ വെറാറ്റിയിലേക്ക്. ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് വെറാറ്റി ഗോളിലേക്ക് ഹെഡ് ചെയ്ത പന്ത് ഇംഗ്ലിഷ് ഗോൾകീപ്പർ പിക്ഫോർഡ് തടുത്തു. പോസ്റ്റിലിടിച്ച പന്ത് ഇത്തവണ ലിയനാർഡോ ബൊന്നൂച്ചിയുടെ കാൽപ്പാകത്തിൽ. വീണുകിടന്ന പിക്ഫോർഡിനെ കാഴ്ചക്കാരനാക്കി ബൊന്നൂച്ചി പന്ത് തട്ടി വലയിലിട്ടു. സ്കോർ 1–1.

വിജയഗോളിനായി ഇറ്റലി സമ്മർദ്ദം തുടരുന്നതിനിടെ അവരുടെ മുന്നേറ്റങ്ങളുടെ കുന്തമുനയായിരുന്ന ഫെഡറിക്കോ കിയേസ പരുക്കേറ്റ് കയറി. ഇംഗ്ലിഷ് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡിനെ മത്സരത്തിലുടനീളം പരീക്ഷിച്ച കിയേസയ്ക്കു പകരമെത്തിയത് ബെർണാദേഷി. ഇംഗ്ലിഷ് നിരയിൽ ബുകായോ സാകയെയും ജോർദാൻ ഹെൻഡേഴ്സനെയും ഇറക്കി സൗത്ത്ഗേറ്റും പോരാട്ടം കടുപ്പിച്ചു. ഗോളിനായുള്ള ഇറ്റലിയുടെ ശ്രമങ്ങളെ ഇംഗ്ലിഷ് പ്രതിരോധം വിജയകരമായി പ്രതിരോധിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക്. അവിടെയും ഇരു ടീമുകളും ‘സമനില വിടാതെ’ പൊരുതിയതോടെ വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് അനിവാര്യമായി.

English Summary: Italy vs England, UEFA EURO 2020 Final Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com