ADVERTISEMENT

സ്വന്തം മണ്ണിൽ പുതിയ ചരിത്രം എഴുതാമെന്ന ഇംഗ്ലിഷ് സ്വപ്നങ്ങളെ റോബർട്ടോ മാൻചീനിയുടെ ഈറ്റപ്പുലികൾ വേട്ടയാടി. പുതിയ വെംബ്ലി സ്റ്റേഡിയത്തിൽ ‘പുതിയ ഇറ്റലി’യുടെ രാജസൂയം. മൂന്നു വർഷം മുൻപു റഷ്യൻ മണ്ണിലെ ലോകകപ്പിന് യൂറോപ്പിൽ നിന്നുള്ള ടിക്കറ്റ് കിട്ടാതെ മടങ്ങിയവരാണ് ഇറ്റലി. 

ഇന്നിതാ വൻകരയുടെ രാജാക്കൻമാരായി ബിഗ് ബെൻ ഗോപുരത്തെക്കാൾ ഉയരത്തിൽ നിന്നവർ ലോകത്തോടു പറയുന്നു, പരാജയം ഒന്നിന്റെയും അവസാനമല്ല. തിരിച്ചുവരവിന്റെ തുടക്കം മാത്രം.

ഇംഗ്ലിഷ് ഫുട്ബോളിന്റെ പൂമുറ്റത്ത് ആതിഥേയരുടെ മോഹങ്ങൾ വെണ്ണീറാകുമ്പോൾ ജോർജിയോ കില്ലെനിയും സംഘവും യൂറോപ്പിന്റെ കിരീടം മാൻചീനിയെന്ന ജീനിയസിനു സമർപ്പിച്ചിട്ടുണ്ടാകും. ചാരക്കൂമ്പാരമെന്നു തോന്നിച്ചിടത്തു നിന്ന് തീക്കനൽ കടഞ്ഞ് ഇറ്റാലിയൻ ഫുട്ബോളിനെ ഊതിക്കാച്ചിയ ആ പരിശീലകന് അവകാശപ്പെട്ടതാണ് ഇന്നുയരുന്ന കയ്യടികളെല്ലാം. 

italywitheurocup
ഇറ്റാലിയൻ താരങ്ങൾ യൂറോ കപ്പുമായി. Laurence Griffiths / POOL / AFP

∙ മിഷൻ ഇറ്റലി

ഒരു ദശകം മുൻപ് ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ നീലവിപ്ലവത്തിനു തിരിതെളിച്ച മാൻചീനിക്ക് അതിലും വലിയ വെല്ലുവിളി ആയിരുന്നു മിഷൻ ഇറ്റലി. ലോകകപ്പിൽ വെറും കാഴ്ചക്കാർ മാത്രമായി തകർന്നുവീണ ഇറ്റലിയുടെ മടയിലേക്കാണു മാൻചീനി അന്നു കയറിച്ചെന്നത്. 60 വർഷത്തിനിടെ ആദ്യമായി ആ നീലക്കുപ്പായമില്ലാതെ ലോകവേദിയിൽ പന്തുരുളുന്നതു കണ്ട് ആരാധകർ പോലും തളർന്ന നാളുകൾ. 

ഒന്നേയെന്നു തുടങ്ങേണ്ട ഒട്ടനവധി മാറ്റങ്ങൾ അനിവാര്യമായ സമയം. മാഞ്ചസ്റ്ററിൽ അക്ഷമനെന്നു തോന്നിപ്പിച്ചിരുന്ന രോഷാകുലനായ മാനേജർ ക്ഷമയോടെ ആ ദൗത്യം തുടങ്ങി. ഇറ്റാലിയൻ ടീമിൽ നിന്ന് ‘ഇറ്റലി’യെ എടുത്തുകളഞ്ഞതായിരുന്നു ആദ്യമാറ്റം. 

∙ ഇരമ്പിയാർക്കുന്ന ഇറ്റലി

വെംബ്ലിയിൽ അസൂറികളുടെ വെന്നിക്കൊടി പാറുമ്പോൾ ആരാധകരും വിമർശകരും ഒരുപോലെ അംഗീകരിക്കുന്ന ഒന്നാകും ഇറ്റലിയെ ഈറ്റപ്പുലികളാക്കിയ ആ മാറ്റം. വാതിൽപ്പൂട്ട് എന്ന ഓമനപ്പേരുള്ള പ്രതിരോധക്കൂട്ടിന്റെ പേരിൽ ഒരേസമയം പുകഴ്ത്തലും ഇകഴ്ത്തലും കേട്ടുപോന്ന ഇറ്റാലിയൻ ശീലത്തിലാണ് കോച്ച് ആദ്യം കൈവച്ചത്. ആ പൂട്ട് തുറന്ന് ആക്രമണ ഫുട്ബോളിന്റെ തീ കോരിയിടുകയായിരുന്നു മാൻചീനി.

ലീഡെടുത്ത ശേഷം അതിൽ കടിച്ചു തൂങ്ങുന്ന രസംകൊല്ലികളെന്ന ലേബലിൽ നിന്ന് എതിരാളികളെ കടിച്ചു കുടഞ്ഞെറിയുന്ന ഈറ്റപ്പുലികളായുള്ള ഇറ്റാലിയൻ മാറ്റത്തിന്റേതായിരുന്നു ഈ യൂറോ. സ്വന്തം ബോക്സിലേക്ക് ഉൾവലിഞ്ഞു ശീലിച്ച താരക്കൂട്ടത്തിൽ നിന്നു പ്രതിരോധക്കാർ പോലും ഫൈനൽ തേഡിലേക്കു ഇരമ്പിക്കയറുന്നതു കണ്ടു ലോകം ഞെട്ടി. ഏതെങ്കിലുമൊരു താരത്തെ മാത്രം ആശ്രയിക്കാതെയുള്ള, പൊസഷനും പൊസിഷനിങ്ങും സമ്മേളിച്ച അറ്റാക്കിങ് ഗെയിം എതിരാളികൾക്കും പിടികൊടുത്തില്ല. 

italycelebrations
ഇറ്റാലിയൻ താരങ്ങൾ ഗോൾകീപ്പർ ഡോണരുമയുമായി (നടുക്ക്) ആഹ്ലാദം പങ്കിടുന്നു. Laurence Griffiths / POOL / AFP

∙ മറക്കില്ല, പ്രതിരോധം

പിവട്ട് റോളിൽ മാർക്കോ വെറാറ്റിയും ചെൽസിയിൽ  കാന്റെയുടെ നിഴലിൽ ഒതുങ്ങിയ ജോർജീഞ്ഞോയും ഇന്ററിന്റെ ഡൈനാമിറ്റ് മിഡ്ഫീൽഡർ ബറേല്ലയും യൂറോയിലൂടെ വൻക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായ സ്പിനസോളയും ഗോൾമുഖത്തേക്ക് ഇരച്ചെത്തിയതോടെ എതിർ പ്രതിരോധനിരകളും വിരണ്ടുപോയി. ഇവർക്കൊപ്പം കിയേസയും ഇമ്മൊബീലെയും ഇൻസിനെയും ചേർന്ന മിന്നൽ ത്രയം അപകടം വിതച്ചതിന്റെ ഫലമാണു തോൽവി അറിയാതെയുള്ള 34 മത്സരം പിന്നിട്ട ഇറ്റാലിയൻ അശ്വമേധം.

വൺ,ടൂ, ത്രീ...ഇറ്റാലിയൻ ശൈലിക്കു വശമില്ലാത്തവിധം ഗോളാക്രമണം അരങ്ങു തകർക്കുമ്പോഴും പ്രതിരോധത്തിൽ വിട്ടുവീഴ്ചയ്ക്കു മാൻചീനി തയാറായില്ല. ഗോൾ വഴങ്ങാതെ തലയുയർത്തി നിന്നതിനുള്ള ഇറ്റാലിയൻ റെക്കോർഡുമായാണു വയസ്സൻമാരെന്ന ആക്ഷേപം കേൾക്കുന്ന പ്രായത്തിൽ കില്ലെനിയും ബൊന്നൂച്ചിയും പ്രതിരോധക്കോട്ട കെട്ടിയത്. 

തുടർച്ചയായ1168 മിനിറ്റാണ് ഇവരും യുവതാരം ഡോണരുമയും ഗോൾ വഴങ്ങാതെ പിടിച്ചുനിന്നത്.ഗോളിലെ ഇതിഹാസം ദിനോ സോഫിന്റെ കാലത്തെ എക്കാലത്തേയ്ക്കും ‘സേഫ്’ എന്നു തോന്നിച്ച റെക്കോർ‍‍ഡാണു വീണതെന്നു കൂടി അറിയുമ്പോൾ ആരുമൊന്നു കയ്യടിച്ചുപോകും.

English Summary: Italy, who failed to qualify for 2018 world cup, lifts Euro Cup under coach Roberto Mancini

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com