പെനൽറ്റി തുലച്ചവർക്കു വംശീയ അധിക്ഷേപം; ലണ്ടനിൽ തമ്മിലടിച്ച് ‘ആരാധകർ’- വിഡിയോ
Mail This Article
ലണ്ടൻ∙ യൂറോ കപ്പ് ഫൈനലിലെ തോൽവിക്കു പിന്നാലെ ‘തനിനിറം’ പുറത്തെടുത്ത് ഇംഗ്ലണ്ട് ആരാധകർ. ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ ഇംഗ്ലണ്ടിന്റെ പെനൽറ്റി കിക്കുകൾ പാഴാക്കിയ മാർക്കസ് റാഷ്ഫഡ്, ജെഡൻ സാഞ്ചോ, ബുക്കായോ സാക എന്നിവരെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ ആരാധകർ വൻ തോതിൽ ട്രോളുകൾ പ്രചരിപ്പിച്ചു.തോൽവിക്കു പിന്നാലെ ആരാധകർ ലണ്ടനിൽ തമ്മിലടിക്കുകയും വ്യാപക ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.
അക്രമ സംഭവങ്ങളിൽ 45 പേരെ പൊലീസ് അറസ്റ്റു ചെയ്തു. താരങ്ങളെ വംശീയമായി അധിക്ഷേപിച്ചവർക്കെതിരെ ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും തുല്യത (1–1) പാലിച്ച മത്സരത്തിലെ ഷൂട്ടൗട്ടിൽ 3–2നാണ് ഇറ്റലി വിജയിച്ചത്.
ഹാരി കെയിൻ, ഹാരി മഗ്വയിർ എന്നിവർ ആദ്യ രണ്ടു കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചെങ്കിലും പിന്നീടു റാഷ്ഫഡ്, സാഞ്ചോ, സാക എന്നിവർക്കു പിഴച്ചതോടെയായിരുന്നു ഇംഗ്ലണ്ടിന്റെ തോൽവി. മറുവശത്ത് ആന്ദ്രെ ബേലോറ്റി, ജോർജീഞ്ഞോ എന്നിവർ ഇറ്റലിയുടെ പെനൽറ്റി പാഴാക്കിയിരുന്നു.
‘തങ്ങൾക്കുള്ളതെല്ലാം ടീമിനായി നൽകിയ ചില താരങ്ങളെ തോൽവിക്കു പിന്നാലെ വേർതിരിച്ചു നിർത്തുകയും അധിക്ഷേപിക്കുകയും ചെയ്തതിൽ കടുത്ത അമർഷമുണ്ട്. ഞങ്ങളുടെ കളിക്കാർക്കൊപ്പമാണു ഞങ്ങൾ–’ ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ ട്വീറ്റ് ചെയ്തു.
ഓൺലൈനിൽ നടക്കുന്ന ഇത്തരം വംശീയ അധിക്ഷേപങ്ങള്‍ അനുവദിക്കില്ലെന്നും ഇത്തരം ആരാധകരെ വച്ചുപൊറുപ്പിക്കില്ലെന്നും ബോർഡ് വ്യക്തമാക്കി. വംശീയ അധിക്ഷേപത്തിനെതിരെ പ്രത്യക്ഷത്തിൽ നിലപാടെടുത്ത ഇംഗ്ലണ്ട് ഫുട്ബോൾ ടീം ഫൈനൽ ഉൾപ്പെടെയുള്ള എല്ലാ മത്സരങ്ങള്‍ക്കു മുൻപും ഗ്രൗണ്ടിൽ പ്രതീകാത്മകമായി ഒരു മുട്ടിൽ ഊന്നി നിന്നിരുന്നു.
പകരക്കാരായി കളത്തിലിറക്കിയ സാഞ്ചോ, റാഷ്ഫഡ് എന്നിവരെക്കൊണ്ടു പെനൽറ്റി കിക്കുകൾ എടുപ്പിക്കുകയും അതേ സമയം റഹിം സ്റ്റെർലിങ്ങിന് അവസരം നൽകാതിരിക്കുകയും ചെയ്ത പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റും ആരാധകരുടെ രൂക്ഷ വിമർശനമാണ് ഏറ്റുവാങ്ങുന്നത്. എന്നാൽ ഏറ്റവും മികച്ച രീതിയിൽ പെനൽറ്റി കിക്ക് എടുക്കുന്നവർക്കാണ് അവസരം നൽകിയതെന്നും ജയത്തിലും തോൽവിയിലും ടീം ഒറ്റക്കെട്ടായിരിക്കുമെന്നും മത്സരശേഷം സൗത്ത്ഗേറ്റ് പറഞ്ഞു.
English Summary: Euro 2020 Final: England Penalty-Takers Hit By "Disgusting" Racist Abuse After Loss To Italy