ADVERTISEMENT

റിയോ ഡി ജനീറോ∙ ഏറെക്കുറെ ഒരുമിച്ച് തുടങ്ങിയ കോപ്പ അമേരിക്ക, യൂറോ കപ്പ് എന്നീ ഫുട്ബോൾ ടൂർണമെന്റുകൾക്ക് ഒരുമിച്ച് തിരശീല വീണെങ്കിലും, അവ സൃഷ്ടിച്ച ആവേശത്തിരയിളക്കം അങ്ങനെയൊന്നും അവസാനിച്ചേക്കില്ല. കോപ്പ, യൂറോ ടൂർണമെന്റുകൾ സൃഷ്ടിച്ച ആവേശം പുതിയ തലത്തിലേക്ക് ഉയർത്തി ഒരു സൂപ്പർ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നതായി റിപ്പോർട്ട്. കോപ്പ അമേരിക്ക ചാംപ്യൻമാരായ ലയണൽ മെസ്സിയുെട അർജന്റീനയും യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും മുഖാമുഖമെത്തുന്ന ഒരു ‘സൂപ്പർ കപ്പ് ’ മത്സരം നടത്താനുള്ള ഒരുക്കങ്ങൾ അണിയറയിൽ സജീവമാണെന്നാണ് വിവരം.

ദക്ഷിണ അമേരിക്കൻ ഫുട്ബോൾ സംഘടനയായ ‘കോൺമെബോലാ’ആണ് ഇത്തരമൊരു ആശയത്തിനു പിന്നിൽ. അർജന്റീനയും ഇറ്റലിയും തമ്മിലുള്ള പോരാട്ടത്തിന്റെ സാധ്യത തേടി കോൺമെബോൽ, യൂറോ കപ്പിന്റെ സംഘാടകരായ യുവേഫയെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ യുവേഫ നിലപാട് വ്യക്തമാക്കിയിട്ടില്ല.

നേരത്തെ, വൻകരാ ടൂർണമെന്റുകളിലെ ജേതാക്കൾ മുഖാമുഖമെത്തുന്ന ടൂർണമെന്റ് ‘ഫിഫ കോൺഫെഡറേഷൻസ് കപ്പ്’ എന്ന പേരിൽ സംഘടിപ്പിച്ചിരുന്നു. ഈ ടൂർണമെന്റ് പാതിവഴിയിൽ നിന്നുപോയി. 2017ൽ റഷ്യയിലാണ് ഏറ്റവും ഒടുവിൽ കോൺഫെഡറേഷൻസ് കപ്പ് നടന്നത്. അന്ന് ജർമനിയായിരുന്നു ജേതാക്കൾ.

കോൺഫെഡറേഷൻസ് കപ്പിനു പുറമെ, യൂറോ കപ്പിലെയും കോപ്പ അമേരിക്കയിലെയും ജേതാക്കൾക്കായി അർത്തേമിയോ ഫ്രാഞ്ചി ട്രോഫി 1985ലും 1993ലും സംഘടിപ്പിച്ചിരുന്നു. ഫ്രാൻസ് ആയിരുന്നു ഈ ടൂർണമെന്റിലെ ആദ്യ ജേതാക്കൾ. യുറഗ്വായെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അന്ന് ഫ്രാൻസ് തോൽപ്പിച്ചത്. 1993ൽ ഡെൻമാർക്കിനെ തോൽപ്പിച്ച് അർജന്റീനയും ജേതാക്കളായി.

യൂറോ, കോപ്പ ചാംപ്യൻമാർ തമ്മിൽ മാറ്റുരയ്ക്കുന്ന മത്സരം അണിയറയിൽ ഒരുങ്ങുമ്പോഴും, അത് ഉടനെയൊന്നും നടക്കില്ലെന്നാണ് വിവരം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 2022ലെ ഫിഫ ലോകകപ്പിനു മുന്നോടിയായി ഈ മത്സരം സംഘടിപ്പിക്കാനാണ് ശ്രമം.

English Summary: Lionel Messi could lead Argentina against Italy in a 'Super Cup'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com