ADVERTISEMENT

വെംബ്ലിയിൽ ഒരു വാടാമുല്ലയായി വിരിഞ്ഞു തുടങ്ങിയതാണ് ഇംഗ്ലണ്ട്. സ്വന്തം മണ്ണിന്റെ വിരിമാറിൽ, സ്വന്തം കാണികളുടെ ചൂടും ചൂരുമറിഞ്ഞു കത്തിപ്പടർന്ന ഇംഗ്ലിഷ് മുന്നേറ്റങ്ങളും ‘ഇറ്റ്സ് കമിങ് ഹോം’ എന്നു മന്ത്രിക്കുകയായിരുന്നു. പുതിയ വെംബ്ലി സ്റ്റേഡിയത്തിൽ പുതിയ ഇംഗ്ലണ്ടിന്റെ പിറവി പ്രതീക്ഷിച്ചിടത്തു മെല്ലെ റോബർട്ടോ മാൻചീനിയുടെ ഇറ്റാലിയൻ ബ്രിഗേഡ് നുഴഞ്ഞുകയറി. ഒടുവിൽ പെനൽറ്റി ഷൂട്ടൗട്ട് എന്ന ഭാഗ്യനിർഭാഗ്യങ്ങളുടെ ലോട്ടറിയിൽ ഗാരെത് സൗത്ത്ഗേറ്റിന്റെയും സംഘത്തിന്റെയും ചീട്ടു കീറി. യൂറോയുടെ ചരിത്രത്തിലെ ആദ്യ ഫൈനൽ കളിച്ച ഇംഗ്ലണ്ടിനു കപ്പിനും ചുണ്ടിനുമിടയിൽ കിരീടനഷ്ടം. 

യൂറോപ്പിന്റെ കിരീടം ഇതാദ്യമായി ഇംഗ്ലിഷ് പ്രിമിയർ ലീഗിന്റെ നാട്ടിലെത്തുമെന്നു കൊതിപ്പിച്ച ശേഷം നിർഭാഗ്യത്തിനു വഴിമാറുമ്പോൾ ഗാരെത് സൗത്ത്ഗേറ്റ് എന്ന മനുഷ്യൻ കേട്ട പഴികൾ കൂടി വഴിമാറേണ്ടതാണ്. പക്ഷേ, ഇംഗ്ലണ്ടിനെ റഷ്യൻ ലോകകപ്പിന്റെ സെമിഫൈനലിലേക്കു നയിച്ചിട്ടും വിമർശനങ്ങളുടെ ശരശയ്യയിൽ പെട്ടുപോയ സൗത്ത്ഗേറ്റിനു സമാന അനുഭവമാണു യൂറോയും സമ്മാനിക്കുന്നത്.

southgate-saka
ബുകായോ സാകയെ ആശ്വസിപ്പിക്കുന്ന ഗാരത് സൗത്ത്ഗേറ്റ്.

ഇറ്റാലിയൻ ഫുട്ബോളിലെ ‘നവോത്ഥാനം’ എന്നു വിശേഷിപ്പിക്കാവുന്ന മാറ്റങ്ങൾ സൃഷ്ടിച്ചു വെംബ്ലിയിൽ ഇംഗ്ലണ്ടിനെ കീഴടക്കിയ ഇറ്റാലിയൻ കോച്ച് റോബർട്ടോ മാൻചീനിയുടെ അതേ പാതയിലാണു സൗത്ത്ഗേറ്റ് എന്ന ഇംഗ്ലിഷ് കോച്ചും. കഴിഞ്ഞ യൂറോയിൽ ഐസ്‌ലൻഡിനെതിരായ ഞെട്ടിക്കുന്ന തോൽവിയോടെ പുറത്തുപോയ ഇംഗ്ലണ്ടിനെ ഇന്നത്തെ ഇംഗ്ലണ്ട് ആക്കിയതു സൗത്ത്ഗേറ്റാണ്. യൂറോയിലെ കന്നി ഫൈനലും ലോകകപ്പിന്റെ സെമിഫൈനലും നേട്ടങ്ങളായി നിരന്നിട്ടും മാൻചീനിക്കു ലഭിച്ച സ്വീകാര്യതയോ അംഗീകാരമോ സൗത്ത്ഗേറ്റിനു നൽകാൻ ഇംഗ്ലിഷുകാർ പോലും തയാറാകുന്നില്ല.

∙ വിജയത്തിനും വിമർശനത്തിനും നടുവിൽ

ലോകം അസൂയപ്പെടുന്നൊരു ലീഗും ലോകമെമ്പാടും ആരാധകരുള്ള ക്ലബ്ബുകളും വിഗ്രഹങ്ങളായി വളർന്ന താരങ്ങളും സ്വന്തമായിട്ടും ലോകവേദികളിൽ ത്രീ ലയൺസിന്റെ ഗർജനം അടുത്ത നാളുകളിലൊന്നും മുഴങ്ങിയിരുന്നില്ല. നിരാശയിൽ നിന്നു നിരാശയിലേക്ക് ഇംഗ്ലിഷ് ഫുട്ബോൾ സഞ്ചരിക്കുന്ന നാളുകളിലാണു ഇടക്കാല പരിശീലകനായി ടീമിന്റെ ചുമതലയിലെത്തി ഗാരെത് സൗത്ത്ഗേറ്റ് വിസ്മയമെന്നുതന്നെ വിശേഷിപ്പിക്കേണ്ട നേട്ടങ്ങൾ ഒരുക്കിയത്. എന്നിട്ടും കയ്യടികളെക്കാളേറെ കുത്തുവാക്കുകൾ നിറഞ്ഞതായിരുന്നു ഈ മുൻതാരത്തിനു സ്വന്തം നാട്ടുകാർ നൽകിയ സ്വീകരണം.

തോൽവിയുടെയോ തിരിച്ചടികളുടെയോ പേരിലായിരുന്നില്ല പലപ്പോഴും ആ വിമർശനങ്ങൾ. ടീം ജയിക്കുമ്പോഴും ജനപ്രിയമെന്നു തോന്നിക്കാത്ത തന്ത്രങ്ങളുടെയും ടീം തിരഞ്ഞെടുപ്പിന്റെയും പേരിൽ കുറ്റപ്പെടുത്തലുകളാണു മുൻ ഇംഗ്ലിഷ് ഡിഫൻഡറെ തേടിവന്നിരുന്നത്. യൂറോ പോലൊരു വലിയ വേദിയിൽ കലാശപ്പോരാട്ടത്തിലേക്കു മുന്നേറിയ ടീമിന്റെ സിലക്ഷനിൽ തുടങ്ങി ഫൈനൽ പ്ലേയിങ് ഇലവന്റെ കാര്യത്തിൽ വരെ പരാതികൾ കേട്ട ആദ്യ കോച്ചാകും സൗത്ത്ഗേറ്റ്. സാം അല്ലാർഡൈസിനു പകരം ‘താൽക്കാലിക’ പരിശീലകനായി ഇംഗ്ലിഷ് ചുമതലയിലെത്തി തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച സൗത്ത്ഗേറ്റ് ആക്ഷേപങ്ങളെ വാക്കുകൾ കൊണ്ടു പ്രതിരോധിക്കുന്നതിനു പകരം പ്രവർത്തിച്ചു കാണിക്കാനാണു തീരുമാനിച്ചത്. 

englanddissapointment

യൂറോ കിക്കോഫിനു മുൻപേ കോച്ചിന്റെ പ്രതിരോധനിര വിമർശനങ്ങളുടെ കേന്ദ്ര സ്ഥാനമായിരുന്നു. എന്നാൽ കളി തുടങ്ങിയതോടെ ആ കനലുകൾ ഒരു തരി പോലും ഇല്ലാതെ കെട്ടടങ്ങി. ഇംഗ്ലിഷ് വലയിൽ ഒരു ഗോൾ വീഴുന്നതു കാണാൻ (അതുമൊരു ഫ്രീകിക്ക് ഗോൾ) വിമർശകർക്കു സെമിഫൈനൽ വരെ കാത്തിരിക്കേണ്ടിവന്നു.

പ്രതിരോധത്തിൽ പഴികേട്ടു കടന്നുവന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലൂക്ക് ഷാ മുൻ കോച്ച് ഹോസെ മൗറിഞ്ഞോ അടക്കമുള്ള ‘ശത്രുക്കളിൽ’ നിന്നുവരെ അഭിനന്ദനം കേട്ടു. ആക്രമണ ഫുട്ബോൾ കൊണ്ടു ത്രസിപ്പിച്ച ഇറ്റലിയുടെ ഉണർവിനും വെംബ്ലിയിൽ ഒരു ഗോളിനായി ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു. ജാക്ക് ഗ്രീലിഷിനെപ്പോലൊരു മധ്യനിര താരത്തെ ബഞ്ചിൽ ഇരുത്തിയതായിരുന്നു വിമർശകരെ ഏറ്റവും പ്രകോപിപ്പിച്ച തീരുമാനം.

ആസ്റ്റൺവില്ലയുടെ മിഡ്ഫീൽഡ് ജനറലിനെ ഇറക്കണമെന്ന ജനവികാരം അവഗണിച്ചു മധ്യത്തിൽ ഡബിൾ പിവട്ട് റോളിൽ കോച്ച് അവതരിപ്പിച്ച ഡെക്ലാൻ റൈസും കാൽവിൻ ഫിലിപ്സും പക്ഷേ, യൂറോയിലെ ശ്രദ്ധേയ ജോടികളായി മാറി. ജാക്ക് ഗ്രീലിഷിനെ ‘അൺലീഷ്’ ചെയ്യുന്നൊരു തീരുമാനമാണു കോച്ച് കൈക്കൊണ്ടിരുന്നതെങ്കിൽ കഥ മറ്റൊന്നായേനെ എന്ന വാദങ്ങൾ ഇപ്പോഴും സജീവമാണ്. പൂർണമായും തള്ളിക്കളയാനാകില്ലെങ്കിലും കന്നി ഫൈനലിന്റെ എക്സ്ട്രാ ടൈം വരെ ടീമിനെയെത്തിച്ച പരിശീലകന്റെ മറുവാദവും അവഗണിക്കാനാവില്ല. മാഞ്ചസ്റ്റർ സിറ്റി വിൽപനയ്ക്കു വച്ച റഹിം സ്റ്റെർലിങ്ങിനെ പത്താം നമ്പറിൽ ടീമിലെ അവിഭാജ്യഘടകമാക്കിയതും പലരുടെയും നെറ്റിചുളിപ്പിച്ചു. ആദ്യ മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്കു കൈപിടിച്ചാണു സ്റ്റെർലിങ്ങിന്റെ മിടുക്കും വേഗവും കോച്ചിന്റെ തീരുമാനം ശരിവച്ചത്. 

∙ സ്പോട്ട് കിക്കിൽ വീണ ബ്ലാക്ക് സ്പോട്ട്

കാൽനൂറ്റാണ്ടു മുൻപൊരു യൂറോയിൽ ജർമനിക്കെതിരെ പെനൽറ്റി പാഴാക്കി ഇംഗ്ലിഷ് തോൽവിയുടെ കയ്പ്പേറിയ മുഖമായ സൗത്ത്ഗേറ്റിന്റെ പ്രായശ്ചിത്തം ആയി മാറേണ്ടതായിരുന്നു ഈ കിരീടധാരണം. അന്നുതൊട്ടേ ഇംഗ്ലിഷ് ആരാധകരുടെ വിമർശനങ്ങളുടെ നടുവിലായ ഈ അൻപതുകാരനു വീണ്ടുമൊരു ഷൂട്ടൗട്ട് ദുരന്തമാണു വെംബ്ലി വിധിച്ചത്. വെംബ്ലിയിലെ പരാജയചിത്രങ്ങൾക്കൊപ്പംതന്നെ കടന്നുവരുന്ന ഒന്നാകും ലോങ് വിസിലിനു തൊട്ടുമുൻപേയുള്ള ആ ഡബിൾ സബ്സ്റ്റിറ്റ്യൂഷൻ.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിശ്വസ്തനായ മാർക്കസ് റാഷ്ഫോ‍ഡിനെയും പുതിയ താരം ജേഡൻ സാഞ്ചോയെയും ഷൂട്ടൗട്ടിലെ വജ്രായുധങ്ങളായാണു സൗത്ത്ഗേറ്റ് അവതരിപ്പിച്ചത്. ഭാഗ്യം ഒരു കണിക കണക്കിൽ ഒപ്പം ചേർന്നിരുന്നുവെങ്കിൽ ആരാധകർ ഇംഗ്ലിഷ് കിരീടത്തിനൊപ്പം കോച്ചിന്റെ ആ തീരുമാനത്തെയും ഉയർത്തിയേനെ. പക്ഷേ, ഇരുതാരങ്ങളുടെയും ശ്രമങ്ങൾ ഗോളിൽ തൊടാതെ മടങ്ങിയതോടെ തിരിച്ചടിച്ച സാഹസമായി മാറി ആ തീരുമാനം. കോച്ച് എന്ന നിലയിൽ സൗത്ത്ഗേറ്റ് മാത്രമല്ല, ഇംഗ്ലിഷ് ഫുട്ബോളിന്റെ അഭിമാന സ്തംഭങ്ങളിലൊന്നായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന മുഖംകൂടിയായ മാർക്കസ് റാഷ്ഫോ‍ഡും വെംബ്ലി ദൗർഭാഗ്യത്തിന്റെ പേരിൽ പരിധി വിടുന്ന ശകാരവർഷങ്ങൾക്കു നടുവിലാണ്.

പെനൽറ്റി പാഴാക്കിയ മാർക്കസ് റാഷ്ഫഡിന്റെ നിരാശ (ട്വിറ്റർ ചിത്രം)
പെനൽറ്റി പാഴാക്കിയ മാർക്കസ് റാഷ്ഫഡിന്റെ നിരാശ (ട്വിറ്റർ ചിത്രം)

1996 ലെ യൂറോ സെമിയിൽ സൗത്ത്ഗേറ്റുൾപ്പെടുന്ന ഇംഗ്ലണ്ട് ടീം ഷൂട്ടൗട്ടിൽ പുറത്താകുമ്പോൾ ഇംഗ്ലിഷ് കോച്ച് അന്നു നേരിട്ട പ്രധാന വിമർശനമായിരുന്നു റോബി ഫോളർ എന്ന സ്പോട്ട് കിക്ക് വിദഗ്ധനെ ബഞ്ചിൽ ഒതുക്കിയ തീരുമാനം. പിഴച്ചുപോയ ആ ഓർമകളുടെ തെറ്റുതിരുത്തലെന്ന നിലയ്ക്കുകൂടിയാകും ഗാരെത് സൗത്ത്ഗേറ്റ് വെംബ്ലിയിൽ ഒരുപടി കൂടി കടന്നു ചിന്തിച്ചത്. മൂന്നു വർഷം മുൻപു റഷ്യൻ ലോകകപ്പിൽ കൊളംബിയയ്ക്കെതിരെ ഇതുപോലൊരു ഘട്ടത്തിൽ വന്നു ലക്ഷ്യം കണ്ടയാളാണു റാഷ്ഫോ‍ഡ് എന്ന ഇരുപതുകാരൻ.

ഇറ്റലിയുടെ ഇതിഹാസഗോളി ബഫൺ കാവൽനിന്ന പിഎസ്ജി വലയിലൊരു ‘ഇൻജ്വറി ടൈം പെനൽറ്റി’ കയറ്റി യുണൈറ്റഡിനെ ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ എത്തിച്ചതായിരുന്നു റാഷ്ഫോ‍ഡിന്റെ ക്ലബ് കരിയറിലെ ആദ്യ സ്പോട്ട് കിക്ക്. ഫുട്ബോൾ കണക്കുകളിലെ ഏതു വഴികളിലൂടെ സഞ്ചരിച്ചാലും പിഴവ് കണ്ടെത്താൻ ഇടയില്ലാത്ത തീരുമാനങ്ങളാണു റാഷ്ഫോ‍ഡിനെയും സാഞ്ചോയെയും കൊണ്ടുവന്ന നീക്കം. കരിയറിൽ ഇതേവരെയെടുത്ത 17 പെനൽറ്റി കിക്കുകളിൽ 15 എണ്ണവും വിജയത്തിലെത്തിച്ച ‘കൂൾ ഹെഡ്’ ആണു റാഷ്ഫോ‍ഡ്. ഇംഗ്ലണ്ടിന്റെ വെള്ളക്കുപ്പായത്തിൽ ഒരു വട്ടം പോലും പിഴച്ചിട്ടുമില്ലായിരുന്നു റാഷ്ഫോ‍ഡിന്റെ 12 വാര ദൗത്യങ്ങൾ. ബുന്ദസ്‌ലിഗയിൽ നിന്നു യുണൈറ്റഡിലൂടെ പ്രിമിയർ ലീഗിലെത്തുന്ന യുവതാരം ജേഡൻ സാഞ്ചോയ്ക്കും ഗോളിലെ നേർക്കുനേർ പോരാട്ടത്തിൽ മികവിന്റെ കഥകളാണുള്ളത്. ഇതുവരെ ഏറ്റെടുത്തത് 11 സ്പോട്ട് കിക്ക്. അതിൽ പത്തും വലയിലെത്തിച്ചിട്ടുണ്ട് സാഞ്ചോ.

∙ ദോഹയിൽ തുറക്കുമോ ‘വിജയകവാടം’ ?

കിരീടമെന്ന നേട്ടം ബാക്കിയെങ്കിലും വിമർശനങ്ങളുടെ കരകാണാക്കടലിനു നടുവിലെങ്കിലും ദേശീയ ടീമിന്റെ തലപ്പത്തു ഗാരെത് സൗത്ത്ഗേറ്റ് എന്ന തന്ത്രജ്ഞൻ തുടരാനാണു സാധ്യത. കിറുക്കൻ കോച്ച് എന്ന വിശേഷണമാണ് ഏറെയെങ്കിലും സൗത്ത്ഗേറ്റിന്റെ കീഴിൽ കഴിഞ്ഞ അഞ്ചു വർഷമായി ഇംഗ്ലണ്ട് സംഘം സൃഷ്ടിച്ച കണക്കുകൾ മികവിന്റെ കിറുകൃത്യ ചിത്രം നൽകും. ഇതേവരെ 61 മത്സരങ്ങളിലാണു വാട്ഫഡുകാരനു കീഴിൽ ത്രീലയൺസ് കളിച്ചത്. ഇതിൽ 39 വിജയങ്ങൾ.പരാജയങ്ങൾ 10. വിജയശതമാനം 63.9 %.  

കിരീടം തേടിയുള്ള ഇംഗ്ലിഷ് യാത്രയ്ക്കും പുതിയ വെംബ്ലിയിൽ അവസാനമാകുന്നില്ല, ഇനി പുതിയ യാത്രയാണ്. അ‍ഞ്ചര പതിറ്റാണ്ടും കഴിഞ്ഞു നീളുന്ന ഇംഗ്ലണ്ടിന്റെ കിരീടാന്വേഷണം ഇപ്പോഴും സൗത്ത്ഗേറ്റിനൊപ്പം വിജയകവാടം തേടുകയാണ്. ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ വമ്പൻ ക്ലബ്ബുകളുടെ ഭാഗമല്ലാത്ത ഹാരി കെയ്ൻ എന്ന സ്ട്രൈക്കറെ മുൻനിർത്തിയ ടീമുമായി, ബെക്കാമും റൂണിയും ജെറാർദും ലാംപാഡുമെല്ലാം ശ്രമിച്ചിട്ടു നടക്കാതെപോയ കിരീടസ്വപ്നത്തിന് അരികെയെത്തിയ സൗത്ത്ഗേറ്റിനു വിമർശനങ്ങളെ ഇനി കണ്ടില്ലെന്നു നടിക്കാം.

ലോകത്തേറ്റവും മൂല്യമുള്ള ഫുട്ബോൾ ലീഗ് സ്വന്തമായിട്ടും ലോക ഫുട്ബോളിൽ 1966ലെ ലോകകപ്പ് ജയം മാത്രം പറയാനുണ്ടായിരുന്ന ഇംഗ്ലണ്ടിന് അഭിമാനത്തിന്റെ പുതിയ അധ്യായം രചിച്ച ‘ഗ്രാൻഡ് മാസ്റ്റർ’ തന്നെയാണ് ഇപ്പോൾ സൗത്ത്ഗേറ്റ്. മാസങ്ങൾക്കപ്പുറം ഖത്തറിന്റെ മണ്ണിൽ ലോകകപ്പിന്റെ വിസിൽ ഉയരും. ‘ഇറ്റ്സ് കമിങ് ഹോം’ ആരവങ്ങളും ഇടവേള കഴിഞ്ഞു തിരിച്ചെത്തും. ഗാരെത് സൗത്ത്ഗേറ്റിന്റെയും ഹാരി കെയ്നിന്റെയും ‘ഫൈനൽ ഡെസ്റ്റിനേഷൻ’ കൂടിയാണു ഖത്തറിലെ കളങ്ങൾ. വെംബ്ലിയിൽ കീഴടങ്ങിയ ഇംഗ്ലണ്ട് ആകില്ല, ഗ്രീലിഷും സാഞ്ചോയും ഫോഡനും റാഷ്ഫോ‍ഡുമെല്ലാം ഒരു പടക്കുതിരകളായി വളർന്നുകഴിഞ്ഞ ‘മോൺസ്ട്രസ് ആർമി’യാകും ആ വരവിൽ സൗത്ത്ഗേറ്റിന്റെ ത്രീലയൺസ്.

English Summary: England Football Team Prepares For Qatar World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com