മാർക്കോ മറ്റെരാസി @ 48
Mail This Article
2006ലെ ഫുട്ബോൾ ലോകകപ്പിൽ ഇറ്റലിയുടെ കിരീടനേട്ടത്തിന്റെ പ്രധാന കാരണക്കാരനായ മാർക്കോ മറ്റെരാസിക്ക് ഇന്നു 48–ാം പിറന്നാൾ. 2006ലെ ഫൈനലിൽ ഫ്രാൻസിനെതിരെ ഇറ്റലിയുടെ ഗോൾനേട്ടക്കാരനായിരുന്നു ഈ പ്രതിരോധനിര താരം. പക്ഷേ, ഫൈനലിൽ ഫ്രഞ്ച് ക്യാപ്റ്റൻ സിനദിൻ സിദാന്റെ തലയ്ക്കിടിക്ക് ഇരയായ സംഭവമാണു മറ്റെരാസിയെ ഏറെക്കാലം വിവാദങ്ങളിലും വാർത്തകളിലും സജീവമാക്കി നിർത്തിയത്.
തലകൊണ്ട് മറ്റെരാസിയുടെ നെഞ്ചിലിടിച്ച സിദാൻ ചുവപ്പുകാർഡ് കണ്ട് പുറത്തായപ്പോൾ ഷൂട്ടൗട്ടിൽ ഇറ്റലി കിരീടം നേടി. ഇടിയേൽക്കുന്നതിനു മുൻപു സിദാന്റെ സഹോദരിയെപ്പറ്റി താൻ പ്രകോപനപരമായി സംസാരിച്ചെന്നു മറ്റെരാസി പിന്നീട് വെളിപ്പെടുത്തിയിരുന്നു.
2001ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച മറ്റെരാസി ഇറ്റലിക്കായി 41 മത്സരങ്ങൾ കളിച്ചു. 2001 മുതൽ 10 വർഷം ഇന്റർമിലാന്റെ ഭാഗമായി 270 മത്സരങ്ങൾ കളിച്ചു; 15 കിരീടനേട്ടങ്ങളിൽ പങ്കാളിയായി. 2011ൽ വിരമിക്കൽ പ്രഖ്യാപിച്ചു. 2014ലെ പ്രഥമ സീസൺ മുതൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി. ആദ്യ സീസണിൽ ചെന്നൈയിൻ എഫ്സിക്കു വേണ്ടി 7 കളികളിൽ ബൂട്ടണിഞ്ഞ മറ്റെരാസി പിന്നീടു പരിശീലക സ്ഥാനം ഏറ്റെടുത്തു. 2–ാം സീസണിൽ മറ്റെരാസിക്കു കീഴിൽ ടീം കിരീടവും നേടി. മൂന്നാംസീസണിനുശേഷം ചെന്നൈ ക്ലബ് വിട്ട മറ്റെരാസി ഇപ്പോൾ പരസ്യ ചിത്രങ്ങളിൽ സജീവമാണ്.
English Summary: Italian former footballer Marco Materazzi at 48