ADVERTISEMENT

ചെൽസിയിൽ ഒൻപതാം നമ്പർ ജഴ്സിയുടെ ശാപം അവസാനിപ്പിക്കാൻ ബൽജിയം താരം റൊമേലു ലുക്കാകുവിന് കഴിയുമോ? ചെൽസി ആരാധകരുടെ ചർച്ചയിലെ കത്തുന്ന വിഷയമാണിത്. ടീമിന്റെ ഒൻപതാം നമ്പർ ജഴ്സി സ്വീകരിക്കുന്ന കളിക്കാരൻ കളിമികവ് പിന്നാക്കം പോകുമെന്ന വിശ്വാസം ഏറെക്കാലമായി പ്രാചരത്തിലുണ്ട്. ലോകോത്തര സ്ട്രൈക്കർമാർ പോലും ഒൻപതാം നമ്പറിന്റെ ശാപത്തിൽ മുട്ടുകുത്തിയിട്ടുണ്ടെന്നും ആരാധകർ സാമൂഹിക മാധ്യമ ചർച്ചകളിൽ ഉന്നയിക്കുന്നു.

സ്ട്രൈക്കർ ടാമി എബ്രഹാം ടീം വിട്ടതോടെ പുതുതായി ടീമിലെത്തിയ ലുക്കാകു ഒൻപതാം നമ്പർ ജഴ്സി സ്വീകരിച്ചതോടെയാണ് ആരാധകരുടെ നെഞ്ചിടിപ്പു കൂടിത്തുടങ്ങിയത്. ലുക്കാകുവിന് ജഴ്സിയുടെ ശാപം ഇല്ലാതാക്കാൻ കഴിയുമെന്ന് ഒരു വിഭാഗം ആരാധകർ വിശ്വസിക്കുമ്പോൾ, താരം കാട്ടിയത് മണ്ടത്തരമാണെന്ന് മറ്റൊരു കൂട്ടർ പറയുന്നു. ചെൽസിക്ക് മാത്രമല്ല ലോക ഫുട്ബോളിലെ മറ്റുചില വമ്പന്മാർക്കും ജഴ്സി ശാപം ഉണ്ടെന്നാണ് ഫുട്ബോളിലെ ഒരു കൂട്ടത്തിന്റെ വിശ്വാസം.

∙ ജേഴ്സി ശാപം എന്ത്?

1999–2000 സീസണിലാണ് ചെൽസിയുടെ ഒൻപതാം നമ്പർ ശാപം തുടങ്ങുന്നത്. ഒൻപതാം നമ്പർ ജഴ്സി അണിഞ്ഞ ക്രിസ് സട്ടൺ വൻ പരാജയമായിരുന്നു. പിന്നീട് വന്ന താരങ്ങളാരും നീലക്കുപ്പായത്തിൽ വിജയമായില്ല. ജിമ്മി ഫ്ലോയ്ഡ് ഹാസൽബേങ്ക് മാത്രമാണ് ഇതിന് ഒരു അപവാദം. താരം ടീം വിട്ട ശേഷം ഈ സ്ഥാനത്ത് ഒട്ടേറെ താരങ്ങൾ വന്നുപോയി. അന്നു മുതൽ ഇന്നു വരെ ചെൽസിയുടെ ഒൻപതാം നമ്പർ ജഴ്സി കളിക്കാരുടെ പേടി സ്വപ്നമാണ്. ചെൽസി ഇതിഹാസ സ്ട്രൈക്കർ ദിദിയർ ദ്രോഗ്ബ പോലും ഒൻപതാം നമ്പറിൽ കളിച്ചിട്ടില്ല.  

∙ ‘ശപിക്കപ്പെട്ട’ താരങ്ങൾ 

∙ ഹെർനൻ ക്രെസ്പോ: ആദ്യ സീസണിൽ 13 ഗോളുകൾ നേടിയ താരം തുടർന്ന് ലോൺ അടിസ്ഥാനത്തിൽ എസി മിലാനിലും കളിച്ചു. രണ്ടാം വരവിൽ 13 ഗോളുകൾ കൂടി അടിച്ച് പ്രീമിയർ ലീഗും നേടിയങ്കിലും പിന്നാലെ ഇന്റർ മിലാനിലേക്ക് കൂടുമാറി. 

∙ മത്തേയാ കെസ്മാൻ: പിഎസ്‌വി ഐന്തോവനിൽ നിന്ന് ചെൽസിയിലെത്തിയ സെർബിയൻ താരം ആകെ കളിച്ചത് 41 മത്സരങ്ങൾ. നേടിയതാകട്ടെ 7 ഗോളുകൾ മാത്രം. ദ്രോഗ്ബയുടെയും ഐഡർ ഗുഡ്ജോൺസന്റെയും നിഴലിൽ ഒതുങ്ങിയ താരത്തിന് കളിസമയവും പരിമിതമായിരുന്നു. 

∙ ഖാലിദ് ബൗലാറോസ്: ജർമൻ ക്ലബ് എസ്‌വി ഹാംബർഗിൽ നിന്ന് ചെൽസിയിലേക്കെത്തിയ താരം പ്രതിരോധനിരക്കാരനെങ്കിലും ഒൻപതാം ജഴ്സിയാണ് അണിഞ്ഞത്. 23 കളികളിൽ മാത്രം ബൂട്ടണിഞ്ഞ താരം ആദ്യം ലോൺ അടിസ്ഥാനത്തിൽ സെവിയ്യയിലേക്കും പിന്നീട് ജർമൻ ലീഗിലേക്കും തിരിച്ചു പോയി. 

∙ സ്റ്റീവ് സിഡ്‌വെൽ: മധ്യനിരയിൽ നിന്ന് ഒൻപതാം നമ്പർ ജഴ്സി അണിഞ്ഞ താരമാണ് സ്റ്റീവ്. റീഡിങ്ങിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ ചെൽസിയിലെത്തിയ താരം 25 കളികൾക്ക് ബൂട്ട് കെട്ടി. 2008ൽ താരം ആസ്റ്റൺ വില്ലയിലേക്ക് കൂടുമാറി. 

∙ ഫ്രാങ്കോ ഡി സാന്റോ? പതിനെട്ടാം വയസ്സിൽ ചെൽസിയിലെത്തിയ അർജന്റീന താരം ഒരു വട്ടം പോലും ക്ലബ്ബിനു വേണ്ടി ആദ്യ പതിനൊന്നിൽ ഇടംപിടിച്ചില്ല. 16 വട്ടം പകരക്കാരനായി കളത്തിലിറങ്ങിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഒടുവിൽ 2010ൽ വിഗാനിലേക്ക് പോയി. 

∙ ഫെർണാണ്ടോ ടോറസ്: ബ്രിട്ടിഷ് ട്രാൻസ്ഫർ മാർക്കറ്റിൽ‌ റെക്കോർഡ് തുക നൽകിയാണ് ലിവർപൂളിൽ ഗോളടിച്ചു കൂട്ടിയ സ്പാനിഷ് താരം ടോറസിനെ ചെൽസി കൂടാരത്തിലെത്തിച്ചത്. ചുവപ്പൻ ജഴ്സികളിൽ ഗോളടിച്ചു കൂട്ടിയ ‘എൽ നിനോ’ നീല ജഴ്സിയിൽ നിശബ്ദനായ കാഴ്ച ഫുട്ബോൾ ലോകം പകപ്പോടെയാണ് കണ്ടു നിന്നത്. ചെൽസി കുപ്പായത്തിൽ 172 മത്സരങ്ങൾ കളിച്ചെങ്കിലും 46 തവണ മാത്രമാണ് വല കുലുക്കാനായത്. ബാർസയ്ക്കെതിരെ ചാംപ്യൻസ് ലീഗിൽ നേടിയ ഗോൾ പോലെ മനോഹരമായ ചില നിമിഷങ്ങൾ സമ്മാനിച്ചെങ്കിലും ദ്രോഗ്ബയുടെ പിൻഗാമിയാവാൻ താരത്തിനു കഴിഞ്ഞില്ല. 

∙ റഡമൽ ഫൽകാവോ: മാഞ്ചസ്റ്റർ യുണൈറ്റഡിലെ മോശം ഫോം കണ്ടിട്ടും താരത്തെ ലോൺ അടിസ്ഥാനത്തിൽ ചെൽസി കൂടാരത്തിലെത്തിച്ചത് ലാ ലിഗയിലും ഫ്രഞ്ച് ലീഗിലും കണ്ട ഗോളടി മികവിന്റെ പേരിലാണ്. പരുക്ക് അലട്ടിയ സീസൺ എന്നതും താരത്തിന് ഗുണകരമായി. 12 കളികളിൽ ഒരു ഗോൾ മാത്രമാണ് മിന്നും താരം നേടിയത്. ലോൺ കാലാവധി തീർന്ന് മൊണാക്കോയിലേക്ക് തിരിച്ചുപോയ താരം ഗോളടി മികവ് വീണ്ടെടുക്കുകയും ചെയ്തു. 

∙ അൽവാരോ മൊറാത്ത: ക്ലബ് റെക്കോർഡ് തുക തിരുത്തിയാണ് സ്പാനിഷ് താരം സ്റ്റാംഫഡ് ബ്രിജിലെത്തിയത്. ആദ്യ 8 കളികളിൽ 8 ഗോൾ ‌നേടിയ സ്വപ്നതുല്യമായ തുടക്കത്തിനു ശേഷം മൊറാത്തയുടെ ഫോം പിന്നാക്കം പോയി. ഒടുവിൽ അത്‌ലറ്റിക്കോ മഡ്രിഡിലേക്ക് ചേക്കേറി. 

∙ ഗോൺസാലോ ഹിഗ്വെയിൻ‌: യുവെന്റസിൽ നിന്ന് വായ്പാ അടിസ്ഥാനത്തിലെത്തിയ താരം, ഇറ്റാലിയൻ ലീഗിലെ ഗോളടിയന്ത്രം പക്ഷേ ഒൻപതാം നമ്പറിലെ ശാപം അവസാനിപ്പിക്കാൻ അർജന്റൈൻ താരത്തിനും കഴിഞ്ഞില്ല. പകുതി സീസൺ കളിച്ച് തിരിച്ചുപോയി. 

∙ ടാമി എബ്രഹാം: ചെൽസി അക്കാദമിയിൽ കളി പഠിച്ച് ഉയർന്നു വന്ന യുവ താരം ശാപം തകർത്തു എന്നാണ് ഒരു കൂട്ടരുടെ വാദം. മോശമല്ലാത്ത പ്രകടനവും ഗോൾ സ്കോറിങ് പാടവവും താരത്തെ പ്രിയങ്കരനാക്കി. എന്നാൽ തോമസ് ടുഹേൽ പരിശീലകനായതോടെ എബ്രഹാമിന്റെ അവസരങ്ങൾ കുറഞ്ഞു. 

തിമോ വെർണർ, കായ് ഹാവേർട്സ് എന്നിവരെ മുന്നേറ്റത്തിൽ അഴിച്ചുവിട്ട ടൂഹേൽ ബെഞ്ചിൽ ഒതുങ്ങും വരെ നല്ല പ്രകടനം നടത്തിയ യുവതാരത്തെ മറന്നു. ഈ ട്രാൻസ്ഫർ ജാലകത്തിൽ എഎസ് റോമയിലേക്ക് താരം കൂടുമാറി. മികച്ച പ്രകടനത്തിന്റെ പിൻബലമുണ്ടായിട്ടും ടീമിലെ സ്ഥാനം പോയത് ഒൻപതാം നമ്പർ ശാപമെന്നാണ് ആരാധകരുടെ വാദം. 

∙ മറ്റു ടീമുകളിലെ ശാപങ്ങൾ

∙ എസി മിലാൻ ഒൻപതാം നമ്പർ ജഴ്സി (ഫിലിപ്പോ ഇൻസാഗി വിരമിച്ചതോടെ)

∙ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാം നമ്പർ ജഴ്സി (ക്രിസ്റ്റ്യാനോ പോയതോടെ)

∙ ബാർസിലോന ഏഴാം നമ്പർ ജഴ്സി (ഡേവിഡ് വിയ്യ പോയതോടെ)

English Summary: Romelu Lukaku takes No 9 shirt at Chelsea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com