ടോട്ടനം വിജയക്കുതിപ്പ് തുടരുന്നു; സ്പെയിനിൽ ബാർസയ്ക്ക് ഡിപായ് രക്ഷകൻ
Mail This Article
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ടോട്ടനം ഹോട്‍സ്പർ വിജയക്കുതിപ്പു തുടരുന്നു. ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിൻ നേടിയ ഏക ഗോളിൽ വാറ്റ്ഫഡിനെ കീഴടക്കി ടോട്ടനം ഒന്നാം സ്ഥാനത്ത് തുടരുന്നു. സീസണിൽ തുടർച്ചയായ മൂന്നാം ജയമാണ് ടോട്ടനത്തിന്റേത്. 42–ാം മിനിറ്റിലാണ് സൺ ഹ്യൂങ് മിൻ ഗോൾ നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളിൽനിന്ന് ഒൻപത് പോയിന്റുമായാണ് ടോട്ടനം ഒന്നാം സ്ഥാനം നിലനിർത്തിയത്. ഈ സീസണിൽ മൂന്നു കളികളും ജയിച്ച ഏക ടീമാണ് ടോട്ടനം.
മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവ്സിനെയും ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചു. 80–ാം മിനിറ്റിൽ മേസൺ ഗ്രീൻവുഡാണ് യുണൈറ്റഡിന്റെ വിജയഗോൾ നേടിയത്. മൂന്നു കളികളിൽനിന്ന് ഏഴു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് യുണൈറ്റഡ്. ബേൺസിലും ലീഡ‍്സും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.
∙ വിജയക്കുതിപ്പ് തുടർന്ന് റോമ, എസി മിലാൻ
ഇറ്റലിയൻ ഹോസെ മൗറീഞ്ഞോയുടെ എഎസ് റോമ വിജയക്കുതിപ്പ് തുടരുന്നു. സീസണിലെ രണ്ടാം മത്സരത്തിൽ സാലെർനിറ്റാനയെയാണ് റോമ തോൽപ്പിച്ചത്. ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് റോമയുടെ വിജയം. റോമയ്ക്കായി ലോറെൻസോ പെല്ലെഗ്രിനി ഇരട്ടഗോൾ നേടി. 48, 79 മിനിറ്റുകളിലായിരുന്നു പെല്ലെഗ്രിനിയുടെ ഗോളുകൾ. ജോർദാൻ വെരേട്ടൗട്ട് (52), ടാമി എബ്രാഹം (69) എന്നിവരുടെ വകയാണ് മറ്റു ഗോളുകൾ.
മറ്റു മത്സരങ്ങളിൽ നാപ്പോളി ജെനോവയെയും (2–1), എസി മിലാൻ കാഗ്ലിയാരിയെയും (4–1) തോൽപ്പിച്ചു. സസ്സൂലോയും സാംപ്ദോറിയയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. രണ്ടു കളികളിൽനിന്ന് ആറു പോയിന്റുമായി ലാസിയോയാണ് പട്ടികയിൽ മുന്നിൽ. ആറു പോയിന്റ് വീതമുള്ള ഇന്റർ മിലാൻ, റോമ, എസി മിലാൻ എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിൽ.
∙ വീണ്ടും ബാർസയ്ക്ക് ഡിപായ് രക്ഷകൻ
ഡച്ച് താരം മെംഫിസ് ഡിപായ് ഒരിക്കൽക്കൂടി രക്ഷകനായ മത്സരത്തിൽ ബാർസിലോനയ്ക്ക് വിജയം. സീസണിലെ മൂന്നാം മത്സരത്തിൽ ഗെറ്റാഫെയെയാണ് ബാർസ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാർസയുടെ വിജയം. സെർജിയോ റോബർട്ടോ (2), മെംഫിസ് ഡിപായ് (30) എന്നിവരാണ് ബാർസയ്ക്കായി ലക്ഷ്യം കണ്ടത്. ഗെറ്റാഫെയുടെ ആശ്വാസഗോൾ റാമിറസ് (18) നേടി.
മറ്റു മത്സരങ്ങളിൽ ഒസാസുന കാഡിസിനെയും (3–2), റയോ വല്ലേക്കാനോ ഗ്രാനഡെയെയും (4–0) തോൽപ്പിച്ചു. വിയ്യാ റയൽ അത്‍ലറ്റിക്കോ മഡ്രിഡിനെ 2–2ന് സമനിലയിൽ തളച്ചു. തോൽവിയുടെ വക്കിലായിരുന്ന അത്‍ലറ്റിക്കോയ്ക്ക് ഇൻജറി ടൈമിൽ വിയ്യാ റയൽ താരത്തിന്റെ സെൽഫ് ഗോളാണ് രക്ഷയായത്. സ്പെയിനിൽ മൂന്നു മത്സരങ്ങളിൽനിന്ന് ഏഴു പോയിന്റുമായി റയൽ മഡ്രിഡാണ് മുന്നിൽ. ഏഴു പോയിന്റു വീതമുള്ള സെവിയ്യ, വലെൻസിയ, ബാർസിലോന എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിൽ. അത്‍ലറ്റിക്കോ മഡ്രിഡ് ഏഴു പോയിന്റുമായി അഞ്ചാമതാണ്.
English Summary: Football Live Scores