സ്പെയിനിൽ റയൽ തോറ്റു, ഫ്രാൻസിൽ പിഎസ്ജിയും; ലിവർപൂളും സിറ്റിയും സമാസമം (2–2)
Mail This Article
മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ അത്‌ലറ്റിക്കോ മഡ്രിഡിനോടു തോറ്റെങ്കിലും പിന്നാലെ ബാർസിലോനയ്ക്ക് ചെറിയൊരാശ്വാസം; ഒന്നാം സ്ഥാനത്തുള്ള റയൽ മഡ്രിഡും തോറ്റു! എസ്പന്യോളാണു റയലിനെ ഞെട്ടിച്ചത് (2–1). റൗൾ ഡി ടോമാസ് (17), അലക്സ് വിദാൽ (60) എന്നിവരാണു ഗോൾ നേടിയത്. 71–ാം മിനിറ്റിൽ കരിം ബെൻസേമ റയലിന്റെ ആശ്വാസഗോൾ നേടി. കഴിഞ്ഞ ദിവസം ചാംപ്യൻസ് ലീഗിൽ നവാഗതരായ ഷെറിഫിനോടും റയൽ തോറ്റിരുന്നു. റയലിനും ബാർസിലോനയെ 2–0 തോൽപിച്ച അത്‌ലറ്റിക്കോ മഡ്രിഡിനും 17 പോയിന്റാണെങ്കിലും ഗോൾ ശരാശരി ആനുകൂല്യത്തിൽ റയൽ ഒന്നാമതു തുടരുന്നു.
∙ ലിവർപൂൾ–സിറ്റി സമനില
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞു (2–2). സാദിയോ മാനെ (59), മുഹമ്മദ് സലാ (76) എന്നിവരാണ് ലിവർപൂളിന്റെ സ്കോറർമാർ. ഫിൽ ഫോഡൻ (69), കെവിൻ ഡി ബ്രൂയ്നെ (81) എന്നിവർ സിറ്റിക്കായി ലക്ഷ്യം കണ്ടു. ലിവർപൂൾ 2–ാം സ്ഥാനത്തും സിറ്റി മൂന്നാമതും തുടരുന്നു. സതാംപ്ടനെ 3–1നു തോൽപിച്ച ചെൽസിയാണ് ഒന്നാമത്. മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടനോടും (1–1) ആർസനൽ ബ്രൈട്ടനോടും (0–0) സമനില വഴങ്ങി.
∙ പിഎസ്ജിക്ക് ആദ്യ തോൽവി
പാരിസ് ∙ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കു സീസണിലെ ആദ്യ തോൽവി. ഫ്രഞ്ച് ലീഗിൽ റെനെയാണു പിഎസ്ജിയെ വീഴ്ത്തിയത് (2–0) . സ്വന്തം സ്റ്റേഡിയത്തിൽ ഗെയ്റ്റാൻ ലബോർദ് (45), ഫ്ലേവിയൻ ടെയ്റ്റ് (46) എന്നിവർ പിഎസ്ജിക്കായി ലക്ഷ്യം കണ്ടു. എംബപെ–മെസ്സി–നെയ്മാർ– ഡി മരിയ എന്നിവരുൾപ്പെട്ട പിഎസ്ജി മുന്നേറ്റനിരയ്ക്കു ഗോൾ മടക്കാനായില്ല. 9 കളികളിൽ 24 പോയിന്റുമായി പിഎസ്ജി ലീഗിൽ ഒന്നാം സ്ഥാനത്തു തുടരുന്നു.
English Summary: Football Live Score