നേഷൻസ് ലീഗിൽ ഇന്ന് ബൽജിയം – ഫ്രാൻസ് രണ്ടാം സെമി; ജയിക്കാതെ തരമില്ല!
Mail This Article
ടൂറിൻ ∙ യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഇന്നു രാത്രി നടക്കുന്ന 2–ാം സെമിഫൈനലിൽ ലോക ചാംപ്യൻമാരായ ഫ്രാൻസ് ലോക ഒന്നാം റാങ്കുകാരായ ബൽജിയത്തെ നേരിടും. അർധരാത്രി 12.15നാണു കിക്കോഫ്. ഈ മത്സരത്തിലെ ജേതാക്കൾ ഇറ്റലി – സ്പെയിൻ ആദ്യ സെമി വിജയികളുമായി ഞായറാഴ്ച ഫൈനലിൽ ഏറ്റുമുട്ടും.
ഗ്രൂപ്പ് ചാംപ്യൻമാരായാണു ബൽജിയവും ഫ്രാൻസും സെമിയിലെത്തിയത്. ലോക റാങ്കിങ്ങിൽ കാലങ്ങളായി ഒന്നാം സ്ഥാനത്തുണ്ടെങ്കിലും ഇതുവരെ പേരിനൊരു ട്രോഫി പോലും നേടാൻ കഴിഞ്ഞിട്ടില്ലെന്ന വിഷാദമാണു ബൽജിയത്തിന്റേത്. ‘സുവർണ തലമുറ’യെന്ന് ആഘോഷിക്കപ്പെട്ട കളിക്കാരുടെ കാലം കഴിയാറായിട്ടും ടീമിനു പ്രധാനപ്പെട്ട ഒരു ടൂർണമെന്റ് പോലും വിജയിക്കാനായിട്ടില്ല.
ഇക്കഴിഞ്ഞ യൂറോ കപ്പിൽ നല്ല രീതിയിൽ തുടങ്ങിയെങ്കിലും ചാംപ്യൻമാരായ ഇറ്റലി അവരുടെ വഴിമുടക്കി. ഫ്രാൻസിനും ഇതു മരണപ്പോരാട്ടമാണ്. നിലവിൽ നല്ല ഫോമിലല്ല ദിദിയേ ദെഷാം പരിശീലിപ്പിക്കുന്ന ടീം. മുൻപ് 74 തവണ ബൽജിയവും ഫ്രാൻസും ഏറ്റുമുട്ടിയപ്പോൾ ബൽജിയം 30 തവണയും ഫ്രാൻസ് 25 തവണയും വിജയികളായി. 19 കളികൾ സമനിലയായി.
English Summary: Nations League Semifinal: Euro Flops France, Belgium Seek Redemption in Turin