ചാംപ്യൻസ് ലീഗിൽ ‘ഇരട്ടഗോൾ ദിനം’; മെസ്സി, ഗ്രീസ്മൻ, വിനീസ്യൂസ്, സലാ, മെഹ്റെസ്!
Mail This Article
പാരിസ്/മഡ്രിഡ്∙ യുവേഫ ചാംപ്യൻസ് ലീഗിൽ സൂപ്പർതാരങ്ങൾ ഇരട്ടഗോളുകളുമായി മിന്നിത്തിളങ്ങിയ ദിനം കരുത്തരായ പിഎസ്ജിക്കും ലിവർപൂളിനും ജയം. പിഎസ്ജി പിന്നിൽനിന്നും തിരിച്ചടിച്ച് ജർമനിയിൽനിന്നുള്ള ആർബി ലെയ്പ്സിഗിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തി. ലിവർപൂളാകട്ടെ, കരുത്തരായ അത്‌ലറ്റിക്കോ മഡ്രിഡിന്റെ വെല്ലുവിളിയും അതേ സ്കോറിൽ മറികടന്നു. മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ക്ലബ് ബ്രൂഗ്സിനെ 5–1ന് തോൽപ്പിച്ചപ്പോൾ, ഷാക്തർ ഡോണെട്സ്കിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വീഴ്ത്തി റയൽ മഡ്രിഡും കരുത്തുകാട്ടി.
അട്ടിമറി വീരൻമാരായ ഷെറീഫ് ടിറാസ്പോളിനെ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. അയാക്സ് ബൊറൂസിയ ഡോർട്മുണ്ടിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തപ്പോൾ, എഫ്‍സി പോർട്ടോ എസി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു. ബെസിക്ടാസിനെ സ്പോർട്ടിങ് ഒന്നിനെതിരെ നാലു ഗോളുകൾക്കും തോൽപ്പിച്ചു.
∙ ‘മെസ്സിച്ചിറകി’ൽ പിഎസ്ജി
പിന്നിൽനിന്നും തിരിച്ചടിച്ച പിഎസ്ജി ജർമനിയിൽനിന്നുള്ള ആർബി ലെയ്പ്സിഗിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് തോൽപ്പിച്ചത്. സൂപ്പർതാരം ലയണൽ മെസ്സിയുടെ ഇരട്ടഗോളുകളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്. 67, 74 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. ഒൻപതാം മിനിറ്റിൽ ജൂലിയൻ ഡ്രാക്സലറുടെ പാസിൽനിന്നും ഗോളടിച്ച് പിഎസ്ജിയുടെ അക്കൗണ്ട് തുറന്ന കിലിയൻ എംബപ്പെ, ഇൻജറി ടൈമിൽ ലഭിച്ച പെനൽറ്റി പാഴാക്കി ദുരന്തനായകനുമായി. ഹാട്രിക്കിനുള്ള അവസരം മാറ്റിവച്ചാണ് ഇൻജറി ടൈമിലെ പെനൽറ്റി എടുക്കാനുള്ള അവസരം മെസ്സി എംബപ്പെയ്ക്കു നൽകിയത്.
എംബപ്പെയിലൂടെ ലീഡ് നേടിയ പിഎസ്ജിയെ രണ്ടു ഗോൾ തിരിച്ചടിച്ച് ലെയ്പ്സിഗ് ഞെട്ടിച്ചതാണ്. എന്നാൽ, ലയണൽ മെസ്സിയുടെ ഇരട്ട ഗോളുകൾ അവർക്ക് വിജയം സമ്മാനിച്ചു. ആർബി ലെയ്പ്സിഗിന്റെ ഗോളുകൾ ആന്ദ്രെ സിൽവ (28), മുകിയേലേ (57) എന്നിവർ നേടി.
ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ക്ലബ് ബ്രൂഗ്സിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വീല്ത്തി. റിയാദ് മഹ്റെസിന്റെ ഇരട്ടഗോളാണ് അവർക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. 43 (പെനൽറ്റി), 84 മിനിറ്റുകളിലാണ് മഹ്റെസ് ലക്ഷ്യം കണ്ടത്. ജാവോ ക്യാൻസലോ (30), കൈൽ വാൽക്കർ (53), പാൽമർ (67) എന്നിവരുടെ വകയാണ് സിറ്റിയുടെ മറ്റു ഗോളുകൾ, ക്ലബ് ബ്രൂഗ്സിന്റെ ആശ്വാസഗോൾ 81–ാം മിനിറ്റിൽ വനേകൻ നേടി. വിജയത്തോടെ ഗ്രൂപ്പ് എയിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് പിഎസ്ജി ഒന്നാം സ്ഥാനത്തെത്തി. ആറു പോയിന്റുമായി സിറ്റി രണ്ടാമതുണ്ട്.
∙ ഇരട്ടഗോളുമായി സലാ, ഗ്രീസ്മൻ
ഗ്രൂപ്പ് ബിയിൽ കരുത്തൻമാരുടെ പോരാട്ടത്തിൽ ലിവർപൂൾ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്തു. ലിവർപൂളിനായി മുഹമ്മദ് സലായും അത്‍ലറ്റിക്കോയ്‌ക്കായി അന്റോയ്ൻ ഗ്രീസ്മനും ഇരട്ടഗോൾ നേടിയപ്പോൾ, നബി കെയ്റ്റയുടെ ഗോളിൽ ലിവർപൂൾ വിജയം നേടി.
8, 78 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു മുഹമ്മദ് സലായുടെ ഗോളുകൾ. നബി കെയ്റ്റയുടെ ഗോൾ 13–ാം മിനിറ്റിലായിരുന്നു. 13 മിനിറ്റിനുള്ളിൽ രണ്ടു ഗോളുകൾക്ക് ലീഡെടുത്ത ലിവർപൂളിനെതിരെ ആദ്യ പകുതിയിൽത്തന്നെ അന്റോയ്ൻ ഗ്രീസ്മന്റെ ഇരട്ടഗോളുകളുടെ മികവിൽ അത്‍ലറ്റിക്കോ മഡ്രിഡ് തിരിച്ചെത്തിയതാണ്. 20, 34 മിനിറ്റുകളിലായിരുന്നു ഗ്രീസ്മന്റെ ഇരട്ടഗോളുകൾ. പിന്നീട് 52–ാം ഗ്രീസ്മൻ ചുവപ്പുകാർഡ് പുറത്തുപോയതോടെയാണ് അത്‍ലറ്റിക്കോ തളർന്നത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ എഫ്‍സി പോർട്ടോ എസി മിലാനെ അട്ടിമറിച്ചു. 65-ാം മിനിറ്റിൽ കൊളംബിയൻ താരം ലൂയിസ് ഡയസാണ് പോർട്ടോയുടെ വിജയഗോൾ നേടിയത്. ഗ്രൂപ്പിൽ എസി മിലാന്റെ മൂന്നാം തോൽവിയാണിത്. മൂന്നു കളികളും ജയിച്ച ലിവർപൂൾ ഒൻപതു പോയിന്റുമായി ഒന്നാമതാണ്. നാലു പോയിന്റുമായി അത്‍ലറ്റിക്കോ മഡ്രിഡ‍് രണ്ടാം സ്ഥാനത്തുണ്ട്. നാലു പോയിന്റുണ്ടെങ്കിലം ഗോൾശരാശരിയിൽ പിന്നിലായി എഫ്‍സി പോർട്ടോ മൂന്നാം സ്ഥാനത്ത്.
∙ റയൽ തിരിച്ചുവരുന്നു
ഗ്രൂപ്പ് ഡിയിൽ കരുത്തരായ റയൽ മഡ്രിഡ് വൻ വിജയത്തോടെ പ്രതീക്ഷ കാത്തു. ദുർബലരായ ഷെറീഫ് ടിറാസ്പോളിനോടു തോറ്റതിന്റെ ഞെട്ടൽ മറന്ന റയൽ, ഷാക്തർ ഡോണെട്സ്കിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചു. വിനീസ്യൂസ് ജൂനിയറിന്റെ ഇരട്ടഗോൾ (51, 56), റോഡ്രിഗോ (64), മാർക്കോ അസെൻസിയോ (90+1) എന്നിവരുടെ ഗോളുകൾക്കുമൊപ്പം ഷാക്തർ താരം ക്രിസ്റ്റോവിന്റെ 37–ാം മിനിറ്റിലെ സെൽഫ് ഗോൾ കൂടി ചേർന്നതോടെയാണ് റയൽ കൂറ്റൻ വിജയം കുറിച്ചത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അട്ടിമറി വീരൻമാരായ ഷെറീഫ് ടിറാസ്പോളിനെ ഇന്റർ മിലാൻ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്റർ മിലാന്റെ വിജയം. എഡിൻ സെക്കോ (34), അർതുറോ വിദാൽ (58), ഡി വ്രിജ് (67) എന്നിവരാണ് ഇന്ററിനായി ഗോൾ നേടിയത്. ഷെറീഫിന്റെ ആശ്വാസഗോൾ 52–ാം മിനിറ്റിൽ സെബാസ്റ്റ്യൻ തിൽ നേടി.
ഇന്ററിനോടു തോറ്റെങ്കിലും ഗ്രൂപ്പ് ഡിയിൽ ആറു പോയിന്റുമായി ഷെറീഫ് ടിറാസ്പോൾ തന്നെയാണ് മുന്നിൽ. ആറു പോയിന്റുണ്ടെങ്കിലും റയൽ രണ്ടാം സ്ഥാനത്താണ്. ഇന്റർ മിലാൻ നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
∙ അയാക്സിന്റെ വിസ്മയക്കുതിപ്പ്
ഗ്രൂപ്പ് സിയിൽ ഡച്ച് ക്ലബ് അയാക്സ് വിസ്മയക്കുതിപ്പ് തുടരുന്നു. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ടിനെ അയാക്സ് വീഴ്ത്തി. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് അയാക്സിന്റെ വിജയം. 11–ാം ബോറൂസിയ താരം മാർക്കോസ് റ്യൂസിന്റെ സെൽഫ് ഗോളിൽ അക്കൗണ്ട് തുറന്ന അയാക്സ്, ഡാലെ ബ്ലൈൻഡ് (25), ദോസ് സാന്റോസ് (57), സെബാസ്റ്റ്യൻ ഹാളർ (72) എന്നിവരിലൂടെ കൂറ്റൻ വിജയം ഉറപ്പാക്കി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പോർട്ടിങ് ബേസിക്ടാസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക്തോൽപ്പിച്ചു. മൂന്നു കളികളും ജയിച്ച അയാക്സ് ഒൻപതു പോയിന്റുമായി ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്താണ്. ബൊറൂസിയ ഡോർട്മുണ്ട് ആറു പോയിന്റുമായി രണ്ടാമതാണ്.
English Summary: UEFA Champions League 2021-22, Live