മെസ്സി കളിച്ചിട്ടും പിഎസ്ജിക്കു സമനില
Mail This Article
മാഴ്സൈ ∙ സൂപ്പർ താരം ലയണൽ മെസ്സി മുഴുവൻ സമയം കളിച്ചിട്ടും ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ മാഴ്സൈയ്ക്കെതിരെ പിഎസ്ജിക്കു ഗോൾ നേടാനായില്ല. എവേ മത്സരത്തിൽ 0–0 സമനില വഴങ്ങിയതോടെ ഒന്നാം സ്ഥാനത്തു പിഎസ്ജിയുടെ ലീഡ് 7 പോയിന്റായി കുറഞ്ഞു. 56–ാം മിനിറ്റിൽ അച്റഫ് ഹാക്കിമി ചുവപ്പു കാർഡ് കണ്ടതിനെത്തുടർന്നു 2–ാം പകുതിയിൽ 10 പേരുമായാണു പിഎസ്ജി കളിച്ചത്. ഫ്രഞ്ച് ലീഗ് സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായ പിഎസ്ജി–മാഴ്സൈ മത്സരം ‘ക്ലാസിക്’ എന്നാണ് അറിയപ്പെടുന്നത്.
സ്വാരസ് രക്ഷകൻ; അത്‌ലറ്റിക്കോയ്ക്കു സമനില
മഡ്രിഡ് ∙ ഇരട്ടഗോൾ നേടിയ ലൂയി സ്വാരസിന്റെ മികവിൽ റയൽ സോസിദാദിനെതിരെ ലാ ലിഗ മത്സരത്തിൽ അത്‌ലറ്റിക്കോ മഡ്രിഡിനു സമനില (2–2). ടീം 0–2നു പിന്നിലായ ശേഷം 61, 77 മിനിറ്റുകളിലായിരുന്നു യുറഗ്വായ് സ്ട്രൈക്കറുടെ ഗോളുകൾ. 10 കളികളിൽ 21 പോയിന്റുമായി സോസിദാദ് വീണ്ടും ഒന്നാം സ്ഥാനത്തേക്കു കയറി. 9 കളികളിൽ 20 പോയിന്റുള്ള റയൽ മഡ്രിഡാണ രണ്ടാമത്. 9 കളികളിൽ 18 പോയിന്റുമായി അത്‍ലറ്റിക്കോ 4–ാം സ്ഥാനത്ത്. '