പുറത്തേക്കുള്ള വഴിയിൽ യുണൈറ്റഡിന്റെ സോൾഷ്യർ, ബാർസയുടെ കൂമാൻ...; ആദ്യമാര്?
Mail This Article
മാഞ്ചസ്റ്റർ ∙ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണർ സോൾഷ്യറെക്കാൾ ‘ഭാഗ്യമുള്ള’ ഒരാൾ ഈ ലോകത്തുണ്ടെങ്കിൽ അത് ബാർസിലോന പരിശീലകൻ റൊണാൾഡ് കൂമാൻ മാത്രമായിരിക്കും! രണ്ടു പേരുടെയും അവസ്ഥ ഏറെക്കുറെ സമാനം. സോൾഷ്യറുടെ യുണൈറ്റഡ് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനോട് 0–5നു തോറ്റു. കൂമാന്റെ ബാർസിലോന സ്വന്തം മൈതാനത്ത് എൽ ക്ലാസിക്കോയിൽ റയൽ മഡ്രിഡിനോട് 1–2നു തോറ്റു. എന്നിട്ടും രണ്ടുപേരും കസേര തെറിക്കാതെ കാത്തു; ഇപ്പോഴും ‘എലിമിനേഷൻ റൗണ്ടിൽ’ തന്നെയാണെങ്കിലും!
യുണൈറ്റഡിനെതിരെ മത്സരത്തിനു ശേഷം സോൾഷ്യറെ പരിശീലക സ്ഥാനത്തുനിന്നു നീക്കിയതായി റിപ്പോർട്ടുകൾ വരെ വന്നതാണ്. പക്ഷേ ടോട്ടനത്തിനെതിരെ ശനിയാഴ്ച നടക്കുന്ന മത്സരത്തിലും സോൾഷ്യർ ടീമിനൊപ്പമുണ്ടാകുമെന്നാണ് സൂചന. പ്രിമിയർ ലീഗിലും ചാംപ്യൻസ് ലീഗിലും സോൾഷ്യറെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷയാണ്. പ്രിമിയർ ലീഗിൽ 9 കളികളിൽ 14 പോയിന്റുമായി 7–ാം സ്ഥാനത്താണ് യുണൈറ്റഡ്. ഒന്നാമതുള്ള ചെൽസിയെക്കാൾ 8 പോയിന്റ് പിന്നിൽ.
ടോട്ടനത്തിനെതിരെ മത്സരത്തിനു ശേഷം നവംബർ 3ന് ഇറ്റാലിയൻ ക്ലബ് അറ്റലാന്റയ്ക്കെതിരെ അവരുടെ മൈതാനത്ത് ചാംപ്യൻസ് ലീഗ് പോരാട്ടമുണ്ട്. എന്നാൽ അതിനു ശേഷമുള്ള കളിയാണ് സോൾഷ്യറെ പേടിപ്പിക്കുന്നത്. നവംബർ 6ന് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ! ലിവർപൂളിനെതിരെ നേരിട്ട പോലുള്ള ഒരു തോൽവി സോൾഷ്യറുടെ ജോലി തെറിപ്പിച്ചേക്കാം. മുൻപ് ചെൽസിയെ പ്രിമിയർ ലീഗ് കിരീടം ചൂടിച്ച ഇറ്റാലിയൻ മാനേജർ അന്റോണിയോ കോണ്ടെ യുണൈറ്റഡ് പരിശീലകനാവാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്ന വാർത്തകളും പരക്കുന്നു.
ബാർസിലോന പരിശീലകൻ കൂമാന്റെ കാര്യം ഇതിലും പരിതാപകരമാണ്. എൽ ക്ലാസിക്കോ തോൽവിക്കു ശേഷം കൂമാന്റെ കാർ വളഞ്ഞാണ് ബാർസ ആരാധകർ അധിക്ഷേപം നടത്തിയത്. എന്നാൽ ജൊവാൻ ലപോർട്ടയുടെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് കൂമാനിൽ ‘വിശ്വാസം’ അർപ്പിക്കുന്നു. അത് പുതിയൊരു പരിശീലകനെ നിയമിക്കാൻ പോലും സാമ്പത്തിക സ്ഥിതിയില്ലാത്ത ക്ലബ്ബിന്റെ നിസ്സഹായാവസ്ഥ കൊണ്ടു കൂടിയാണെന്ന് മുൻ ബാർസ താരം കൂടിയായ കൂമാനറിയാം. ലാ ലിഗയിൽ 9 കളികളിൽ 15 പോയിന്റുമായി 9–ാം സ്ഥാനത്താണ് ബാർസ ഇപ്പോൾ.
English Summary: Ronald Koeman and Ole Gunnar Solskjær