ADVERTISEMENT

മഡ്രിഡ് ∙ ഫുട്ബോൾ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ബാർസിലോന സ്ട്രൈക്കർ സെർജിയോ അഗ്യൂറോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ലാ ലിഗ ഫുട്ബോളിൽ അലാവെസിനോടു ബാർസിലോന 1–1 സമനില വഴങ്ങിയ മത്സരത്തിന്റെ 2–ാം പകുതിയുടെ തുടക്കത്തിലാണു സംഭവം.

നെഞ്ചുവേദനയും ശ്വാസതടസ്സവുമുണ്ടെന്നു പറഞ്ഞ് അഗ്യൂറോ മൈതാനത്തു കിടന്നു. ഉടൻ തന്നെ ബാർസയുടെ മെഡിക്കൽ ടീം ഗ്രൗണ്ടിലിറങ്ങി അർജന്റീന താരത്തെ പരിശോധിച്ചു. സ്ട്രെച്ചറിൽ ഗ്രൗണ്ടിനു പുറത്തേക്കു പോകാൻ തയാറാകാതിരുന്ന അഗ്യൂറോ കണ്ണീരണിഞ്ഞ് സാവധാനം നടന്നു പുറത്തേക്കു പോവുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച താരത്തെ അവിടെ പ്രവേശിപ്പിച്ചു. വിശദമായ ഹൃദയപരിശോധനകൾക്കു ശേഷമേ കൂടുതൽ വിവരം അറിയാനാകൂവെന്നു ബാർസയുടെ ഇടക്കാല പരിശീലകൻ സെർജി ബർജുവാൻ മത്സരശേഷം പറഞ്ഞു.

ഇംഗ്ലിഷ് ക്ലബ് മാ‍ഞ്ചസ്റ്റർ സിറ്റിയിൽനിന്ന് ബാർസയിലെത്തിയ മുപ്പത്തിമൂന്നുകാരൻ അഗ്യൂറോ സീസണിന്റെ തുടക്കത്തിൽ 2 മാസം പരുക്കുമൂലം പുറത്തായിരുന്നു. ഫിറ്റ്നസ് വീണ്ടെടുത്ത് ആദ്യ ഇലവനിലേക്കു തിരിച്ചെത്തിയ സമയത്താണ് ഈ തിരിച്ചടി. റൊണാൾഡ് കൂമാനെ പരിശീലക സ്ഥാനത്തുനിന്നു പുറത്താക്കിയ ശേഷമുള്ള ക്ലബ്ബിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ഫിലിപ്പെ കുടീഞ്ഞോയാണു അഗ്യൂറോയ്ക്കു പകരം കളത്തിലിറങ്ങിയത്. കഴി‍ഞ്ഞ മത്സരത്തിൽ പെനൽറ്റി കിക്ക് നഷ്ടമാക്കിയ ഡച്ച് താരം മെംഫിസ് ഡിപായിയുടെ ഗോളിൽ 49–ാം മിനിറ്റിൽ ബാർസ മുന്നിലെത്തിയതാണ്. 3 മിനിറ്റിനകം ലൂയിസ് റിയോജയുടെ ഗോളിൽ അലാവെസ് ഒപ്പമെത്തി. മത്സരം തീരാൻ ഇരുപതു മിനിറ്റോളമുള്ളപ്പോൾ പരിചയസമ്പന്നനായ ഡിഫൻഡർ ജെറാർദ് പീക്കേ പരുക്കേറ്റ് മുടന്തിക്കൊണ്ടു മൈതാനം വിട്ടതും ബാർസയ്ക്കു തിരിച്ചടിയായി.

11 കളിയിൽ 16 പോയിന്റുമായി 9–ാം സ്ഥാനത്താണു ബാർസ. അലാവെസ് (11 കളിയിൽ 10) 16–ാം സ്ഥാനത്തും. റയൽ മഡ്രിഡ്, സെവിയ്യ, റയൽ സോസിദാദ് (24 വീതം) ടീമുകളാണ് പോയിന്റ് പട്ടികയിൽ ആദ്യ 3 സ്ഥാനങ്ങളിൽ.

English Summary: Sergio Aguero hospitalized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com