വീണ്ടും ഇൻജറി ടൈം ഗോളുമായി റോണോ യുണൈറ്റഡിന്റെ രക്ഷകൻ; ബാർസയ്ക്കും ജയം
Mail This Article
ബെർഗാമോ ∙ തോൽവി തുറിച്ചുനോക്കിയ ഘട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽക്കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനായി. ഇൻജറി ടൈം ഗോളുകളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വലിയ ‘ഇൻജറി’കളിൽനിന്ന് രക്ഷിക്കുന്നത് പതിവാക്കിയ റൊണാൾഡോ, യുവേഫ ചാംപ്യൻസ് ലീഗിൽ അറ്റലാന്റയ്‌ക്കെതിരായ മത്സരത്തിലും മോശമാക്കിയില്ല. ഇരട്ടഗോളുകളുമായി താരം മിന്നിത്തിളങ്ങിയ മത്സരത്തിൽ യുണൈറ്റഡിന് സമനില. അറ്റലാന്റയും യുണൈറ്റഡും രണ്ടു ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.
തോറ്റാൽ പുറത്താകലിന്റെ വക്കിലെത്തുമായിരുന്ന യുണൈറ്റഡ് ഈ സമനിലയോടെ നാലു കളികളിൽനിന്ന് ഏഴു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. യങ് ബോയ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച വിയ്യാ റയലിനും ഏഴു പോയിന്റുണ്ടെങ്കിലും ഗോൾശരാശരിയിൽ പിന്നിലായി രണ്ടാം സ്ഥാനത്താണ്.
ജോസിപ് ഇലിസിച്ച് നേടിയ ഗോളിൽ 12–ാം മിനിറ്റിൽത്തന്നെ ലീഡ് നേടിയത് അറ്റലാന്റ. ആദ്യപകുതിയുടെ ഇൻജറി ടൈമിൽ നേടിയ ഗോളിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിന് സമനില സമ്മാനിച്ചു. രണ്ടാം പകുതിയിലും അറ്റലാന്റ ലീഡ് നേടി. ഇത്തവണ 56–ാം മിനിറ്റിൽ ലക്ഷ്യം കണ്ടത് ഡൂവൻ സപാട്ട. തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം പാളിയതോടെ തോൽവി തുറിച്ചുനോക്കിയ യുണൈറ്റഡിനെ, ഒരിക്കൽക്കൂടി റൊണാൾഡോയുടെ ഇൻജറി ടൈം ഗോൾ രക്ഷിച്ചു.
∙ നിർണായകം, ബാർസ വിജയം
ഗ്രൂപ്പ് ഇയിൽ ബയൺ മ്യൂണിക്ക് കൂറ്റൻ വിജയത്തോടെ നോക്കൗട്ട് ഉറപ്പാക്കിയപ്പോൾ, ഡൈനാമോ കീവിനെ വീഴ്ത്തി ബാർസിലോനയും പ്രതീക്ഷ കാത്തു. നിർണായക മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാർസയുടെ വിജയം. 70–ാം മിനിറ്റിൽ അൻസു ഫാറ്റിയാണ് ബാർസയുടെ വിജയഗോൾ നേടിയത്.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബെൻഫിക്കയെ ബയൺ മ്യൂണിക്ക് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് വീഴ്ത്തി. സൂപ്പർതാരം റോബർട്ടോ ലെവൻഡോവ്സ്കിയുടെ ഹാട്രിക്കാണ് ബയണിന് തകർപ്പൻ വിജയം സമ്മാനിച്ചത്. 26, 61, 84 മിനിറ്റുകളിലായിരുന്നു ലെവൻഡോവ്സ്കിയുടെ ഗോളുകൾ. ആദ്യപകുതിയുടെ ഇൻജറി ടൈമിൽ ലഭിച്ച പെനൽറ്റി ലെവൻഡോവ്സ്കി പാഴാക്കിയിരുന്നു. സെർജിയോ ഗ്‌നാബ്രി (32), ലിറോയ് സാനെ (49) എന്നിവരുടെ വകയാണ് മറ്റു ഗോളുകൾ. ബെൻഫിക്കയുടെ ഗോളുകൾ മൊറാട്ടോ (38), ഡാർവിൻ നൂനസ് (74) എന്നിവർ നേടി.
ഇതോടെ ഗ്രൂപ്പ് ഇയിൽ ബയൺ മ്യൂണിക്ക് നാലു കളികളിൽനിന്ന് 12 പോയിന്റുമായി നോക്കൗട്ട് ഉറപ്പാക്കി. ബാർസിലോന നാലു കളികളിൽനിന്ന് ആറു പോയിന്റുമായി രണ്ടാം സ്ഥാത്തുണ്ട്.
∙ ‘ഉറപ്പിച്ച്’ ചെൽസി, യുവെന്റസ്
ഗ്രൂപ്പ് എച്ചിൽ യുവെന്റസും ചെൽസിയും വിജയങ്ങളോടെ മുന്നേറ്റം തുടരുന്നു. ഇറ്റാലിയൻ വമ്പൻമാരായ യുവെന്റസ് റഷ്യൻ ക്ലബ് സെനിത് സെന്റ് പീറ്റേഴ്സ്ബർഗിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചു. പൗളോ ഡൈബാലയുടെ ഇരട്ടഗോളും (11, 58–പെനൽറ്റി), ഫ്രഡറിക്കോ ചിയേസ (73), അൽവാരോ മൊറാട്ട (82) എന്നിവരുടെ ഗോളുകളുമാണ് യുവെയ്ക്ക് വിജയം സമ്മാനിച്ചത്. സെന്റ് പീറ്റേഴ്സ്ബർഗിന്റെ ആശ്വാസഗോളുകളിൽ ഒരെണ്ണം യുവെ താരം ബൊനൂച്ചിയുടെ വക സെൽഫ് ഗോളാണ്. രണ്ടാം ഗോൾ ഇൻജറി ടൈമിൽ അസ്മോൻ നേടി.
മറ്റൊരു മത്സരത്തിൽ മാൽമോ എഫ്എഫിനെ ഒരു ഗോളിനു വീഴ്ത്തി ചെൽസിയും നോക്കൗട്ട് ഏറെക്കുറെ ഉറപ്പാക്കി. പൊരുതിക്കളിച്ച മാൽമോയെ ഹക്കിം സിയെച്ച് 56–ാം മിനിറ്റിൽ നേടിയ ഗോളിലാണ് ചെൽസി മറികടന്നത്. നാലു മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി യുവെന്റസാണ് ഗ്രൂപ്പിൽ മുന്നിൽ. ചെൽസി ഒൻപതു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
∙ ‘ജി’യിൽ പോരാട്ടം കടുപ്പം
ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനക്കാരായ ആർബി സാൽസ്ബർഗ് വോൾഫ്സ്ബർഗിനോടു തോറ്റതോടെ പോരാട്ടം കടുത്തു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വോൾഫ്സ്ബർഗിന്റെ വിജയം. മറ്റൊരു മത്സരത്തിൽ സെവിയ്യയെ ഫ്രഞ്ച് ക്ലബ് ലീലും അതേ സ്കോറിൽ തോൽപ്പിച്ചു.
ഇതോടെ, ഏഴു പോയിന്റുമായി സാൽസ്ബർഗ് ഒന്നാം സ്ഥാനത്തു തുടരുന്നു. ലീലിനും വോൾഫ്സ്ബർഗിനും അഞ്ച് പോയിന്റു വീതമുണ്ട്. സെവിയ്യയ്ക്ക് മൂന്നു പോയിന്റും.
English Summary: UEFA Champions League - Live Score