ADVERTISEMENT

ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗിൽ തകർപ്പൻ വിജയത്തോടെ ലിവർപൂൾ നോക്കൗട്ട് ഉറപ്പാക്കി. ആവേശപ്പോരാട്ടത്തിൽ കരുത്തരായ അത്‍ലറ്റിക്കോ മഡ്രിഡിനെയാണ് ലിവർപൂൾ വീഴ്ത്തിയത്. ബ്രസീലിയൻ താരം ഫെലിപ്പെ ആദ്യപകുതിയിൽ തന്നെ ചുവപ്പുകാർഡ് കണ്ടതോടെ 10 പേരായി ചുരുങ്ങിയ അത്‍ലറ്റിക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ വീഴ്ത്തിയത്. ഡീഗോ ജോട്ട (13), സാദിയോ മാനെ (21) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്.

ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ എസി മിലാനെ എഫ്‍സി പോർട്ടോ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോളടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ഇതോടെ ഗ്രൂപ്പിൽ നാലു കളികളിൽനിന്ന് 12 പോയിന്റോടെയാണ് ലിവർപൂൾ നോക്കൗട്ട് ഉറപ്പാക്കിയത്. അഞ്ചു പോയിന്റുള്ള എഫ്‍സി പോർട്ടോയാണ് രണ്ടാമത്. നാലു പോയിന്റുമായി അത്‍ലറ്റിക്കോ മൂന്നാമതും മിലാൻ ഒരേയൊരു പോയിന്റുമായി നാലാമതുമാണ്.

∙ പിഎസ്ജിക്ക് സമനില

ഗ്രൂപ്പ് എയിൽ കരുത്തരായ മാ‍ഞ്ചസ്റ്റർ സിറ്റി തകർപ്പൻ വിജയത്തോടെ നോക്കൗട്ട് സാധ്യതകൾ സജീവമാക്കിയപ്പോൾ, പിഎസ്ജിയെ ആർബി ലെയ്പ്സിഗ് സമനിലയിൽ തളച്ചു. ക്ലബ് ബ്രൂഗ്സിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തകർത്തത്. ഫിൽ ഫോഡൻ (15), റിയാദ് മഹ്റെസ് (54), റഹിം സ്റ്റെർലിങ് (72), ഗബ്രിയേൽ ജെസ്യൂസ് (90+2) എന്നിവരാണ് സിറ്റിക്കായി ഗോൾ േനടിയത്. ക്ലബ് ബ്രൂഗ്സിന്റെ ആശ്വാസഗോൾ സിറ്റി താരം സ്റ്റോൺസ് വഴങ്ങിയ സെൽഫ് ഗോളാണ്.

മറ്റൊരു മത്സരത്തിൽ കരുത്തരായ പിഎസ്ജിയെ ആർബി ലെയ്പ്സിഗ് സമനിലയിൽ തളച്ചു. ഇരു ടീമുകളും രണ്ടു ഗോൾവീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. പിഎസ്ജിക്കായി മുൻ ലിവർപൂൾ താരം ജോർജിനോ വിനാൽഡം ഇരട്ടഗോൾ നേടി. 21, 39 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ലെയ്പ്സിഗിനായി ക്രിസ്റ്റഫർ എൻകുൻകു (8), ഡൊമിനിക് സോബോസ്‌ലായ് (90+2 – പെനൽറ്റി) എന്നിവർ ഗോൾ നേടി.

ഇതോടെ നാലു കളികളിൽനിന്ന് ഒൻപതു പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാമതെത്തി. എട്ടു പോയിന്റുമായി പിഎസ്ജി രണ്ടാമതുണ്ട്.

∙ റയൽ ‘ട്രാക്കിലായി’

ഗ്രൂപ്പ് ഡിയിൽ കരുത്തരായ റയൽ മഡ്രിഡ് ഷാക്തർ ഡോണെട്സികിനെ ഒന്നിനതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി. ഇത്തവണ ലീഗ് ഘട്ടത്തിൽ ഞെട്ടിക്കുന്ന തോൽവികൾ വഴങ്ങിയ റയൽ, ഷാക്തറിനെതിരായ വിജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് കയറി. കരിം ബെൻസേമയുടെ ഇരട്ടഗോളാണ് റയലിന് വിജയം സമ്മാനിച്ചത്. 14, 61 മിനിറ്റുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ. ഷാക്തറിന്റെ ആശ്വാസഗോൾ 39–ാം മിനിറ്റിൽ പെഡ്രോ നേടി.

മറ്റൊരു മത്സരത്തിൽ ഷെരീഫ് ടിറാസ്പോളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തി ഇന്റർ മിലാൻ രണ്ടാം സ്ഥാനത്തേക്ക് കയറി. മാർസലോ ബ്രോസോവിച് (54), മിലാൻ സ്ക്രീനിയർ (65), അലക്സിസ് സാഞ്ചസ് (82) എന്നിവരാണ് മിലാനായി ഗോൾ േനടിയത്.

ഡോർട്മുണ്ട് വീണു

ഗ്രൂപ്പ് സിയിൽ ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപ്പിച്ച് അയാക്സ് നോക്കൗട്ടിൽ കടന്നു. ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഡോർട്മുണ്ടിന്റെ വിജയം. ദുസാൻ ടാഡിച് (72), സെബാസ്റ്റ്യൻ ഹാളർ (83), ഡേവി ക്ലാസൻ (90+3) എന്നിവരാണ് അയാക്സിനായി ലക്ഷ്യം കണ്ടത്. 29–ാം മിനിറ്റിൽ മാറ്റ് ഹമ്മൽസ് ചുവപ്പുകാർഡ് പുറത്തുപോയതിനാൽ 10 പേരുമായാണ് ബൊറൂസിയ മത്സരത്തിന്റെ ഏറിയപങ്കും കളിച്ചത്. മാർക്കോ റ്യൂസ് 37–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ നേടിയ ഗോളിൽ ലീഡ് നേടിയശേഷമാണ് ഡോർഡ്മുണ്ട് തോൽവി വഴങ്ങിയത്.

മറ്റൊരു മത്സരത്തിൽ സ്പോർട്ടിങ് ലിസ്ബൺ ബെസിക്ടാസിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചു. നാലു കളികളിൽനിന്ന് 12 പോയിന്റുമായി അയാക്സാണ് ഗ്രൂപ്പിൽ മുന്നിൽ. ഡോർട്മുണ്ടിനും സ്പോർട്ടിങ്ങിനും ആറു പോയിന്റ് വീതമുണ്ട്. ഗോൾശരാശരിയിൽ ഡോർഡ്മുണ്ടാണ് മുന്നിൽ.

English Summary: UCL 2021-22 Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com