ഡേവിഡ് ബെക്കാമിന്റെ പിതാവ് ടെഡിന് 73-ാം വയസ്സിൽ വീണ്ടും വിവാഹം; വധു ഹിലരി!
Mail This Article
ലണ്ടൻ∙ ഇംഗ്ലിഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിന്റെ പിതാവ് ടെഡ് ബെക്കാം വീണ്ടും വിവാഹിതനായി. സൊളിസിറ്റർ ഹിലരി മെറിഡത്തിനെയാണ് 73–ാം വയസ്സിൽ ടെഡ് വിവാഹം ചെയ്തത്. ലണ്ടനിൽ നടന്ന ലളിതമായ ചടങ്ങിൽ ഡേവിഡ് ബെക്കാമും ഭാര്യ വിക്ടോറിയ ബെക്കാമും ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
നവ ദമ്പതികൾക്കൊപ്പം ഹിലരിയുടെ ആദ്യ വിവാഹത്തിലെ മകൾ ഷാർലറ്റും ഡേവിഡ് ബെക്കാമുമുള്ള ചിത്രവും പുറത്തുവന്നു. ടെഡിന്റെ മൂന്നു മക്കളും എട്ട് കൊച്ചുമക്കളും ഹിലരിയുടെ മാതാവും മകൾ ഷാർലറ്റും ചടങ്ങിന്റെ ഭാഗമായതായി ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു ജീവകാരുണ്യ പരിപാടിയുടെ ഭാഗമായി കഴിഞ്ഞ വർഷമാണ് ടെഡും ഹിലരിയും കണ്ടുമുട്ടിയത്. അധികം വൈകാതെ വിവാഹിതരാകാൻ പോകുന്ന കാര്യം ഇരുവരും പരസ്യപ്പെടുത്തിയിരുന്നു.
ഡേവിഡ് ബെക്കാമിന്റെ അമ്മ സാന്ദ്രയാണ് ടെഡിന്റെ ആദ്യ ഭാര്യ. 32 വർഷം നീണ്ടുനിന്ന വിവാഹബന്ധം ഇരുവരും 2002ൽ അവസാനിപ്പിച്ചിരുന്നു.
English Summary: David Beckham’s father Ted marries in London ceremony