ഫുട്ബോൾ കളിക്കുന്നതു നിർത്തുകയാണ്: കണ്ണീരണിഞ്ഞ് അഗ്യൂറോ കളമൊഴിഞ്ഞു
Mail This Article
മഡ്രിഡ് ∙ അർജന്റീനക്കാരും ബാർസിലോന ആരാധകരും ഒരിക്കലും കേൾക്കാനാഗ്രഹിക്കാത്ത വാർത്തയായിരുന്നു അത്! അവരുടെ പ്രിയപ്പെട്ട ‘കുൻ’ സെർജിയോ അഗ്യൂറോ 33–ാം വയസ്സിൽ ഫുട്ബോൾ മത്സരങ്ങളോടു വിട പറഞ്ഞിരിക്കുന്നു. സ്പാനിഷ് ലീഗിൽ അലാവസിനെതിരായ മത്സരത്തിനിടെ മൈതാനത്തു കുഴഞ്ഞു വീണതിനെത്തുടർന്നു കണ്ടെത്തിയ ഹൃദ്രോഗത്തെത്തുടർന്നാണു വളരെ നേരത്തേയുള്ള വിടവാങ്ങൽ. കുട്ടിക്കാലത്ത് ഏറെ ഇഷ്ടമുണ്ടായിരുന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ പേരിൽനിന്നാണ് അഗ്യൂറോയ്ക്കു കുൻ എന്ന വിളിപ്പേരു ലഭിച്ചത്.
‘ഫുട്ബോൾ കളിക്കുന്നതു നിർത്തുകയാണ്. വളരെ വിഷമകരമായ തീരുമാനമായിരുന്നു അത്. പക്ഷേ, ഇപ്പോൾ സമാധാനപൂർവം ഞാനത് അംഗീകരിക്കുന്നു’– മാധ്യമസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ട് അഗ്യൂറോ പറഞ്ഞു. ‘എന്റെ ആരോഗ്യത്തെ മുൻനിർത്തി ഡോക്ടർമാരുടെ നിർദേശപ്രകാരമെടുത്ത തീരുമാനമാണിത്. 10 ദിവസം മുൻപേ ഇക്കാര്യം തീരുമാനിച്ചിരുന്നു’ – അഗ്യൂറോ പറഞ്ഞു.
അർജന്റീനയുടെ ഇതിഹാസതാരം അന്തരിച്ച ഡിയേഗോ മറഡോണയുടെ ഇളയ മകൾ ജിയാനിനയാണു ഭാര്യ. ഒരു പതിറ്റാണ്ടുകാലം ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ സ്ട്രൈക്കറായിരുന്ന അഗ്യൂറോ 390 കളികളിൽ 260 ഗോളുകൾ നേടി റെക്കോർഡ് സ്കോററായി. കഴിഞ്ഞ സീസണിൽ ബാർസയിലെത്തിയ അഗ്യൂറോയ്ക്കു പരുക്കും മറ്റും കാരണം 5 കളികളിലേ കളത്തിലിറങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ.
English Summary: Sergio Aguero Set to Retire from Football