സലായ്ക്കു പിഴച്ചു, ലിവർപൂൾ തോറ്റു; പെനൽറ്റി നഷ്ടപ്പെടുത്തുന്നത് 4 വർഷത്തിനു ശേഷം
Mail This Article
ലണ്ടൻ ∙ മുഹമ്മദ് സലാ പെനൽറ്റി പാഴാക്കുന്നതും ലിവർപൂൾ തോൽക്കുന്നതും ഒരുപോലെയാണ്! വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഇവ രണ്ടും കഴിഞ്ഞ ദിവസം ഒന്നിച്ചു വന്നു. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ 1–0നു ലെസ്റ്റർ സിറ്റിയോടു തോറ്റു. 16–ാം മിനിറ്റിലാണു സലാ പെനൽറ്റി പാഴാക്കിയത്. ഈജിപ്ഷ്യൻ താരത്തിന്റെ സ്പോട്ട് കിക്ക് ലെസ്റ്റർ ഗോളി കാസ്പർ സ്മൈക്കൽ രക്ഷപ്പെടുത്തി.
പ്രിമിയർ ലീഗിൽ, 2017 ഒക്ടോബറിൽ ഹഡേഴ്സ്ഫീൽഡിനെതിരെ നടന്ന മത്സരത്തിലാണു സലാ ഇതിനു മുൻപു പെനൽറ്റി നഷ്ടപ്പെടുത്തിയത്. 59–ാം മിനിറ്റിൽ പകരക്കാരൻ അഡിമോല ലുക്മാൻ ലെസ്റ്ററിന്റെ വിജയഗോൾ നേടി. തോൽവിയോടെ, 2–ാം സ്ഥാനക്കാരായ ലിവർപൂൾ തൊട്ടുപിന്നിലുള്ള ചെൽസിയുമായി പോയിന്റ് നിലയിൽ തുല്യരായി. 2 ടീമുകൾക്കും 19 കളിയിൽ 41 പോയിന്റ്.
ടെറി വീണ്ടും ചെൽസിയിൽ
ലണ്ടൻ ∙ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ചെൽസിയുടെ കോച്ചിങ് കൺസൽറ്റന്റായി ക്ലബ്ബിന്റെ ഇതിഹാസതാരം ജോൺ ടെറി ചുമതലയേൽക്കും. ചെൽസിയുടെ പ്രതിരോധനിരയിൽ 717 മത്സരങ്ങൾ കളിച്ച ടെറി 2018ലാണു വിരമിച്ചത്. ചെൽസിയുടെ അക്കാദമി താരങ്ങളെയും യുവതാരങ്ങളെയും പരിശീലിപ്പിക്കുകയും മാർഗനിർദേശം നൽകുകയുമാണു ടെറിയുടെ പുതിയ ചുമതല.
English Summary: Leicester City 1-0 Liverpool