റഫറിമാർക്കു പിഴയ്ക്കുന്നു; അധികൃതർ കണ്ണുതുറക്കുമോ ഇനിയെങ്കിലും?
Mail This Article
കൊച്ചി ∙ റഫറിമാരുടെ കണ്ണു പരിശോധിക്കണമെന്നു മലയാള മനോരമയിൽ എഴുതിയത് ഐ.എം. വിജയൻ. കളിപ്രേമികൾ അതേറ്റെടുത്തു. കേരള ബ്ലാസ്റ്റേഴ്സ്–എഫ്സി ഗോവ ഐഎസ്എൽ മത്സരത്തോടെ വിജയന് അതൊരിക്കൽകൂടി പറയേണ്ടിവന്നു. ഫുട്ബോൾ അധികൃതരുടെ കണ്ണുതുറപ്പിക്കാൻ അതു മതിയാകുമോ?
റഫറിമാർക്കു കണ്ണു പരിശോധന മാത്രം പോരാ എന്നാണു വിദഗ്ധർ പറയുന്നത്. പെട്ടെന്നുള്ള സംഭവങ്ങളിൽ ഉടൻ തീരുമാനം എടുക്കുമ്പോൾ പ്രവർത്തിക്കുന്നത് മനുഷ്യരിലെ സഹജവാസനയാണ്. അതിനൊരു അടിസ്ഥാന നിലവാരം വേണം. ഉയർന്ന ഫുട്ബോൾ ബോധത്തിൽ ഊന്നിയുള്ള നിലവാരം.
ഓരോ തീരുമാനവും, അതു 90–ാം മിനിറ്റിൽ ആയാൽപ്പോലും മത്സരത്തിലെ ആദ്യത്തേത് എന്ന മട്ടിലേ എടുക്കാവൂ. മുൻതീരുമാനങ്ങളുടെ ഭാരം റഫറി ചുമന്നുകൊണ്ടു നടക്കരുത്. മുൻതീരുമാനങ്ങൾ തെറ്റിപ്പോയെന്ന ചിന്ത മനസ്സിൽ ശേഷിക്കുന്നെങ്കിൽ പിന്നീടുള്ള വിധികളും പാളിപ്പോകും. തെറ്റുകൾ കുറയ്ക്കുക, അതിനായി ശരിയായ ധാരണകൾ വർധിപ്പിക്കുക എന്നതാവണം നയം. ശരിയായ ധാരണ വർധിപ്പിക്കാൻ എന്തുചെയ്യണം? പ്രായംകുറഞ്ഞ റഫറിമാർ ജില്ലാ ലീഗ് ഉൾപ്പെടെയുള്ള മത്സരങ്ങൾ നിയന്ത്രിക്കുമ്പോൾത്തന്നെ അവരുടെ പ്രകടനം ശാസ്ത്രീയമായി വിലയിരുത്തി, പോരായ്മകൾ മനസ്സിലാക്കിക്കൊടുക്കാൻ സംവിധാനം വേണം. നല്ല രീതിയിൽ ഡ്രൈവിങ് ലൈസൻസ് പരീക്ഷ പാസ്സാകുന്നയാളുടെ കാര്യമെടുക്കുക. മര്യാദകൾ പാലിക്കാത്തവർക്കിടയിലൂടെ, തിരക്കേറിയ പാതകളിൽ, വണ്ടിയോടിക്കുമ്പോൾ പതറിപ്പോകാം. മനസ്സു കലുഷിതമായാൽ നിയന്ത്രണം മോശമാകും. റഫറിമാരുടെ കാര്യത്തിലും ഇങ്ങനെയൊക്കെത്തന്നെ.
ഇന്ത്യൻ റഫറിമാർക്ക് ഉത്കണ്ഠ കൂടുതലാണ്. എന്തുകാര്യത്തിൽ ഏതു തീരുമാനം എടുക്കണമെന്ന ഉത്കണ്ഠ. തീരുമാനത്തെ ലോകം എങ്ങനെ കാണുമെന്ന ടെൻഷൻ. ഹോളണ്ടിൽനിന്നുള്ള ഫിഫ റഫറി യാൻ വെഗറീഫ് പറയുന്നു: ‘‘ഏതു തീരുമാനവും വിമർശിക്കപ്പെടും. തീരുമാനം ആവശ്യമില്ലാത്ത ഘട്ടങ്ങളിൽപ്പോലും തീരുമാനങ്ങളെക്കുറിച്ചു ചിന്തിച്ച് തൊട്ടടുത്ത നിമിഷത്തിലെ ഏകാഗ്രത കളയുന്നവരുണ്ട്. വിമർശനം റഫറിമാരുടെ ജീവിത്തിൽ കൂടെക്കൊണ്ടു നടക്കേണ്ടതുണ്ട്. അതില്ലാത്ത ജീവിതമില്ല.’’
2 ടീമുകൾ ഏറ്റുമുട്ടുമ്പോൾ സംഘർഷമുണ്ടാകാം. താൻ അതിന്റെ ഭാഗമാണെന്ന് എന്ന് ഇന്ത്യൻ റഫറിമാർ കരുതുന്നോ? പ്രശ്നത്തിന്റെ ഭാഗമല്ല എന്ന രീതിയിൽ സമീപിച്ചാൽ വ്യക്തമായ ധാരണ ആ പ്രശ്നത്തേക്കുറിച്ച് ഉണ്ടാകും. തീരുമാനം കൂടുതൽ ന്യായയുക്തമാകും. ഇന്ത്യൻ റഫറിമാർക്ക് മികച്ച പരിശീലനം വേണം. മത്സരങ്ങൾക്കു മുൻപ് മാനസികമായ ഒരുക്കത്തിനും അവസരം ഒരുക്കണം.
∙ വരുമോ വിഎആർ?
ഐഎസ്എലിൽ വിഎആർ ഏർപ്പെടുത്താൻ അധികൃതർ തയാറാകുമോ? യൂറോപ്യൻ ലീഗുകളിൽ വിജയമെന്നു തെളിഞ്ഞ സംവിധാനമാണ് വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ). ഫീൽഡ് റഫറിമാരുടെ പ്രാധാന്യം നഷ്ടപ്പെടുത്താത്ത സംവിധാനം. ഒരു സീസണിലേക്കു മാത്രം വിഎആർ ഉപയോഗിക്കാൻ ഏതാണ്ട് 46 കോടി രൂപ വേണ്ടിവരും. ഐഎസ്എൽ നടത്തിപ്പു ചെലവുമായി തട്ടിച്ചുനോക്കുമ്പോൾ ഇതു വലിയ തുകയാണത്രെ. ഒരു ടീമിലെ കളിക്കാരുടെ ശമ്പളത്തിനു പരമാവധി 16.5 കോടി രൂപ ചെലവിടാമെന്നാണു ചട്ടം. വിഎആറിനു ചെലവിടുന്ന കാശുണ്ടെങ്കിൽ 3 ടീമിനെ കളത്തിലിറക്കാം. വിഎആർ 8–ാം സീസണിൽ കളിയുടെ ഭാഗമാകുമോ എന്നറിയാൻ ആരാധകർക്കു താൽപര്യമുണ്ട്. പക്ഷേ ഉത്തരവാദപ്പെട്ടവർ തുറന്നു പറയുന്നില്ല.
∙ പരാതികൾ തുടർക്കഥ
റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾ സംബന്ധിച്ച് ഈ സീസണിൽ എത്ര പരാതികൾ ടീം മാനേജ്മെന്റുകളിൽനിന്നു കിട്ടി, അതിൽ തീരുമാനങ്ങൾ എന്തൊക്കെയായി തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. വെങ്കിടേഷ് എന്ന റഫറിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് നൽകിയ പരാതിക്ക് എഐഎഫ്എഫ് മറുപടി കൊടുത്തിട്ടില്ല എന്നറിയുന്നു. പിഴവുകൾ തുടർക്കഥയാകുമ്പോൾ, അതു കളിയുടെ ഭാഗമാണ് എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ ഇന്ത്യൻ ഫുട്ബോളിനാവില്ല.
∙ വരുന്നു ‘എലീറ്റ്’
ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) ടീമുകളുടെ മുഖ്യപരിശീലകർ, എഐഎഫ്എഫ് പ്രതിനിധികൾ, റഫറിമാർ തുടങ്ങിയവർ പങ്കെടുത്തൊരു ഓപ്പൺ ഫോറം കഴിഞ്ഞ സീസണിന്റെ ഒടുവിൽ സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായി എഐഎഫ്എഫുമായി ചേർന്നു 10 കോടി രൂപയുടെ പദ്ധതി ‘എലീറ്റ് റഫറി ഡവലപ്മെന്റ് പ്രോഗ്രാം’ ആവിഷ്കരിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ മികച്ച റഫറിമാരെ വാർത്തെടുക്കാനുള്ള 3 വർഷത്തെ പദ്ധതിയാണ്. ഇംഗ്ലിഷ് പ്രീമിയർ ലീഗിന് റഫറിമാരെ നൽകുന്ന പ്രഫഷനൽ ഗെയിം മാച്ച് ഒഫിഷ്യൽസ് ബോർഡ് (പിജിഎംഒഎൽ) ആണ് പദ്ധതിയിൽ സ്ട്രാറ്റജിക് പാർട്ണർമാരായി ഉള്ളത്.
English Summary: Complaints Against ISL Referees