ഐഎസ്എൽ 8 മാസമാക്കി നീട്ടണം: ബ്ലാസ്റ്റേഴ്സ് പരിശീലകൻ സംസാരിക്കുന്നു
Mail This Article
മാറ്റങ്ങൾക്കുവേണ്ടി മാറ്റമില്ലെന്നും ജനുവരി ട്രാൻസ്ഫർ വിൻഡോ അത്തരത്തിൽ ഉപയോഗപ്പെടുത്തില്ലെന്നും കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകൻ ഇവാൻ വുക്കൊമനോവിച്. കെ.പി.രാഹുൽ വൈകാതെ ടീമിനൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്എൽ സീസൺ 2–ാം പകുതിയിലേക്കു കടക്കുന്ന വേളയിൽ വുക്കൊമനോവിച് ‘മനോരമ’യോടു സംസാരിക്കുന്നു.
∙ ലീഗ് ഇതുവരെ?
ഇതെന്റെ ആദ്യ സീസൺ. റഫറിമാരുടെ പിഴവുകളും അതേക്കുറിച്ചുള്ള ചർച്ചകളും കണ്ടു. കളിനിലവാരം മെച്ചപ്പെടണമെങ്കിൽ റഫറിയിങ് നല്ലതാകണം. ടീമിന്റെ പുരോഗതിയിൽ തൃപ്തിയുണ്ട്. പല കളിക്കാരും മെച്ചപ്പെട്ടു. പക്ഷേ, ഈ ലീഗ് ഹ്രസ്വകാലത്തേക്കേയുള്ളൂ. യുവകളിക്കാർ കൂടുതൽ വളരണമെങ്കിൽ ലീഗിനു കൂടുതൽ ദൈർഘ്യമുണ്ടാകണം.
∙ പോയിന്റ് പട്ടികയിലെ സ്ഥാനം?
കുറച്ചുകൂടി മുകളിലേക്കു കയറാമായിരുന്നു. മുൻ സീസണുകളിലെ പ്രകടനവും സാഹചര്യവും അറിയാവുന്ന സ്ഥിതിക്ക് ഇപ്പോഴത്തെ അധ്വാനത്തിൽ സന്തോഷം.
∙ ബ്ലാസ്റ്റേഴ്സിന്റെ കളി എതിരാളികൾക്കു മുൻകൂട്ടി കാണാനാവുന്നതായോ?
വ്യത്യസ്ത ശൈലികളിൽ കളിക്കാനാവണം. ജയിക്കാനുള്ള പ്ലാനോടുകൂടിത്തന്നെയാണ് ഓരോ കളിക്കും ഇറങ്ങുന്നത്. ചില മത്സരങ്ങളിൽ കൃത്യമായി നടപ്പാക്കാനാവും. ചിലപ്പോൾ കടുപ്പമായിരിക്കും. ഞങ്ങളുടെ കളി മറ്റുള്ളവർക്കു പ്രവചിക്കാവുന്ന തരത്തിലാണെന്നു തോന്നിയിട്ടില്ല.
∙ പ്ലേഓഫിനു മുൻപ് ഇനി 11 മത്സരങ്ങൾ. ജനുവരി ട്രാൻസ്ഫർ എങ്ങനെ ഉപയോഗപ്പെടുത്തും?
ഓരോ മത്സരത്തിനും പദ്ധതികളുണ്ട്. മാറ്റങ്ങൾക്കുവേണ്ടി മാത്രം മാറ്റം എന്നതിൽ വിശ്വസിക്കാത്തതിനാൽ ജനുവരി വിൻഡോ ഉപയോഗപ്പെടുത്തുന്നില്ല.
∙ രാഹുൽ എന്നത്തേക്കു തിരിച്ചെത്തും?
രാഹുൽ വൈകാതെ ടീമിനൊപ്പം ചേരും.
∙ 12 ദിവസത്തിനിടെ 4 കളി. ഫെബ്രുവരി 11നുശേഷം 9 ദിവസത്തിനിടെ 3 മാച്ച്. തളർച്ചയ്ക്കു സാധ്യതയില്ലേ?
അതു ഫിക്സ്ചറിന്റെ ഭാഗമാണ്. പരാതിപ്പെടാനില്ല. ലീഗ് ദൈർഘ്യമുള്ളതായിരുന്നെങ്കിൽ നന്നായേനേ. 7–8 മാസമെങ്കിലും വേണമായിരുന്നു.
English Summary: Interview with Kerala Blasters coach Ivan Vukomanovic