ADVERTISEMENT

എൺപതുകളുടെ ആദ്യ പാതി. ഓൾ ഇന്ത്യാ പൊലീസ് ഗെയിംസ് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്നു. സമാപനച്ചടങ്ങിനു കേരളത്തിന്റെ മുഖ്യമന്ത്രി കെ.കരുണാകരനെത്തി. സമ്മാനദാനം നടക്കുമ്പോൾ മെഡൽ പട്ടിക വലിയ സ്ക്രീനിൽ തെളിഞ്ഞു. ഏറ്റവും അവസാനത്തെ സ്ഥാനങ്ങളിലൊന്നിലാണു ആതിഥേയരായ കേരള പൊലീസ് ടീമിന്റെ പേര് തെളിഞ്ഞത്. ആ വേദിയിൽവച്ച് കെ.കരുണാകരനു അന്നത്തെ ഡിജിപി എം.കെ.ജോസഫും തമ്മിൽ നടത്തിയ ചെറിയ സംഭാഷണമാണു കേരളത്തിലെ ഫുട്ബോൾ മൈതാനങ്ങളെ ത്രസിപ്പിച്ച ഒരു ടീമിന്റെ പിറവിയിലേക്കു നയിച്ചത്.

കരുണാകരന്റെ പൂർണ പിന്തുണയും എം.കെ.ജോസഫിന്റെ ആത്മാർഥമായ ആഗ്രഹവും ഐജി ഗോപിനാഥൻ, ഡിഐജി മധുസൂദനൻ, സിഐ അബ്ദുൽ കരീം എന്നിവയുടെ മുൻകയ്യുമായപ്പോൾ കേരള പൊലീസ് ടീം പിറന്നു. 1984ൽ പിറന്ന ടീമിനു ആദ്യത്തെ കിരീടത്തിനായി രണ്ടു വർഷം കാത്തിരിക്കേണ്ടി വന്നു. 1986 മേയിൽ കോട്ടയത്തു നടന്ന മാമ്മൻ മാപ്പിള ഫുട്ബോൾ ടൂർണമെന്റിലായിരുന്നു കന്നി വിജയം.

പിന്നീട് അടിച്ചുവിട്ട പന്തുപോലെ പൊലീസ് ടീം വിജയങ്ങളിൽ നിന്നു വിജങ്ങളിലേക്കു റൂട്ട് മാർച്ച് ചെയ്തു. രാജ്യത്തെ പ്രധാന ക്ലബ്ബ് കിരീടങ്ങളെല്ലാം ആ ഷോകേസിലെത്തി. ടീമിനു ആദ്യ ജയം നേടിക്കൊടുത്ത ടീം ഇനി പൊലീസിലില്ല. അന്നത്തെ സ്ക്വാഡിലെ എല്ലാവരും പൊലീസിന്റെ കാക്കിയഴിച്ചു ഔദ്യോഗിക ജോലിയിൽ നിന്നു വിരമിച്ചു കഴിഞ്ഞു. ആ ടീമിൽ അവസാനം പൊലീസിലുണ്ടായിരുന്നതു എ.സക്കീറാണ്. മുന്നേറ്റ നിരയിലെ ചാട്ടുളിയെന്നറിയപ്പെട്ടിരുന്ന അരീക്കോട്ടുകാരൻ. എംഎസ്പി ഡപ്യൂട്ടി കമൻഡാന്റായ അദ്ദേഹം ജനുവരി 31നു വിരമിക്കും. 

∙ കളത്തിൽ കാക്കി നിഞ്ഞ കാലം

1986 മാമ്മൻ മാപ്പിള ട്രോഫിയിൽ കലാശപ്പോരിറങ്ങുമ്പോൾ ഫേവറിറ്റുകൾ ടൈറ്റാനിയമായിരുന്നു. അവർ അന്നുതന്നെ സംസ്ഥാനത്തെ ഗ്ലാമർ ടീമാണ്. പോരാത്തതിനു നിലവിലെ ചാംപ്യന്മാരും. എണ്ണപ്പെട്ട താരങ്ങളുണ്ടായിട്ടും പൊലീസിനു അതുവരെ കിരീടങ്ങളൊന്നും ലഭിച്ചിരുന്നില്ല. കോട്ടയത്തു അതിനു അറുതിയായി. സഡൻ  ഡെത്തിലേക്കു  നീണ്ട പോരാട്ടത്തിൽ പൊലീസ് ടൈറ്റാനിയത്തെ കീഴടക്കി. തോബിയാസ്, പാപ്പച്ചൻ, കുരികേശ് മാത്യു, അലക്സ് ഏബ്രഹാം, മെഹബൂബ്, ഫ്രാൻസിസ് ഇഗ്നേഷ്യസ്, രാജേന്ദ്രൻ എന്നിവരാണു പൊലീസ് ജഴ്സിയണിഞ്ഞു കളത്തിലുണ്ടായിരുന്നത്. 

∙ ട്രോഫികളെല്ലാം പൊലീസിന്

പിന്നീടങ്ങളോട്ട് ഒരു പതിറ്റാണ്ടിലേറെ കേരളത്തിലെ ഫുട്ബോൾ കളങ്ങൾ അടക്കി ഭരിച്ചതു പൊലീസ് ടീമാണ്. കൗമുദി ട്രോഫിയുൾപ്പെടെയുള്ള ആഭ്യന്തര കിരീടങ്ങളെല്ലാം പൊലീസ് ഷോകേസിലെത്തി. ടീമിന്റെ രൂപീകരണത്തിനു കാരണമായ അഖിലേന്ത്യാ ഫുട്ബോൾ ഗെയിംസ് കീരീടവും പൊലീസ് എത്തിപ്പിടിച്ചു. തുടർച്ചയായ രണ്ടു തവണ കിരീടം നേടിയതോടെ രാജ്യം പൊലീസിനെ ശ്രദ്ധിച്ചു തുടങ്ങി. അതു പക്ഷേ, വരാനുള്ള കൊടുങ്കാറ്റിന്റെ തുടക്കമായിരുന്നു. 

∙ ഫെഡറേഷൻ കപ്പും കാൽക്കീഴിയിൽ 

1990 തൃശൂരിലായിരുന്നു ഫുട്ബോൾ കളത്തിലെ പൊലീസ് വിപ്ലവം. ആർത്തുവിളിക്കുന്ന ആയിരക്കണക്കിനു കാണികളെ സാക്ഷികളാക്കി പൊലീസ് ടീം ഫെഡറേഷൻ കപ്പ് സ്വന്തമാക്കി. അന്നു രാജ്യത്ത് ക്ലബ്ബുകൾക്കു ലഭിക്കാവുന്ന ഏറ്റവും വലിയ ട്രോഫിയാണുഫെഡറേഷൻ കപ്പ്. ഗോവയിൽ നിന്നുള്ള കരുത്തരായ സാൽഗോക്കറായിരുന്നു എതിർവശത്ത്. ഹാട്രിക് തേടിയായിരുന്നു അവരുടെ വരവ്.  ബ്രൂണോ കുടീനോയും സാവിയോ  മദീരയും ഉൾപ്പെടുന്ന സാൽഗോക്കറിനായിരുന്നു ഫൈനലിനു മുൻപ് മൂൻതൂക്കം.

1991-ൽ കണ്ണൂരിൽ ചരിത്രം ആവർത്തിച്ചു. അന്നു ഫൈനലിലെ എതിരാളികൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പൊലീസിന്റെ പടയോട്ടത്തിനു മുന്നിൽ മഹീന്ദ്രയും കീഴടങ്ങി. വി.പി.സത്യൻ, തോബിയാസ്, ഐ.എം.വിജയൻ, യു.ഷറഫലി, കുരികേശ് മാത്യു, ലിസ്റ്റൻ, കെ.ടി.ചാക്കോ, സി.വി.പാപ്പച്ചൻ, അലക്‌സ് ജേക്കബ്, തോബിയാസ്,എ.സക്കീർ,  സി. ജാബിർ, ബാബുരാജ്,റോയ് റോജസ്, മെഹബൂബ്, ഹബീബ് റഹ്മാൻ പൊലീസ് ടീമിന്റെ ജഴ്സിയണിഞ്ഞു കളത്തിലിറങ്ങിയവരെല്ലാം നക്ഷത്രങ്ങളായി. 

∙ ഇടവേള, തിരിച്ചുവരവ്..

കാലവും കളിയും മാറിയപ്പോൾ പൊലീസ് ടീമും ഇടയ്ക്കൊന്നു കിതച്ചു. സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ടീം 10 വർഷത്തോളം കളത്തിലിറങ്ങിയില്ല. 2012-ൽ പൊലീസ് വീണ്ടും ഫുട്ബോൾ ജഴ്സിയണിഞ്ഞു. ഇപ്പോൾ ഐ.എം.വിജയന്റെ നേത്വത്തിൽ ടീം വീണ്ടും പുതിയ നേട്ടങ്ങളിലേക്കു പന്തു തട്ടിത്തുടങ്ങി. എന്തായാലും, ആദ്യ കിരീടം നേടിയ പൊലീസ് ടീമിലെ അവസാനത്തെയാളും കാക്കിയഴിക്കുമ്പോൾ ലോങ് വിസിൽ മുഴങ്ങുന്നതു ഫുട്ബോളിലെ വസന്തകാലത്തിനാണ്....

English Summary: A. Sakeer Retires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com