സെഗനലിന് കന്നി ആഫ്രിക്കൻ നേഷൻസ് ലീഗ് കിരീടം; ഷൂട്ടൗട്ടിൽ ഈജ്പ്തിനെ വീഴ്ത്തി
Mail This Article
യവോണ്ടെ (കാമറൂൺ) ∙ സെനഗലിന്റെ 2002ലെ സുവർണ തലമുറയ്ക്കു പോലും നേടാനാവാത്തത് ഒടുവിൽ സാദിയോ മാനെയും സംഘവും നേടിയെടുത്തു. അധിക സമയത്തേക്കും പെനൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ട ഫൈനലിൽ ഈജിപ്തിനെ 4–2നു മറികടന്ന് ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിൽ ‘തെരംഗയിലെ സിംഹങ്ങൾക്ക്’ കന്നിക്കിരീടം. തങ്ങളാണ് സെനഗലിന്റെ പുതിയ സുവർണ താരങ്ങളെന്നു പ്രഖ്യാപിച്ച നേട്ടം.
ഷൂട്ടൗട്ടിൽ രണ്ടു കിക്കുകൾ രക്ഷപ്പെടുത്തിയ ഗോൾകീപ്പർ എഡ്വേഡ് മെൻഡിയാണ് സെനഗലിന്റെ വിജയശിൽപി. കളിയുടെ തുടക്കത്തിൽ കിട്ടിയ പെനൽറ്റി കിക്ക് നഷ്ടപ്പെടുത്തിയെങ്കിലും ഷൂട്ടൗട്ടിൽ ടീമിന്റെ 5–ാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് മാനെ ടീമിന്റെ വിജയത്തിൽ അവസാനമുദ്ര ചാർത്തി. ആഫ്രിക്കൻ കിരീടത്തിൽ മാനെ മുത്തമിട്ടപ്പോൾ ലിവർപൂൾ ക്ലബ്ബിലെ സഹതാരം മുഹമ്മദ് സലായ്ക്ക് ഇത്തവണയും ആ ഭാഗ്യമുണ്ടായില്ല.
തുടക്കം മുതൽ കളിയിൽ ആധിപത്യം പുലർത്തിയത് അവരാണ്. 4–ാം മിനിറ്റിൽ സാലിയോ സിസെയെ ഈജിപ്ത് ഡിഫൻഡർ മുഹമ്മദ് അബ്ദൽ മൊനെയിം ബോക്സിൽ ഫൗൾ ചെയ്തതിന് സെനഗലിനു പെനൽറ്റി. എന്നാൽ ഗോൾപോസ്റ്റിന്റെ മധ്യം ലാക്കാക്കിയുള്ള മാനെയുടെ കിക്ക് ഈജിപ്ത് ഗോളി അബൂ ഗാബെൽ സേവ് ചെയ്തു. നിശ്ചിത സമയം പിന്നിട്ടു കളി അധികസമയത്തേക്കു കടന്നപ്പോഴാണ് ജയം എന്ന തോന്നൽ ഇരുടീമിനും ശക്തിയായത്. എന്നാൽ ഗാബെലും മെൻഡിയും ജാഗ്രത പാലിച്ചതോടെ കളി ഷൂട്ടൗട്ടിലേക്ക്.
ഈജിപ്തിന്റെ 2–ാം കിക്ക് അബ്ദൽമൊനെം ഗോൾപോസ്റ്റിലേക്കടിച്ചതോടെ സെനഗലിന് ആത്മവിശ്വാസമായി. സെനഗലിന്റെ ബൗണ സാറിന്റെ കിക്ക് സേവു ചെയ്ത് ഗാബെൽ ആ കടം വീട്ടി. എന്നാൽ ഈജിപ്തിന്റെ ലഷീൻ എടുത്ത 5–ാം കിക്ക് സെനഗൽ ഗോളി മെൻഡി സേവ് ചെയ്തു. ഒടുവിൽ മാനെയുടെ കിക്ക് വലയിൽ. കപ്പ് സെനഗൽ ക്യാപ്റ്റൻ കാലിദോ കൂലിബാലിയുടെ കൈകളിൽ.
∙ കാമറൂണിന് മൂന്നാം സ്ഥാനം
ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിൽ അതിഗംഭീര തിരിച്ചുവരവിലൂടെ കാമറൂണിന് 3–ാം സ്ഥാനം. ബുർക്കിന ഫാസോയ്ക്കെതിരെ കളി 50 മിനിറ്റായപ്പോഴേക്കും 3 ഗോളിനു പിന്നിലായ കാമറൂൺ 2–ാം പകുതിയിൽ 3 ഗോൾ തിരിച്ചടിച്ച് കളി അധികസമയത്തേക്കും പെനൽറ്റി ഷൂട്ടൗട്ടിലേക്കും നീട്ടി. ഷൂട്ടൗട്ടിൽ 5–3 വിജയം കുറിക്കുകയും ചെയ്തു. 2–ാം പകുതിയിൽ പകരക്കാരനായി ഇറങ്ങി 2 ഗോൾ നേടിയ വിൻസന്റ് അബൂബക്കറാണ് കാമറൂണിന്റെ തിരിച്ചുവരവിനു ചുക്കാൻ പിടിച്ചത്. 85,87 മിനിറ്റുകളിലായിരുന്നു ഗോളുകൾ.
English Summary: Africa Cup Of Nations: Senegal Beat Egypt In Final Shoot-Out To Win Maiden Title