ADVERTISEMENT

കാമറൂണിലെ ഒലെംബെ സ്റ്റേഡിയത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലെ അവസാന കിക്കെടുക്കാൻ വരുമ്പോൾ സാദിയോ മാനെയുടെ മനസ്സ് ചരിത്രഭാരം കൊണ്ടും കുറ്റഭാരം കൊണ്ടും കനം കെട്ടി നിന്നു. സെനഗൽ ഇതുവരെ വൻകര കിരീടം നേടിയിട്ടില്ല എന്നതു ചരിത്രഭാരം. കളിയുടെ തുടക്കത്തിൽ പെനൽറ്റി കിക്ക് നഷ്ടപ്പെടുത്തിയതു പാപഭാരം. ഈജിപ്തിലെ ഏറ്റവും വലിയ അണക്കെട്ടിന്റെ അതേ പേരിലറിയപ്പെടുന്ന ഗോൾകീപ്പർ അബൂ ഗാബെൽ കൈവിരിച്ചു മുന്നിലും.

പക്ഷേ, നേരത്തേ തന്റെ പെനൽറ്റി കിക്ക് സേവ് ചെയ്ത ഗാബെലിന്റെ മുഖത്തേക്കു പോലും മാനെ നോക്കിയില്ല. ഇടയ്ക്കൊന്ന് ആകാശത്തേക്കു നോക്കി. അവിടെ മാനെ, പാപ ബൗബ ദിയോപിന്റെ മുഖം കണ്ടിട്ടുണ്ടാകും. 2002 ലോകകപ്പിന്റെ അവിസ്മരണീയമായ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായിരുന്ന ഫ്രാൻസിനെതിരെ സെനഗലിന്റെ വിജയഗോൾ നേടിയ, 2020ൽ ഈ ഭൂമിയോടു വിടപറഞ്ഞ നക്ഷത്രത്തെ. ലോകകപ്പ് ക്വാർട്ടർ ഫൈനലിലെത്തിയെങ്കിലും ഒരു വട്ടം പോലും ആഫ്രിക്കൻ വൻകര കിരീടം നേടാനാകാതെ പോയ പാപയുടെ ആ സുവർണ തലമുറയോടുള്ള തിലോദകം മാനെ ചെയ്തു. ഒപ്പം നേരത്തേ നഷ്ടപ്പെടുത്തിയ പെനൽറ്റി കിക്കിനുള്ള പ്രായശ്ചിത്തവും.

ഒരു ആചാരം പോലെയും ആഭിചാരം പോലെയും ഫുട്ബോൾ ലോകം കാണുന്ന ആഫ്രിക്കൻ നേഷൻസ് കപ്പിനെ ഇത്തവണ ശ്രദ്ധേയമാക്കിയത് കാതങ്ങളകലെ ഇംഗ്ലണ്ടിലെ ലിവർപൂൾ ക്ലബ്ബിൽ ഒരുമിച്ചു കളിക്കുന്ന സാദിയോ മാനെയുടെയും ഈജിപ്തിന്റെ മുഹമ്മദ് സലായുടെയും നേർക്കുനേർ പോരാട്ടമാണ്. കടുത്ത മത്സരങ്ങൾ കടന്ന് ഇരുടീമുകളും ഫൈനലിലെത്തിയതോടെ ടൂർണമെന്റിൽ സംഭവിച്ച വലിയൊരു ദുരന്തം എല്ലാവരും മറവിയിലേക്കു വച്ചു. പ്രീ ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ കാമറൂണും കൊമറോസും തമ്മിലുള്ള മത്സരത്തിനു മുന്നോടിയായി സ്റ്റേഡിയത്തിനു പുറത്തു നടന്ന തിക്കിലും തിരക്കിലും 8 ആരാധകർക്കു ജീവൻ നഷ്ടപ്പെട്ടത്. അതേ ഒലെംബെ സ്റ്റേഡിയത്തിലാണ് ഇന്നലെ സെനഗലും ഈജിപ്തും ഫൈനൽ കളിച്ചത്.

ഈ ഫൈനലിന്റെ റിയൽ ഹീറോസ് പക്ഷേ ഇരുടീമുകളുടെയും ഗോൾവല അടച്ചു നിന്ന കീപ്പർമാരാണ്. ഫൈനലിൽ നിശ്ചിത സമയത്ത് മാനെയുടെ കിക്കും രക്ഷപ്പെടുത്തിയ ഗാബെലിന്റെ സാന്നിധ്യം കൊണ്ടു തന്നെ കളി ഷൂട്ടൗട്ടിലേക്കു നീണ്ടാൽ കപ്പ് ഈജിപ്തിന് എന്ന് എല്ലാവരും എഴുതിയേനെ– അപ്പുറം ഇംഗ്ലിഷ് ക്ലബ് ചെൽസിയുടെ ഗോൾകീപ്പർ എഡ്വേഡ് മെൻഡിയല്ലായിരുന്നെങ്കിൽ. ഫിഫയുടെ കഴിഞ്ഞ വർഷത്തെ മികച്ച ഗോൾകീപ്പർ എന്ന പകിട്ടോടെയാണ് മെൻഡി നേഷൻസ് കപ്പിനെത്തിയത്. ഈജിപ്തിന്റെ ലഷീന്റെ കിക്ക് സേവ് ചെയ്ത് മെൻഡി കളിയുടെ വിധി മാനെയുടെ കാൽക്കൽ വച്ചു. അങ്ങനെ, സെനഗലിന്റെ ഫുട്ബോൾ ചരിത്രം രണ്ടായി പിരിഞ്ഞു. കപ്പിനു മുൻപും ശേഷവും!

English Summary: Sadio Mane scores winning kick as Senegal beat Egypt to win Africa Cup of Nations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com