ADVERTISEMENT

പാരിസ്∙ ഇൻജറി ടൈമിൽ റയൽ മഡ്രിഡിന്റെ ‘സമനില തെറ്റിച്ച’ ഗോളുമായി സൂപ്പർതാരം കിലിയൻ എംബപ്പെ അവതരിച്ചതോടെ, യുവേഫ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് ജയം. സൂപ്പർതാരം ലയണൽ മെസ്സി പെനൽറ്റി നഷ്ടമാക്കി വില്ലനായ മത്സരത്തിൽ, ഇൻജറി ടൈമിന്റെ അവസാന മിനിറ്റിലാണ് കിലിയൻ എംബപ്പെ തകർപ്പൻ ഗോളുമായി പിഎസ്ജിയുടെ രക്ഷകനായത്. ഈ ഒരു ഗോളിന്റെ ബലത്തിൽ സ്വന്തം തട്ടകത്തിൽ നടന്ന മത്സരം പിഎസ്ജി 1–0ന് ജയിച്ചു.

പ്രീക്വാർട്ടറിന്റെ രണ്ടാം പാദം റയൽ മഡ്രിഡിന്റെ തട്ടകമായ സാന്തിയാഗോ ബെർണബ്യുവിൽ മാർച്ച് ഒൻപതിന് നടക്കും. ഇതുവരെ ചാംപ്യൻസ് ലീഗ് ജേതാക്കളായിട്ടില്ലെന്ന നാണക്കേട് മാറ്റാനുറച്ചാണ് ഇത്തവണ പിഎസ്ജിയുടെ മുന്നേറ്റം.

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ പിഎസ്ജിയെ ഉജ്വല ഫോമിൽ കളിച്ച ഗോൾകീപ്പർ തിബോ കുർട്ടോയുടെ സേവുകളുടെ ബലത്തിൽ ഇൻജറി ടൈം വരെ റയൽ പിടിച്ചുകെട്ടിയതാണ്. എന്നാൽ, ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ പകരക്കാരൻ താരം നെയ്മറിന്റെ പാസിൽനിന്ന് എംബപ്പെ ലക്ഷ്യം കണ്ടു. കഴിഞ്ഞ നവംബറിനുശേഷം ആദ്യമായി കളത്തിലെത്തിയ നെയ്മറിന്റെ പ്രകടനവും പിഎസ്ജിയുടെ വിജയത്തിൽ നിർണായകമായി.

മറ്റൊരു മത്സരത്തിൽ പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങ് ലിസ്ബണിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റിയും ക്വാർട്ടർ പ്രതീക്ഷ സജീവമാക്കി. ബെർണാഡോ സിൽവയുടെ ഇരട്ടഗോളും (17, 44), റിയാദ് മെഹ്റെസ് (7), ഫിൽ ഫോഡൻ (32), റഹിം സ്റ്റെർലിങ് (58) എന്നിവരുടെ ഗോളുകളുമാണ് സിറ്റിക്ക് അനായാസ ജയം സമ്മാനിച്ചത്. ഇതോടെ, മാർച്ച് 16ന് സിറ്റിയുടെ തട്ടകത്തിൽ നടക്കുന്ന രണ്ടാം പാദ പ്രീക്വാർട്ടറിന്റെ ഫലം ഏറെക്കുറെ അപ്രസക്തമായി.

English Summary: Kylian Mbappe Scores Last Minute-Winner; PSG Beat Real Madrid 1-0

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com