ലീലിനെ 2–0ന് വീഴ്ത്തി ചെൽസി; യുവെന്റസിനെ വിയ്യാ റയൽ സമനിലയിൽ തളച്ചു
Mail This Article
മഡ്രിഡ് ∙ മൈതാനത്തിറങ്ങി 32–ാം സെക്കൻഡിൽ തന്നെ ഒരു ഗോൾ, അതും ഒന്നൊന്നര ഗോൾ; യുവന്റസ് താരം ദുസാൻ വ്ലായോവിച്ചിന്റെ ചാംപ്യൻസ് ലീഗ് അരങ്ങേറ്റം ഇതിലും ഗംഭീരമാവാനില്ല! പ്രീക്വാർട്ടർ ആദ്യപാദത്തിൽ വിയ്യാറയലിനോടു സമനില (1-1) വഴങ്ങേണ്ടി വന്നെങ്കിലും യുവെ ആരാധകർക്കു നിരാശ കാണില്ല. വ്ലായോവിച്ച് വന്നതോടെ മൂർച്ച കൂടിയ മുന്നേറ്റനിരയിൽ സ്വന്തം മൈതാനത്തെ 2–ാം പാദത്തിൽ അവർക്കു പ്രതീക്ഷയർപ്പിക്കാം. 66–ാം മിനിറ്റിൽ ഡാനി പരെയോയുടെ ഗോളിലാണു വിയ്യാറയൽ സമനില പിടിച്ചത്. മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് ക്ലബ് ലീലിനെ 2–0നു തോൽപിച്ച് നിലവിലെ ചാംപ്യൻമാരായ ചെൽസി ക്വാർട്ടറിലേക്ക് ഒരു കാൽ വച്ചു.
ഫിയൊറന്റീനയുടെ താരമായിരുന്ന ഇരുപത്തിരണ്ടുകാരൻ വ്ലായോവിച്ചിനെ കഴിഞ്ഞ മാസമാണു യുവെ ടീമിലെടുത്തത്. ക്രിസ്റ്റ്യാനോ റൊണാൾഡോ പോയ വിടവു പരിഹരിക്കാനുള്ള പുതിയ ശ്രമം. സീരി എയിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോളടിച്ച് സെർബിയൻ താരം പ്രതീക്ഷ കാത്തു. ഇപ്പോഴിതാ ചാംപ്യൻസ് ലീഗ് അരങ്ങേറ്റത്തിലും ഗോൾ. ഡാനിലോയുടെ ലോങ് പാസ് നെഞ്ചിൽ സ്വീകരിച്ച്, 2 ഡിഫൻഡർമാർക്കിടയിലൂടെ വെട്ടിത്തിരിഞ്ഞ് വ്ലായോവിച്ച് പായിച്ച വലംകാൽ ഷോട്ട് വലയിലെത്തി.
ലീലിനെതിരെ കായ് ഹാവെർട്സ് (8), ക്രിസ്റ്റ്യൻ പുലിസിച് (63) എന്നിവരാണു ചെൽസിയുടെ ഗോളുകൾ നേടിയത്. റൊമേലു ലുക്കാകുവിനു പകരം മുൻനിരയിൽ തന്നെ അവസരം കിട്ടിയ ഹാവെർട്സ്, ഹാക്കിം സിയെച്ചിന്റെ കോർണറിനെ ഗോളിലേക്കു തിരിച്ചു വിട്ടു. എൻഗാളോ കാന്റെയുടെ ഒറ്റയാൾ മുന്നേറ്റമാണു 2–ാം ഗോളിനു വഴിയൊരുക്കിയത്.
∙ചാംപ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ ഒരു താരം നേടുന്ന അതിവേഗ ഗോളാണ് വ്ലായോവിച്ചിന്റേത്: 32 സെക്കൻഡുകൾ. എന്നാൽ, ചാംപ്യൻസ് ലീഗിലെ വേഗമേറിയ ഗോളിന്റെ റെക്കോർഡ് ബയൺ മ്യൂണിക് താരം റോയ് മക്കേയുടെ പേരിലാണ്. 2007ൽ റയൽ മഡ്രിഡിനെതിരെ കളി തുടങ്ങി 11–ാം സെക്കൻഡിൽ മക്കേ ഗോളടിച്ചു.
English Summary: Kai Havertz and Christian Pulisic on target as Champions League holders take control