‘ഹാ’ട്രിക്ക് ബെൻസേമ; മെസ്സിയുടെ പിഎസ്ജി ചാംപ്യൻസ് ലീഗിനു പുറത്ത്
Mail This Article
മഡ്രിഡ്∙ സൂപ്പർതാരം ലയണൽ മെസ്സിയെ വൻതുക മുടക്കി സ്വന്തം പാളയത്തിലെത്തിച്ച് പിഎസ്ജി നടത്തിയ ചൂതാട്ടവും തൽക്കാലം നിഷ്ഫലം. ചാംപ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നത്തിന് ഊർജം പകരാനായി ലയണൽ മെസ്സിയെ ടീമിലെത്തിച്ച പിഎസ്ജി, അതിനുശേഷമുള്ള ആദ്യ സീസണിൽത്തന്നെ പ്രീക്വാർട്ടറിൽ പുറത്ത്.
പഴയ താരപ്പകിട്ടില്ലാത്ത റയൽ മഡ്രിഡാണ് പിഎസ്ജിയെ വീഴ്ത്തിയത്. റയലിന്റെ തട്ടകത്തിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോറ്റാണ് പിഎസ്ജി പുറത്തായത്. ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ 1–0ന്റെ വിജയം നേടിയ പിഎസ്ജി, ഇരു പാദങ്ങളിലുമായി 3–2ന് പിന്നിലായി.
ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിരുന്ന റയലിന്, രണ്ടാം പകുതിയിൽ വെറും 17 മിനിറ്റിനിടെ ഫ്രഞ്ച് താരം കരിം ബെൻസേമ നേടിയ ഹാട്രിക്കാണ് തിരിച്ചുവരവിനും തിരിച്ചടിക്കും ഇന്ധനമായത്. 61, 76, 78 മിനിറ്റുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ. പിഎസ്ജിയുടെ ആശ്വാസഗോൾ 39–ാം മിനിറ്റിൽ സൂപ്പർതാരം നെയ്മാറിന്റെ പാസിൽനിന്ന് കിലിയൻ എംബപ്പെ നേടി. ചാംപ്യൻസ് ലീഗിൽ മൂന്ന് ഹാട്രിക് നേടുന്ന ആദ്യ ഫ്രഞ്ച് താരമാണ് ബെൻസേമ.
മറ്റൊരു മത്സരത്തിൽ സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ സ്പോർട്ടിങ് ലിസ്ബണുമായി സമനിലയിൽ പിരിഞ്ഞെങ്കിലും മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ കടന്നു. ആദ്യ പാദത്തിൽ നേടിയ 5–0ന്റെ കൂറ്റൻ വിജയത്തിന്റെ ബലത്തിലാണ് സിറ്റിയുടെ മുന്നേറ്റം.
English Summary: Karim Benzema scores hat trick, Madrid rally to oust PSG from Champions League