ADVERTISEMENT

പാരിസ്∙ സൂപ്പർതാരം ലയണൽ മെസ്സിക്കും നെയ്മാറിനും സ്വന്തം തട്ടകത്തിൽ ആരാധകരുടെ കൂവലും പരിഹാസവും. ഫ്രഞ്ച് ലീഗ് വണ്ണിൽ ബോർഡെക്സിനായ മത്സരത്തിന് ഇറങ്ങും മുൻപാണ് സൂപ്പർതാരങ്ങളെ പിഎസ്ജി ആരാധകർ കൂവിപരിഹസിച്ചത്. മത്സരം തുടങ്ങും മുൻപ് ആദ്യ ഇലവനിലുള്ള താരങ്ങളെ പ്രഖ്യാപിക്കുമ്പോഴാണ് പാർക് ഡി പ്രിൻസസ് സ്റ്റേഡിയത്തിലെ വൻ ജനാവലി ഇത്തരത്തിൽ പ്രതികരിച്ചത്. മെസ്സിയുടെയും നെയ്മാറിന്റെയും പേരു വിളിച്ചപ്പോൾ കൂവിയാർത്ത ആരാധകർ, മറ്റൊരു സൂപ്പർതാരം കിലിയൻ എംബപ്പെയുടെ പേരു വിളിച്ചപ്പോൾ നിശബ്ദരായിരുന്നതും ശ്രദ്ധേയമായി.

മെസ്സിക്കും നെയ്മാറിനും മാത്രമല്ല, വൻ പ്രതീക്ഷകളുമായി പിഎസ്ജിയിലേക്കെത്തിയ അർജന്റീനക്കാരനായ പരിശീലകൻ മൗറീഷ്യോ പൊച്ചെറ്റീനോയുടെ പേര് അനൗൺസ് ചെയ്തപ്പോഴും വൻ കൂവലോടെയാണ് കാണികൾ സ്വീകരിച്ചത്.

യുവേഫ ചാംപ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനോടു തോറ്റു പുറത്തായതിന്റെ അരിശം തീർക്കാനാണ് സൂപ്പർതാരങ്ങളെ ആരാധകർ കൂവിയത്. പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ 1–0ന് ജയിച്ച പിഎസ്ജി, റയലിന്റെ തട്ടകത്തിലെ രണ്ടാം പാദത്തിൽ ആദ്യ പകുതിയിൽ ഗോളടിച്ച് 2–0ന് ലീഡു നേടിയതാണ്. എന്നാൽ, രണ്ടാം പകുതിയിൽ ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ നേടിയ ഹാട്രിക്കിൽ റയൽ പിഎസ്ജിയെ വീഴ്ത്തി ക്വാർട്ടറിലേക്കു മുന്നേറുകയായിരുന്നു.

കഴിഞ്ഞ ആറു സീസണിനിടെ ഇതാദ്യമായാണ് പിഎസ്ജി പ്രീക്വാർട്ടറിൽ തോറ്റു പുറത്താകുന്നത്. ആരാധകർ കൂവി പരിഹസിച്ചെങ്കിലും ബോർഡെക്സിനെതിരായ മത്സരത്തിൽ പിഎസ്ജി 3–0ന് ജയിച്ചു. കിലിയൻ എംബപ്പെ (24), നെയ്മാർ (52), പരേദസ് (61) എന്നിവരാണ് പിഎസ്ജിക്കായി ഗോൾ േനടിയത്. ഫ്രഞ്ച് ലീഗ് വണ്ണിൽ പിഎസ്ജി വൻ ലീഡുമായി മുന്നേറുമ്പോഴും ഈ സീസണിൽ മെസ്സിയുടെയും നെയ്മാറിന്റെയും പ്രകടനം വലിയ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. സീസണിലാകെ 25 മത്സരങ്ങളിൽനിന്ന് മെസ്സിക്ക് നേടാനായത് ഏഴു ഗോളുകൾ മാത്രമാണ്. പരുക്കുമൂലം ചില മത്സരങ്ങൾ നഷ്ടമായ നെയ്മറാകട്ടെ അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കി.

അതേസമയം, മെസ്സിയെയും നെയ്മാറിനെയും ആരാധകർ ഇത്തരത്തിൽ പരിഹസിച്ചതിൽ വിഷമമുണ്ടെന്ന് പരിശീലകൻ പൊച്ചെറ്റീനോ പ്രതികരിച്ചു. ‘പിഎസ്ജിയെ സ്നേഹിക്കുന്ന എല്ലാവരും മഡ്രിഡിൽവച്ചു പിണഞ്ഞ തോൽവിയിൽ നിരാശരാണ്. ഇന്ന് സ്റ്റേഡിയത്തിൽ സംഭവിച്ച കാര്യങ്ങൾ അതിലും വിഷമിപ്പിക്കുന്നു. ടീമിലുള്ള എല്ലാവർക്കും ഇത് വിഷമമായി. ആരാധകരുടെ വേദനയും നിരാശയും മനസ്സിലാക്കുന്നു. പക്ഷേ, നമ്മൾ ഒരു ടീമായി, ഒറ്റക്കെട്ടായി നിൽക്കേണ്ടവരല്ലേ? തോൽവിയുടെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നു’ – പൊച്ചെറ്റിനോ പ്രതികരിച്ചു.

English Summary: Lionel Messi, Neymar Get Booed by PSG Fans Despite Win in Ligue 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com