ADVERTISEMENT

മാഞ്ചസ്റ്റർ∙ കഴിഞ്ഞ ദിവസം ഹാട്രിക്കുമായി ഫോമിലേക്കു തിരിച്ചെത്തിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിക്കാനായില്ല. രണ്ടാം പാദ പ്രീക്വാർട്ടറിൽ സ്വന്തം തട്ടകത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അത്‍ലറ്റിക്കോ മഡ്രിഡിനോടു തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവേഫ ചാംപ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ പുറത്ത്. സമനിലയിലായ ആദ്യപാദത്തിലെ സ്കോർ കൂടി ചേർത്ത് 2–1ന്റെ തോൽവി വഴങ്ങിയാണ് യുണൈറ്റഡ് പുറത്തായത്. 41–ാം മിനിറ്റിൽ ബ്രസീലിയൻ താരം ലോധി നേടിയ ഗോളാണ് അത്‍ലറ്റിക്കോയെ രക്ഷിച്ചത്. സൂപ്പർതാരം അന്റോയ്ൻ ഗ്രീസ്മന്റെ പാസിൽനിന്നായിരുന്നു ലോധിയുടെ ഗോൾ.

മറ്റൊരു മത്സരത്തിൽ ഡച്ച് ക്ലബ് അയാക്സിനെ അവരുടെ തട്ടകത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനു വീഴ്ത്തി പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയും ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ കടന്നു. 77–ാം മിനിറ്റിൽ നൂനസാണ് വിജയഗോൾ നേടിയത്. ഇതോടെ, ഇരു പാദങ്ങളിലുമായി 3–2ന്റെ മുൻതൂക്കം നേടിയാണ് ബെൻഫിക്ക മുന്നേറിയത്. ആദ്യ പാദത്തിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു.

ആവേശപ്പോരാട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായെങ്കിലും, അത്‍ലറ്റിക്കോ മഡ്രിഡിന്റെ പേരുകേട്ട പ്രതിരോധം പിളർത്താനാകാതെ പോയതാണ് റൊണാൾഡോയ്ക്കും സംഘത്തിനും തിരിച്ചടിയായത്. ചാംപ്യൻസ് ലീഗിൽനിന്ന് പുറത്തായതോടെ ഈ സീസണിൽ ഇനി യുണൈറ്റഡിന് പ്രതീക്ഷിക്കാനുള്ളത് പ്രിമിയർ ലീഗിലെ ആദ്യ നാലു സ്ഥാനങ്ങളിലൊന്ന് മാത്രം! ഇതോടെ, കഴിഞ്ഞ 16 സീസണുകൾക്കിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരു ട്രോഫി പോലുമില്ലാത്ത ആദ്യ സീസണാകും ഇതെന്നും ഉറപ്പായി.

രണ്ടാം പകുതിയിൽ സമനില ഗോളിനായി കടുത്ത സമ്മർദ്ദം ചെലുത്തിയ യുണൈറ്റഡിനായിരുന്നു പലപ്പോഴും പന്തിൻമേലും ആധിപത്യം. പക്ഷേ, അത്‍ലറ്റിക്കോ പ്രതിരോധം ഉറച്ച കോട്ടകെട്ടി കാവൽ നിന്നതോടെ ഗോൾ കണ്ടെത്താൻ യുണൈറ്റഡിന് സാധിക്കാതെ പോയി. ഇടയ്ക്ക് പ്രതിരോധം പിളർത്തിയപ്പോൾ അത്‍ലറ്റിക്കോ ഗോൾകീപ്പർ യാൻ ഒബ്ലാക് അവരുടെ രക്ഷകനായി.

അതേസമയം, അത്‍ലറ്റിക്കോ നേടിയ വിജയഗോളിനും വിവാദത്തിന്റെ അകമ്പടിയുണ്ട്. അന്റോണിയോ ഗ്രീസ്മന്റെ ക്രോസിൽനിന്ന് ഹെഡറിലൂടെ ലോധി വിജയഗോൾ നേടും മുൻപ്, സ്വന്തം പോസ്റ്റിൽ യുണൈറ്റഡ് താരം ആന്തണി എലാൻഗ ഫൗൾ ചെയ്യപ്പെട്ടുവെന്നായിരുന്നു അവരുടെ ആക്ഷേപം. സ്ലൊവേനിയൻ റഫറിയോട് റൊണാൾഡോ ഉൾപ്പെടെയുള്ളവർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും ഫലമുണ്ടായില്ല. ഇതുൾപ്പെടെ താരങ്ങളുടെ പ്രതിഷേധം വരുത്തിവച്ച ഒരുപിടി വിവാദ തീരുമാനങ്ങൾ റഫറിയിൽനിന്നുണ്ടായി. മത്സരത്തിനിടെ അത്‍ലറ്റിക്കോ പരിശീലകൻ ഡീഗോ സിമിയോണിയെ യുണൈറ്റഡ് ആരാധകർ കുപ്പി ഉൾപ്പെടെയുള്ള വസ്തുക്കൾക്കൊണ്ട് എറിഞ്ഞതും വിവാദമായി.

English Summary: Cristiano Ronaldo creates embarrassing record as Man United get knocked out of Champions League by Atletico

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com