യുവെന്റസിനെ വിയ്യാ റയൽ വീഴ്ത്തി; ലീലിനെ തോൽപ്പിച്ച് ചെൽസിയും ക്വാർട്ടറിൽ
Mail This Article
ടൂറിൻ∙ യുവേഫ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡും പുറത്തായതിനു പിന്നാലെ അദ്ദേഹത്തിന്റെ പഴയ തട്ടകമായ യുവെന്റസും ക്വാർട്ടർ കാണാതെ പുറത്ത്. സ്പാനിഷ് ക്ലബ് വിയ്യാ റയലാണ് യുവെന്റസിനെ ഞെട്ടിച്ച് ക്വാർട്ടറിൽ കടന്നത്. യുവെന്റസിനെ തട്ടകത്തിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ ഏകപക്ഷീയമായ മൂന്നു ഗോളിനു ജയിച്ച വിയ്യാ റയൽ, ഇരു പാദങ്ങളിലുമായി 4–1ന്റെ ആധിപത്യം നേടിയാണ് ക്വാർട്ടറിലെത്തിയത്.
78–ാം മിനിറ്റ് വരെ ഗോൾരഹിതമായി നീങ്ങിയ രണ്ടാം പാദത്തിൽ, 14 മിനിറ്റിനിടെ മൂന്നു ഗോളടിച്ചുകൂട്ടിയാണ് വിയ്യാ റയൽ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. അതിൽ രണ്ടു ഗോളും വന്നത് പെനൽറ്റിയിൽനിന്ന്. ജെറാർഡ് മൊറേനോ (78, പെനൽറ്റി), പാവ് ടോറസ് (85), അർനോഡ് ഡൻജുമ (90+2, പെനൽറ്റി) എന്നിവരാണ് വിയ്യാ റയലിനായി ലക്ഷ്യം കണ്ടത്. വിയ്യാ റയലിന്റെ തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് തുല്യത പാലിക്കുകയായിരുന്നു. തുടർച്ചയായ മൂന്നാം സീസണിലാണ് യുവെന്റസ് ചാംപ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ പുറത്താകുന്നത്.
മറ്റൊരു പ്രീക്വാർട്ടർ പോരാട്ടത്തിൽ ഫ്രഞ്ച് ക്ലബ് ലീലിനെ വീഴ്ത്തി നിലവിലെ ചാംപ്യൻമാരായ ചെൽസിയും ക്വാർട്ടറിൽ കടന്നു. ലീലിന്റെ തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ഇതോടെ, ഇരു പാദങ്ങളിലുമായി ചെൽസിക്ക് 4–1ന്റെ മുൻതൂക്കം ലഭിച്ചു.
രണ്ടാം പാദത്തിൽ പിന്നിൽനിന്നും തിരിച്ചടിച്ചാണ് ചെൽസിയുടെ വിജയമെന്നതും ശ്രദ്ധേയം. ബുറാക് യിൽമാസ് 38–ാം മിനിറ്റിൽ നേടിയ പെനൽറ്റി ഗോളിലൂടെ ലീലാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. എന്നാൽ, ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ ക്രിസ്റ്റ്യൻ പുലിസിച്ചിലൂടെ ചെൽസി സമനില ഗോൾ നേടി. 71–ാം മിനിറ്റിൽ ക്യാപ്റ്റൻ സെസ്സാർ അസ്പിലിക്യുവേറ്റ നേടിയ ഗോളിൽ വിജയവുമുറപ്പിച്ചു.
∙ ക്വാർട്ടറിൽ ഫ്രഞ്ച്, ഇറ്റാലിയൻ ടീമുകളില്ല!
ഇതോടെ, ഈ സീസണിൽ ക്വാർട്ടറിൽ കടന്ന ടീമുകളുടെ സമ്പൂർണ ചിത്രം വ്യക്തമായി. സ്പെയിനിൽനിന്നും ഇംഗ്ലണ്ടിൽനിന്നും മൂന്നു ടീമുകൾ വീതമാണ് ക്വാർട്ടർ പോരാട്ടത്തിന് യോഗ്യത നേടിയത്. ജർമനിയിൽനിന്നും പോർച്ചുഗലിൽനിന്നും ഓരോ ടീമും ക്വാർട്ടറിൽ കടന്നു. അതേസമയം ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്ന് ഒരു ടീം പോലും ക്വാർട്ടറിലെത്തിയില്ല.
റയൽ മഡ്രിഡ്, വിയ്യാ റയൽ, അത്‍ലറ്റിക്കോ മഡ്രിഡ് (സ്പെയിൻ), ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി (ഇംഗ്ലണ്ട്), ബയൺ മ്യൂണിക്ക് (ജർമനി), ബെൻഫിക്ക (പോർച്ചുഗൽ) എന്നിവരാണ് ക്വാർട്ടറിലെത്തിയ ടീമുകൾ. ക്വാർട്ടർ ഫൈനലിലെ എതിരാളികളെ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് മാർച്ച് 18ന് സ്വിറ്റ്സർലൻഡിൽ നടക്കും.
English Summary: UEFA Champions League 2021-22