ADVERTISEMENT

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന അർജന്റീന-ഇറ്റലി പോരാട്ടത്തിന് വേദിയും തീയതിയും യുവേഫ തീരുമാനിച്ചു. കോപ്പ അമേരിക്ക ചാംപ്യന്മാരായ അർജന്റീനയും യൂറോ കപ്പ് ചാംപ്യന്മാരായ ഇറ്റലിയും തമ്മിൽ ഇന്ത്യൻ സമയം ജൂൺ ഒന്നിന് രാത്രി 1:15ന് ഏറ്റുമുട്ടും. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.

29 വർഷങ്ങൾക്കു ശേഷമാണ് കോപ്പ-യൂറോ ചാംപ്യന്മാർ ഏറ്റുമുട്ടുന്ന മത്സരം അരങ്ങേറുന്നത്. ലാറ്റിനമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷനായ കോംബോളും യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് ഇപ്പോൾ ‘ഫൈനലിസിമ’ എന്ന പേരിൽ മത്സരം സംഘടിപ്പിക്കുന്നത്.

ഖത്തർ ഫുട്ബോൾ ലോകകപ്പിനു മുൻപ് മത്സരം നടത്താൻ ഇരു സമിതികളും തീരുമാനിക്കുകയായിരുന്നു. ഇതിനു മുൻപ് അർടെമിയോ ഫ്രാഞ്ചി എന്ന പേരിൽ രണ്ടു തവണ കോപ്പ-യൂറോ ചാംപ്യന്മാർ‍ തമ്മിലുള്ള മത്സരം സംഘടിപ്പിച്ചിരുന്നു. 1985-ലും 1993-ലുമായിരുന്നു ആ മത്സരങ്ങൾ.

85-ൽ ഫ്രാൻസും യുറഗ്വായുമാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ രണ്ടു ഗോളുകൾക്ക് ജയം ഫ്രാൻസിനൊപ്പം നിന്നു. 93-ൽ അർജന്റീനയും ഡെന്മാർക്കും തമ്മിലായിരുന്നു പോരാട്ടം. ഇതിഹാസ താരം ഡീഗോ മറഡോണയുടെ നേതൃത്വത്തിലിറങ്ങിയ അർജന്റീന അന്ന് ഡെൻമാർക്കിനെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചു കിരീടം നേടിയിരുന്നു.

കോപ്പ അമേരിക്കയും യൂറോ കപ്പും ഇനി മുതൽ ഒരേ വർഷങ്ങളിൽ നടത്താൻ തീരുമാനിച്ചതോടു കൂടിയാണ് വീണ്ടും ഈ മത്സരം നടക്കാൻ അവസരം ഒരുങ്ങിയത്. മത്സരത്തിനുള്ള ടിക്കറ്റുകൾ മാർച്ച് 24 മുതൽ വിൽപന തുടങ്ങും. 28 വർഷത്തെ കിരീട വരൾച്ചയ്ക്ക് അറുതി വരുത്തിയാണ് അർജന്റീന ഇക്കുറി കോപ്പ അമേരിക്ക കിരീടം ചൂടിയത്. ആതിഥേയരായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപിച്ചായിരുന്നു കിരീടനേട്ടം.

ഇറ്റലിയാകട്ടെ 1968-നു ശേഷം ഇതാദ്യമായാണ് യൂറോ കപ്പിൽ മുത്തമിട്ടത്. ഫൈനലിൽ ഇംഗ്ലണ്ടിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 3-2ന് തോൽപിച്ചായിരുന്നു കിരീടനേട്ടം.

English Summary: Euro vs Copa America: Lionel Messi's Argentina to face Giorgio Chiellini's Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com