കളത്തിലേക്കുള്ള തിരിച്ചുവരവിൽ ഗോളടിച്ച് തിളങ്ങി; എറിക്സൻ, എത്ര മനോഹരം!
Mail This Article
ആംസ്റ്റർഡാം ∙ ഫുട്ബോളിലേക്കുള്ള എറിക്സന്റെ തിരിച്ചു വരവിനോളം മനോഹരമായി മറ്റൊന്നേയുള്ളൂ; ഒരു വർഷം മുൻപ് ജീവിതത്തിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ്! ഹൃദയാഘാതം മൂലം ഫുട്ബോളിൽ നിന്ന് ഒരു വർഷത്തോളം വിട്ടു നിന്ന ശേഷം, ഡെൻമാർക്ക് ജഴ്സിയിലെ ആദ്യ മത്സരം സുന്ദരമായൊരു ഗോളിലൂടെ ക്രിസ്റ്റ്യൻ എറിക്സൻ അവിസ്മരണീയമാക്കി.
നെതർലൻഡ്സിനെതിരെ സൗഹൃദ ഫുട്ബോൾ മത്സരം ഡെൻമാർക്ക് 2–4നു തോറ്റെങ്കിലും ഈ മത്സരം ഓർമിക്കപ്പെടുക എറിക്സന്റെ പേരിൽ തന്നെ. 46–ാം മിനിറ്റിൽ പകരക്കാരനായിറങ്ങി നിമിഷങ്ങൾക്കകമായിരുന്നു എറിക്സന്റെ ഗോൾ. 74–ാം മിനിറ്റിൽ മറ്റൊരു ഷോട്ട് പോസ്റ്റിലിടിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം ജൂണിൽ ഫിൻലൻഡിനെതിരെ യൂറോകപ്പ് മത്സരത്തിനിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് എറിക്സന് ഫുട്ബോളിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്നിരുന്നു. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്ന കാർഡിയോവെർട്ടർ ഡിഫ്രിബിലേറ്റർ ശരീരത്തിൽ ഘടിപ്പിച്ചാണ് എറിക്സൻ പിന്നീട് ഫുട്ബോളിലേക്കു തിരിച്ചെത്തിയത്. കഴിഞ്ഞ മാസം ഇംഗ്ലിഷ് ക്ലബ് ബ്രെന്റ്ഫോഡ് ടീമിലൂടെയായിരുന്നു ക്ലബ് ഫുട്ബോളിലേക്കുള്ള തിരിച്ചു വരവ്.
∙ ജർമനി, സ്പെയിൻ, ഇംഗ്ലണ്ട് ജയിച്ചു
ബാർസിലോന ∙ 18 വർഷങ്ങൾക്കു ശേഷം ബാർസിലോന നഗരത്തിൽ ദേശീയ ടീമിന്റെ ആദ്യ മത്സരത്തിൽ സ്പെയിനു ജയം. അൽബേനിയയെ 2–1നാണ് സ്പെയിൻ തോൽപിച്ചത്. ഫെറാൻ ടോറസ്, ഡാനി ഒൽമോ എന്നിവർ സ്പെയിനായി ഗോളടിച്ചു. രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം 2004നു ശേഷം ബാർസിലോനയിൽ സ്പെയിൻ ദേശീയ ടീം കളിച്ചിട്ടില്ല.
എസ്പാന്യോൾ ക്ലബ്ബിന്റെ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ജർമനി 2–0ന് ഇസ്രയേലിനെയും ഇംഗ്ലണ്ട് 2–1ന് സ്വിറ്റ്സർലൻഡിനെയും തോൽപിച്ചു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ദേശീയ ടീമിനു വേണ്ടിയുള്ള ഗോൾ നേട്ടത്തിൽ ബോബി ചാൾട്ടനൊപ്പമെത്തി– ഇരുവർക്കും 49 ഗോളുകൾ. 53 ഗോളുകൾ നേടിയ വെയ്ൻ റൂണി മാത്രമാണ് മുന്നിലുള്ളത്.
English Summary: Denmark vs Netherlands: Christian Eriksen scripts fairy-tale return