ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ: ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും ജയം
Mail This Article
മാഞ്ചസ്റ്റർ ∙ അത്‌ലറ്റിക്കോ മഡ്രിഡിന്റെ ഗോൾപോസ്റ്റിനു മുന്നിൽ കോച്ച് ഡിയേഗോ സിമിയോണി പാർക്കു ചെയ്ത ‘ബസി’ന്റെ ചില്ല് മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രുയ്നെ തകർത്തു! ബൽജിയം താരം ഡിബ്രുയ്നെയുടെ 70–ാം മിനിറ്റിലെ ഗോളിൽ, അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് 1–0 വിജയം. രണ്ടാം ക്വാർട്ടർ ഫൈനലിൽ ഇംഗ്ലിഷ് ക്ലബ് ലിവർപൂൾ 3–1ന് പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയെയും തോൽപിച്ചു. ബെൻഫിക്കയുടെ ഗ്രൗണ്ടിൽ 3 ഗോൾ നേടിയ വിജയം 2–ാം പാദത്തിൽ ചെമ്പടയുടെ ആത്മവിശ്വാസം വർധിപ്പിക്കും.
ബസ് പാർക്കിങ്
ഇംഗ്ലണ്ടിൽ, മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനത്ത് അവരെ ഒരുവിധത്തിലും ഗോളടിപ്പിക്കില്ലെന്നു ശപഥം ചെയ്ത പോലെയാണ്, സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ പരിശീലകൻ ഡിയേഗോ സിമിയോണി മത്സരതന്ത്രം മെനഞ്ഞത്. പ്രതിരോധ ഫുട്ബോളിലെ പ്രശസ്തമായ ‘ബസ് പാർക്കിങ്’ ശൈലിയിൽ അത്‌ലറ്റിക്കോ താരങ്ങൾ ഗോൾമുഖത്തു മതിൽകെട്ടി നിന്നു. കളിയുടെ 71% സമയത്തും പന്ത് സിറ്റി താരങ്ങളുടെ കാലിലായിരുന്നിട്ടും അത്‌ലറ്റിക്കോ ഗോൾ വഴങ്ങിയില്ല.
എന്നാൽ, പകരക്കാരനായിറങ്ങിയ യുവതാരം ഫിൽ ഫോഡന്റെ ബുദ്ധിയിൽനിന്നാണ് വിജയഗോൾ പിറന്നത്. ഗ്രൗണ്ടിലിറങ്ങി ഒരു മിനിറ്റിനകം, കളിയുടെ 70–ാം മിനിറ്റിൽ ഫോഡൻ നൽകിയ പന്തു സ്വീകരിച്ച ഡിബ്രുയ്നെ അത്‌ലറ്റിക്കോ ഗോളി യാൻ ഒബ്ലാക്കിനെ മറികടന്ന് ലക്ഷ്യം കണ്ടു (1–0). 2–ാം പാദം അത്‌ലറ്റിക്കോയുടെ മൈതാനത്തായതിനാൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയുടെ നില സുരക്ഷിതമല്ല.
ചെമ്പടമേളം
പോർച്ചുഗലിലെ ലിസ്ബണിൽ കളി നേരേ തിരിച്ചായിരുന്നു. തികച്ചും ഏകപക്ഷീയമായ ആക്രമണത്തിലാണ് ലിവർപൂൾ ആതിഥേയരായ ബെൻഫിക്കയെ മുക്കിക്കളഞ്ഞത്. ഫ്രഞ്ച് ഡിഫൻഡർ ഇബ്രാഹിമ കോനാട്ടെ (17), സെനഗൽ സ്ട്രൈക്കർ സാദിയോ മാനെ (34), പോർച്ചുഗീസ് താരം ലൂയിസ് ഡയസ് (87) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. ഡാർവിൻ ന്യൂനസ് (49) ബെൻഫിക്കയുടെ മറുപടി ഗോളിനുടമയായി.
English Summary: Champions League quarter-final: Liverpool and Manchester City Wins