ADVERTISEMENT

ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗിൽ ‘സ്പാനിഷ് വസന്തം’. ക്വാർട്ടർ പോരാട്ടങ്ങളുടെ ആദ്യ പാദത്തിൽ സ്പാനിഷ് ക്ലബ്ബുകളായ റയൽ മഡ്രിഡും വിയ്യാ റയലും ജയിച്ചു കയറി. കരുത്തൻമാരുടെ പോരാട്ടത്തിൽ റയൽ മഡ്രിഡ് എതിരാളികളുടെ തട്ടകത്തിൽ നിലവിലെ ചാംപ്യൻമാരായ ചെൽസിയേയും വിയ്യാ റയൽ സ്വന്തം തട്ടകത്തിൽ ജർമൻ വമ്പൻമാരായ ബയണ്‍ മ്യൂണിക്കിനെയും വീഴ്ത്തി.

ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ചെൽസിക്കെതിരെ റയലിന്റെ വിജയം. റയലിനായി ഫ്രഞ്ച് താരം കരിം ബെൻസേമ ഹാട്രിക്കുമായി തിളങ്ങി. അവസരങ്ങൾ പാഴാക്കിയ വിയ്യാ റയൽ, ഏകപക്ഷീയമായ ഒരു ഗോളിനാണ് ബയണിനെ മറികടന്നത്. രണ്ടാം പാദ മത്സരങ്ങൾ ഈ മാസം 12ന് നടക്കും.

∙ ബെൻസേമ, റയൽ

‌ചാംപ്യൻസ് ലീഗ് കിരീടം നിലനിർത്താനുള്ള നിലവിലെ ചാംപ്യൻമാരായ ചെൽസിയുടെ പ്രതീക്ഷകൾക്കുമേൽ വെള്ളിടിയായി ഫ്രഞ്ച് താരം കരിം ബെൻസേമ. ഹാട്രിക്കുമായി സൂപ്പർതാരം മിന്നിത്തിളങ്ങിയ ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പാദത്തിൽ ചെൽസിയെ വീഴ്ത്തി സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡ് സെമിയിലേക്ക് ആദ്യ കാൽവച്ചു. ചെൽസിയുടെ തട്ടകമായ സ്റ്റാഫോഡ് ബ്രിജിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയലിന്റെ ജയം. നിർണായകമായ രണ്ടാം പാദം റയലിന്റെ തട്ടകത്തിൽ ഈ മാസം 12ന് നടക്കും.

real-madrid-save
ചെൽസി താരം അസ്‌‌പി‌ലിക്വേറ്റയുടെ ഗോൾശ്രമം തടയുന്ന റയൽ ഗോൾകീപ്പർ

ആവേശകരമായ മത്സരത്തിന്റെ 21, 24, 46 മിനിറ്റുകളിലായാണ് ബെൻസേമ ഹാട്രിക്ക് നേടിയത്. ആദ്യപകുതിയിൽ മൂന്ന് മിനിറ്റിനിടെ ഹെഡറിലൂടെ നേടിയ ഇരട്ടഗോളുകളോടെയാണ് ബെൻസേമ ഗോൾവേട്ട തുടങ്ങിയത്. പ്രീക്വാർട്ടറിൽ കരുത്തരായ യുവെന്റസിനെതിരെയും ഹാട്രിക്ക് നേടി ഞെട്ടിച്ച മുപ്പത്തിനാലുകാരനായ ബെൻസേമ, അതേ മികവു പുറത്തെടുത്താണ് ആദ്യപാദ ക്വാർട്ടറിൽ ചെൽസിയെ വീഴ്ത്തിയത്. ചെൽസിയുടെ ആശ്വാസഗോൾ 40–ാം മിനിറ്റിൽ കയ് ഹാവെർട്സ് നേടി. ചെൽസിക്കൊപ്പം ഇംഗ്ലിഷ് പ്രിമിയർ ലീഗും എഫ്എ കപ്പും നേടി ‘ഡബിൾ’ തികച്ചിട്ടുള്ള റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് പഴയ തട്ടകത്തിലേക്കുള്ള തിരിച്ചുവരവ് മധുരമൂറുന്ന അനുഭവമായി.

∙ ബയണിന് ‘ഭാഗ്യം’

മറ്റൊരു മത്സരത്തിൽ കരുത്തരായ ബയൺ മ്യൂണിക്കിനെ സ്പാനിഷ് ക്ലബ് വിയ്യാ റയൽ അട്ടിമറിച്ചു. സ്വന്തം തട്ടകത്തിലെ ആദ്യപാദത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് വിയ്യാറയലിന്റെ വിജയം. എട്ടാം മിനിറ്റിൽ അർനൗട്ട് ഡൻജൂമയാണ് വിയ്യാ റയലിന്റെ വിജയഗോൾ നേടിയത്. തോൽവിഭാരം ഒരു ഗോളിലൊതുങ്ങിയതിൽ ബയണിന് ആശ്വസിക്കാം. വിയ്യാറയലിനായി ഫ്രാൻസിസ് സോക്വെലിൻ നേടിയ ഗോൾ റഫറി അനുവദിക്കാതിരുന്നത് തിരിച്ചടിയായി. ജെറാർഡ് മൊറേനോയുടെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിക്കുകയും ചെയ്തു. 2017നു ശേഷം ഇതാദ്യമായാണ് ചാംപ്യൻസ് ലീഗിൽ എതിരാളികളുടെ തട്ടകത്തിൽ ബയൺ തോൽവി വഴങ്ങുന്നത്.

villa-real-goal
ബയണിനെതിരെ വിയ്യാ റയലിന്റെ ഗോൾ (ട്വിറ്റർ ചിത്രം)

പ്രീക്വാർട്ടറിൽ ഇറ്റാലിയൻ വമ്പൻമാരായ യുവെന്റസിനെ വീഴ്ത്തിയ വിയ്യാ റയൽ, ബയണിനെതിരായ ക്വാർട്ടറിന്റെ ആദ്യ പാദത്തിലും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഈ സീസണിൽ ബയണിനായി 51 ഗോളടിച്ച ബയണിന്റെ പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയെ കടുകിട അനങ്ങാൻവിടാതെ പൂട്ടിയ വിയ്യാ റയൽ പ്രതിരോധമാണ് വിജയം പിടിച്ചുവാങ്ങിയത്. അതേസമയം, ഏപ്രിൽ 12ന് നടക്കുന്ന രണ്ടാം പാദം സ്വന്തം തട്ടകത്തിലാണെന്നത് ബയണിന് അനുകൂല ഘടകമാണ്.

English Summary: Unstoppable Benzema leads Real Madrid past Chelsea as Villarreal stun Bayern

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com