ആവേശത്തിന്റെ ഈ ഗാലറിയിൽ എല്ലാവരും വേണം !
Mail This Article
മലപ്പുറത്തും മഞ്ചേരിയിലും സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നു. പിന്നാലെ കൊച്ചിയിലേക്ക് ഐഎസ്എൽ ഫുട്ബോൾ മടങ്ങി വരുന്നു. കേരളത്തിന്റെ ആവേശമായ സ്കൂൾ കായികമേളകൾ മുതൽ ഒട്ടേറെ കായികമത്സരങ്ങൾ നടക്കാനിരിക്കുന്നു. പക്ഷേ ആവേശപൂർവം ഈ മത്സരങ്ങളെല്ലാം കാണാൻ ഭിന്നശേഷിക്കാരനായ ഒരു കായിക പ്രേമിക്കു കഴിയുമോ? അതിനുള്ള സൗകര്യങ്ങൾ നമ്മുടെ സ്റ്റേഡിയങ്ങളിലുണ്ടോ?
തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് കേരളത്തിന്റെ അഭിമാനമാണ്. വിവിധ കായിക മത്സരങ്ങൾക്കു വേദിയാകാവുന്ന മൾട്ടി പർപ്പസ് സ്റ്റേഡിയം എന്നതു കൊണ്ടു മാത്രമല്ല, മനസ്സിൽ കായികാവേശമുള്ള എല്ലാ ആരാധകർക്കും കയറിയിരിക്കാവുന്ന കളിക്കളം എന്ന നിലയിൽ കൂടിയാണിത്. അതായത് ഭിന്നശേഷിക്കാരായ ആരാധകർക്കു വരെ ഗാലറിയിലിരുന്നു കളി കാണാം. ഇവിടെ സ്റ്റേഡിയത്തിന്റെ രണ്ടു ഗാലറിയിലേക്ക് വീൽ ചെയർ എത്തിക്കാവുന്ന റാംപ് ഉണ്ട്. അതിൽ ഒരു ഗാലറിയിൽ 5 പേർക്കു വരെ വീൽചെയറുകളിലിരുന്നു കളി കാണാനുള്ള സൗകര്യവുമുണ്ട്.
എന്നാൽ കാര്യവട്ടം ഇക്കാര്യത്തിൽ കേരളത്തിൽ ‘ഒറ്റയാനാണ്’. പൂർണമായും ഭിന്നശേഷി സൗഹൃദമായ മറ്റൊരു ഔട്ട്ഡോർ സ്റ്റേഡിയവും കേരളത്തിലില്ല എന്നതാണ് സത്യം.
ഇൻഡോർ സ്റ്റേഡിയങ്ങളിൽ കൊച്ചിയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം പൂർണമായും ഭിന്നശേഷി സൗഹൃദമാണ്. പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ മത്സരങ്ങൾക്ക് ആരാധകർ നിറഞ്ഞു കവിയാറുള്ള കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ പരിമിതമാണ്.
സന്തോഷ് ട്രോഫി: ഭിന്നശേഷിക്കാർക്ക് പ്രത്യേക സംവിധാനം
സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാംപ്യൻഷിപ്പിന്റെ പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക ഇരിപ്പിട സംവിധാനം ഒരുക്കും. കായിക മന്ത്രി വി. അബ്ദുറഹിമാന്റെ പ്രത്യേക നിർദേശപ്രകാരം സംഘാടക സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടവർ സ്‌റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് മുമ്പായി 9847608088 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. തിരക്കുള്ള ദിവസങ്ങളിൽ കഴിവതും നേരത്തേ സ്റ്റേഡിയത്തിൽ എത്തിച്ചേരണം. ഗ്യാലറി ടിക്കറ്റ് എടുത്ത ഭിന്നശേഷിക്കാരനും കൂടെ ഒരാൾക്കും സ്റ്റേഡിയത്തിലെ കസേര എൻട്രിയിലൂടെ സ്റ്റേഡിയത്തിന് അകത്തേക്കു കയറാം.
തിരുവനന്തപുരം
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയം, സെൻട്രൽ സ്റ്റേഡിയം, പ്രധാന ഇൻഡോർ സ്റ്റേഡിയങ്ങളിൽ കായിക വകുപ്പിനു കീഴിലുള്ള ജിമ്മി ജോർജ് സ്റ്റേഡിയം, സ്പോർട്സ് കൗൺസിലിന്റെ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം എന്നിവിടങ്ങിലൊന്നും റാംപ്, ലിഫ്റ്റ് സൗകര്യങ്ങളില്ല.
കൊല്ലം
കൊല്ലം ജില്ലയിൽ 2 സ്റ്റേഡിയങ്ങളും; ലാൽ ബഹാദൂർ സ്റ്റേഡിയവും ന്യൂ ഹോക്കി സ്റ്റേഡിയവും ഭിന്നശേഷി സൗഹൃദമല്ല.
പത്തനംതിട്ട
ജില്ലാ സ്റ്റേഡിയത്തിലും തിരുവല്ല നഗരസഭ പബ്ലിക് സ്റ്റേഡിയത്തിലും ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള സൗകര്യങ്ങളെന്നല്ല, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല.
കോട്ടയം
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ടാം നിലയിലെ മത്സരവേദിയിലേക്കു റാംപ് സൗകര്യമുണ്ട്. പാലാ നഗരസഭാ സ്റ്റേഡിയത്തിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സ്വിമ്മിങ് പൂൾ അടക്കമുള്ള ഭാഗത്തേക്കു ഭിന്നശേഷിക്കാർക്ക് എത്താൻ സാധിക്കില്ല.
എറണാകുളം
കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ റാംപുണ്ടെങ്കിലും ഇവ ഭിന്നശേഷിക്കാരുടെ ഉപയോഗത്തിനു കാര്യമായി പ്രയോജനപ്പെടില്ല. മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ റാംപോ അനുബന്ധ സൗകര്യങ്ങളോ ഇല്ല.
തൂശൂർ
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലേക്ക് വീൽചെയറിൽ എത്താൻ കഴിയും. പക്ഷേ, പവിലിയനിലേക്കു കയറാൻ റാംപില്ല. വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയവും ഭിന്നശേഷി സൗഹൃദമല്ല.
പാലക്കാട്
ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലും നിർമാണം പൂർത്തിയാകാത്ത ഇൻഡോർ സ്റ്റേഡിയത്തിലും ഭിന്നശേഷിക്കാർക്കു കളി കാണാനുളള സംവിധാനങ്ങളൊന്നുമില്ല.
മലപ്പുറം
കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ പ്രവേശിക്കാൻ റാംപ് ഇല്ലെങ്കിലും സ്റ്റേഡിയത്തിൽ പ്രവേശിക്കാനും ഗാലറിയുടെ മുൻനിരയിൽ ഇരിക്കാനും റാംപ് ആവശ്യമില്ല.
കോഴിക്കോട്
പ്രധാന സ്റ്റേഡിയങ്ങളായ ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയം, ഗവ.മെഡിക്കൽ കോളജ് സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽ ഭിന്നശേഷിക്കാർക്കായി സൗകര്യങ്ങളില്ല.
കണ്ണൂർ
കണ്ണൂർ ജില്ലയിലെ സ്റ്റേഡിയങ്ങളൊന്നും ഭിന്നശേഷി സൗഹൃദമല്ല. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലേക്കു പ്രവേശിക്കാൻ റാംപ് ഉണ്ട്. പക്ഷേ, ഗാലറിയിൽ എത്താൻ സംവിധാനമില്ല. കണ്ണൂർ, ജവാഹർ സ്റ്റേഡിയവും കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയവും ഭിന്നശേഷി സൗഹൃദമല്ല. തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഗാലറികളില്ല.
English Summary: Disabled Friendly stadiums kerala