ADVERTISEMENT

മാഞ്ചസ്റ്റർ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിന്റെ ആദ്യ പാദ സെമിഫൈനലില്‍ ‘ഗോൾമഴ’യ്‌ക്കൊടുവിൽ റയല്‍ മഡ്രിഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽ നടന്ന ആദ്യ പാദ പോരാട്ടത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. കെവിൻ ഡിബ്രൂയ്‌നെ (2), ഗബ്രിയേൽ ജെസ്യൂസ് (11), ഫിൽ ഫോഡൻ (53), ബെർണാർഡോ സിൽവ (74) എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്. റയലിനായി കരിം ബെൻസേമ ഇരട്ടഗോൾ നേടി. 33, 82 (പെനൽറ്റി) മിനിറ്റുകളിലാണ് ബെൻസേമയുടെ ഗോളുകൾ. വിനീസ്യൂസ് ജൂനിയറിന്റെ (55) വകയാണ് മൂന്നാം ഗോൾ.

കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ കെവിൻ ഡിബ്രൂയ്നെ സിറ്റിയെ മുന്നിലെത്തിച്ചു. റിയാദ് മെഹ്റെസിന്റെ തകർപ്പൻ ക്രോസിന് തലകൊണ്ടു ഗോളിലേക്കു വഴികാട്ടുകയായിരുന്നു ഡിബ്രൂയ്നെ. 11–ാം മിനിറ്റില്‍ ഗബ്രിയേൽ ജെസ്യൂസിലൂടെ സിറ്റി ലീഡ് ഉയർത്തി. കെവിൻ ഡിബ്രൂയ്നെയുടെ അസിസ്‌റ്റ്. 2–0. മൂന്നാം ഗോൾ നേടാൻ ലഭിച്ച മികച്ച ഒരവസരം മെഹ്‌റസ് പാഴാക്കിയതിനുപിന്നാലെ സിറ്റി ഗോൾ വഴങ്ങി. റയലിനായി 33–ാം മിനിറ്റിൽ വല കുലുക്കിയത് സൂപ്പർതാരം കരീം ബെന്‍സേമ.

ഒന്നാം പകുതിയുടെ ആവർത്തനം തന്നെയായിരുന്നു രണ്ടാം പകുതി. 53–ാം മിനിറ്റില്‍ ഫില്‍ ഫോഡന്‍ ക്ലോസ് റേഞ്ചറിൽനിന്ന് ഹെഡറിലൂടെ തിബോ കുർട്ടോയെ കീഴടക്കി സിറ്റിയുടെ ലീഡ് 3–1 ആക്കി ഉയര്‍ത്തി. രണ്ടു മിനിറ്റിനുള്ളില്‍ വിനീസ്യൂസ് ജൂനിയറിലൂടെ വീണ്ടും റയല്‍ തിരിച്ചടിച്ചു. തകർപ്പൻ സോളോ റണ്ണിനൊടുവിൽ സിറ്റി പ്രതിരോധം ഛിന്നഭിന്നമാക്കി വിനിസ്യൂസ് ലക്ഷ്യം കണ്ടു. 74–ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയുടെ തകര്‍പ്പന്‍ ഗോളില്‍ സിറ്റി വീണ്ടും രണ്ടു ഗോളിന്‍റെ ലീഡെടുത്തു.

ഇതിനിടെ സ്വന്തം ബോക്സിനുള്ളിൽ പന്ത് രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിൽ 88–ാം മിനിറ്റില്‍ ലപോര്‍ട്ടയുടെ ഹാന്‍ഡ്ബോള്‍. റയലിന് അനുകൂലമായി പെനല്‍റ്റി. സിറ്റിയുടെ ലീഡ് ഒന്നായി കുറച്ച് കരിം ബെന്‍സേമയുടെ പനേങ്ക കിക്ക് സിറ്റിയുടെ വലയില്‍. പിന്നീട് സമനില ഗോളിനായി റയല്‍ പൊരുതിയെങ്കിലും സിറ്റിയുടെ കൂട്ടായ മികവിന് മുന്നില്‍ അത് ഫലംകണ്ടില്ല. നിരവധി സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയ സിറ്റി ഒടുവിൽ ഒരു ഗോളിന് ജയിച്ചു കയറി. അടുത്ത മാസം അഞ്ചിന് റയലിന്‍റെ ഹോം ഗ്രൗണ്ടിലാണ് രണ്ടാംപാദ സെമി.

English Summary: Manchester City edge Real Madrid in 4-3 UEFA chapions league thriller

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com